കോട്ടയം: ഹമാസ് ഭീകരര്‍ 200 പേരെ വധിച്ച സ്ഥലത്തു നിന്ന് തലനാരിഴയ്‌ക്ക് ജീവന്‍ തിരിച്ചുകിട്ടിയവരാണ് കോട്ടയം എരുവ സ്വദേശി മീരയും കണ്ണൂര്‍ കീഴ്പ്പള്ളി സ്വദേശി സബിതയും. തോക്കിന്‍മുനയില്‍ മണിക്കൂറുകളാണ് നിന്നതെന്നും അവര്‍ ഭീതിയോടെ പറയുന്നു.
യൂട്യൂബില്‍ അവര്‍ പങ്കുവച്ച വീഡിയോയില്‍ നിന്ന്:
ഇസ്രായേല്‍ ഗാസ അതിര്‍ത്തിയിലെ കിബൂസ് നിയറോസ് എന്ന സ്ഥലത്താണ് തങ്ങള്‍ ജോലി ചെയ്തിരുന്നതെന്ന് മീരയും സബിതയും പറഞ്ഞു. ശനിയാഴ്ചത്തെ ആക്രമണത്തില്‍ കിബൂസ് നിയറോസ് പൂര്‍ണമായും തകര്‍ന്നു. ഇപ്പോള്‍ ഞങ്ങള്‍ നോക്കുന്ന പ്രായമായവരെയും കൊണ്ട് ഒരു െകയര്‍ഹോമിലാണ്.
ശനിയാഴ്ച രാവിലെ ഏഴരയോടെയാണ് ഭീകരര്‍ ഞങ്ങെള ആക്രമിച്ചത്. കിബൂസിലുള്ള ഒത്തിരി പേരെ അവര്‍ കൊന്നു. കുട്ടികളടക്കം കുറേ പേരെ അവര്‍ കടത്തിക്കൊണ്ടുപോയി. ഞങ്ങളുടെ കമ്മ്യൂണിറ്റിയില്‍ 400 ഓളം പേരാണ് ഉണ്ടായിരുന്നത്. അതില്‍ 200 പേരേ അവശേഷിക്കുന്നുള്ളൂ. ഗാസയില്‍ നിന്ന് ഞങ്ങള്‍ താമസിച്ചിരുന്ന സ്ഥലത്തേക്ക് വെറും രണ്ടു കിലോമീറ്റര്‍ മാത്രമേ ഉള്ളൂ. വെന്റിലേറ്ററില്‍ കഴിയുന്ന രോഗിയെ നോക്കാന്‍ ഞങ്ങള്‍ രണ്ടു പേര്‍ ഉണ്ട്. മൂന്നു ഷിഫ്റ്റായിട്ടാണ് ജോലി. രാവിലെ ആറു മണിക്ക് ഒരു ഷിഫ്റ്റ് കഴിയും. ഞാന്‍ ഡ്യൂട്ടിയില്‍ നിന്ന് ഇറങ്ങാന്‍ പോകുമ്പോള്‍ മീര ഡ്യൂട്ടിയില്‍ കയറാന്‍ വന്നു. അപ്പോഴാണ് സയറണ്‍ മുഴങ്ങിയത്. ഇതു കേട്ട്, ഞങ്ങള്‍ മുറിയില്‍ കയറി സുരക്ഷതിമായി ഇരുന്നു. ഏഴരയോടെ വാതില്‍ തല്ലിപ്പൊളിക്കുന്ന ശബ്ദം കേട്ടു. അപ്പോഴേക്കും ഓണ്‍ലൈനില്‍ വന്ന, അവിടുത്തെ അമ്മച്ചിയുടെ മകളാണ് ഞങ്ങളെ സഹായിച്ചത്. അവരുടെ നിര്‍ദേശപ്രകാരമാണ് ഞങ്ങള്‍ എല്ലാം ചെയ്തത്. രാവിലെ ഏഴര മുതല്‍ ഉച്ചയ്‌ക്ക് ഒരു മണിവരെ ഞങ്ങള്‍ ഭീകരരുമായുള്ള പോരാട്ടത്തിലായിരുന്നു. അവര്‍ വാതില്‍ പുറത്തുനിന്ന് തുറക്കാന്‍ ശ്രമിക്കുന്നു, തുറക്കാതിരിക്കാന്‍ ഞങ്ങളെക്കൊണ്ട് കഴിയുന്നതെല്ലാം ഞങ്ങള്‍ ചെയ്തു.
അറിയാവുന്ന പ്രാര്‍ഥനകള്‍ എല്ലാം ചൊല്ലി. രാത്രി 7 വരെ ഞങ്ങള്‍ അതിന്റെയുള്ളില്‍ കഴിച്ചുകൂട്ടി. അപ്പോഴേക്കും ഇസ്രായേല്‍ സൈന്യം കിബൂസില്‍ വന്നതായി അറിഞ്ഞു. പുറത്ത് ഒച്ചകേള്‍ക്കുന്നുണ്ടായിരുന്നു. പക്ഷെ എന്താണ് നടക്കുന്നതെന്ന് അറിഞ്ഞില്ല. പുറത്തിറങ്ങിയപ്പോഴാണ് വീട് പൂര്‍ണമായും തകര്‍ന്നുവെന്ന് മനസിലായത്. സകലതും അവര്‍ എടുത്തുകൊണ്ടുംപോയി. കൊണ്ടുപോകാന്‍ പറ്റാത്തതെല്ലാം നശിപ്പിച്ചു. മീരയുടെ പാസ്‌പോര്‍ട്ട് വരെ എടുത്തു. ഞങ്ങള്‍ തയാറാക്കിവച്ചിരുന്ന എമര്‍ജന്‍സി ബാഗ് വരെ കൊണ്ടുപോയി. സ്വര്‍ണം, പണം എല്ലാം… ഞങ്ങള്‍ താമസിച്ചിരുന്നതിനടുത്ത് അഞ്ചു വീടുകളാണ് ഉണ്ടായിരുന്നത്. ആ വീടുകളില്‍ ഒരൊറ്റയാളുപോലും ഇപ്പോഴില്ല. പലരെയും കൊന്നു. ചിലരെ തട്ടിക്കൊണ്ടുപോയി. ജീവിതത്തില്‍ ഇനി നാടു കാണാന്‍ പറ്റുമെന്ന് കരുതിയില്ല. ഞങ്ങളുടെ ജീവനുപരി ഞങ്ങെള ഏല്‍പ്പിച്ച രണ്ടു ജീവനുകളുണ്ട്. അവരുടെ ജീവന്‍ കൂടി സംരക്ഷിക്കേണ്ടതുണ്ടല്ലോ എന്ന് വിചാരിച്ചപ്പോള്‍, പുറത്ത് സൈന്യം.. അപ്പോള്‍ ഒറ്റക്കരച്ചിലായിരുന്നു. സൈന്യമാണ്. നിങ്ങളെ രക്ഷപ്പെടുത്താന്‍ വന്നതാണ്. വാതില്‍ തുറക്കൂയെന്ന് അവര്‍ ഇംഗഌഷില്‍ പറഞ്ഞു. അപ്പോള്‍ മകള്‍ പറഞ്ഞു, സൈന്യമല്ല വാതില്‍ തുറക്കരുത് എന്ന്. അത് സൈന്യമായിരുന്നില്ല. പിന്നീട് ക്രൂര തയുടെ അങ്ങേയറ്റമാണ് കണ്ടത്. അവര്‍ മനുഷ്യരുടെ കഴുത്തറുത്തിട്ടു. നിങ്ങള്‍ സേഫ് അല്ല, പോകണമെന്ന് ഇസ്രായേല്‍ സര്‍ക്കാര്‍ പറയും വരെ ഞങ്ങള്‍ ഇവിടെത്തന്നെ ഉണ്ടാകും. മീരയും സബിതയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: