മണര്‍കാട്: മണര്‍കാട് കവലയില്‍ വാഹനത്തില്‍ എത്തിയാല്‍ ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ അനങ്ങണമെങ്കില്‍ നേരമേറെ കാത്തുകിടക്കണം. വൈകുന്നേരം ഇവിടെയെത്തിയാല്‍ പെട്ടുപോകും. ഒരു മണിക്കൂറോളം ഗതാഗതക്കുരുക്കില്‍ കിടന്നശേഷമാണ് കഴിഞ്ഞ ദിവസം രാത്രി വാഹനയാത്രികര്‍ക്ക് കടന്നുപോകാന്‍ സാധിച്ചത്.
മുന്നൊരുക്കങ്ങള്‍ ഒന്നും കൂടാതെ ബൈപ്പാസ് നിര്‍മാണം ആരംഭിച്ചതാണ് ഗതാഗതക്കുരുക്കിന് കാരണമായി പറയപ്പെടുന്നത്. വണ്‍വേ ബൈപ്പാസ് റോഡ് അറ്റകുറ്റപ്പണിക്കായി അടച്ചതോടെയാണ് ഗതാഗതക്കുരുക്ക് രൂക്ഷമായത്. ഇവിടുത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഒരുകാലത്തും അവസാനിക്കുന്നില്ലെന്ന ആക്ഷേപവും പൊതുജനങ്ങളില്‍ നിന്ന് ഉയരുന്നുണ്ട്. വണ്‍വേ ബൈപ്പാസ് റോഡ് പ്രവേശന ഭാഗവും പഴയ കെകെ റോഡ് ഭാഗവും ചെളി നിറഞ്ഞും കുഴി നിറഞ്ഞും തകര്‍ന്നതിനെത്തുടര്‍ന്നാണ് അറ്റകുറ്റപ്പണികള്‍ക്കായി റോഡ് അടച്ചത്. അടുത്തകാലത്താണ് റോഡ് നവീകരിച്ചത്. അതും തകര്‍ന്നു. നേരത്തെ ഉണ്ടായിരുന്ന രീതിയില്‍ ബസ് സ്റ്റാന്‍ഡ് കവാടത്തിലൂടെ പ്രവേശിച്ചാണ് നിലവില്‍ വാഹനങ്ങള്‍ കടന്നുപോകുന്നത്. കോട്ടയത്തുനിന്ന് കിഴക്കന്‍ മേഖലയിലേക്ക് പോകുന്ന വാഹനങ്ങളും പാലാ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങളും സ്റ്റാന്‍ഡിലേക്ക് എത്തുന്നതാണ് കുരുക്കിന് കാരണം.
കുഴികളും കല്ലുകളും നിറഞ്ഞ റോഡിലൂടെയുള്ള യാത്ര അപകടം നിറഞ്ഞതുമാണ്. ഇരുചക്രവാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ വീഴുന്നതും അപകടത്തില്‍പ്പെടുന്നതും പതിവാണ്. യുദ്ധകാലാടിസ്ഥാനത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കി ജനങ്ങളുടെ ബുദ്ധിമുട്ട് ഉടന്‍ പരിഹരിക്കണമെന്ന് ബിജെപി മണര്‍കാട് പഞ്ചായത്ത് പ്രസിഡന്റ് പി.ബി. രതീഷ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: