ജ്ഞാനവാസിഷ്ഠത്തിലൂടെ
ദേവപൂജോപാഖ്യാനം
വസിഷ്ഠമഹര്‍ഷി പറഞ്ഞു, ‘ശ്രീരാമചന്ദ്ര! ദേഹം ആഭാസം(തോന്നല്‍) മാത്രമാണ്. നേരായവിചാരമില്ലാത്തതുകൊണ്ട് ഇക്കാലം ഇതു ഞാനാണെന്ന് ഉള്ളില്‍ തോന്നീടുന്നുവെന്നു നീ ചിന്തിക്കുക. അസ്ഥിമാംസാദികളെച്ചേര്ത്ത് നിര്മ്മിച്ചിട്ടുള്ളതാകുന്ന ഈ ശരീരം ഞാനാണെന്നുള്ള വിഭ്രമം നീ കളയുക. സങ്കല്പത്താല് കല്പിതങ്ങളാകുന്ന ദേഹങ്ങള്‍ക്കു സംഖ്യയില്ല. സൗഖ്യമായി കിടക്കയില്‍ കിടന്നീടുമ്പോള് നീ സ്വപ്നത്തില്‍ പലദിക്കിലും നടന്നീടുന്നു. ശരീരം ഏതുദിക്കിലാണെന്നു ചിന്തിക്കുക. ജാഗ്രാവസ്ഥയില്‍ മനോരാജ്യത്തില്‍ മേരുവിലോ സ്വര്‍ഗ്ഗലോകത്തോ ചെല്ലുന്ന ദേഹം എങ്ങാകുന്നു? ദീര്‍ഘമായ സ്വപ്നമെന്നോ (സംസാരം)ചിന്തിക്കില്‍ ദീര്ഘമായീടുന്ന ഒരു ചിത്തവിഭ്രമമെന്നോ ദീര്‍ഘമാകുന്ന മനോരാജ്യമാണെന്നോ രാമ! തീര്ച്ചയാക്കുക വേണം. ഈ ജഗത്രയം സത്തുമല്ല അസത്തുമല്ല, ആഭാസം മാത്രമെന്നു ചിത്തത്തില്‍ ചിന്തിച്ചീടുക. എന്നിപ്രകാരം അന്യകലനാത്യാഗമായീടുന്ന ഇത് ‘സമ്യഗാലോകന’ എന്നു പറയപ്പെടുന്നു.
നിശ്ചയമായും മരിച്ചീടുകവേണം എന്നിരിക്കെ മരണംവന്നീടുമ്പോള് എന്തിനായി കരയുന്നു? ജനിച്ചാല്‍ നിശ്ചയമായും അല്പം സമ്പത്തുണ്ടാകും, ചിന്തിക്കില്‍ സമ്പത്തുണ്ടായാല്‍ എന്തിനാണ് അഹങ്കാരം? ശ്രീരാഘവ! പദാര്ത്ഥവര്ഗസമുദായത്തില് ഭേദബുദ്ധിയെ നീ ഉപേക്ഷിച്ച് നിത്യവും പ്രതിഭാസമാത്രത്തില് സകലാനുവൃത്തമായീടുന്ന സച്ചിന്മാത്രത്തെ കണ്ടുകൊള്‍ക. ആഭാസമാത്രമൊക്കെയും ചിത്താകുന്നു, അതിന്റെ സ്പര്‍ശം ദോഷമാണ്. അതുകൊണ്ട് അതിനെയും പെട്ടെന്ന് ത്യജിച്ച് രാഘവ! നിരാഭാസനായിട്ട് നീ വസിക്കുക. രാഗം, ദ്വേഷം എന്നു പേരായുള്ള രണ്ടു സര്‍പ്പങ്ങള്‍ പാരില്‍ ഏതൊരു പുരുഷന്റെ ചിത്തമാകുന്ന പൊത്തില്‍ കുടികൊള്ളുന്നില്ല, ഉത്തമോത്തമനായ അവനാകും കല്പകവൃക്ഷത്തിങ്കല്നിന്നു കിട്ടാത്തതായി നീരൂപിക്കില് എന്തോന്നുള്ളു? ശാസ്ത്രം പഠിച്ചു നന്നായി പ്രസംഗിക്കാന്‍ നല്ല നിപുണന്മാരായുള്ളോരാണെങ്കിലും ഭൂമിയില്‍ ബുദ്ധിമാനായുള്ളവന് ഞാനെന്നുള്ള ഗര്വമാര്ന്ന് എന്നും രാഗദ്വേഷന്മാരായി മര്ത്ത്യന്മാരെല്ലാം വര്‍ത്തിക്കുന്നു, അവര്‍ നല്ല കഴുതകളാണ്, അവരെ തൊട്ടുകൂടാ.
സങ്കല്പമാകുന്ന നാഭി(അച്ചുതണ്ട്)യെ നന്നായി തടുക്കുകില്‍ പിന്നെ സംസാരചക്രം തിരിഞ്ഞീടുകയില്ല. നാഭി ക്ഷോഭിക്കുന്നുവെങ്കില് സംസാരചക്രം പിന്നെ തടുത്താല്‍ നില്ക്കയില്ലെന്നതില് സംശയമില്ല. പൗരുഷം, പരം പ്രജ്ഞ, യുക്തി എന്നിവകളെ നല്ലവണ്ണം ആശ്രയിച്ചു സംസാരചക്രത്തിന്റെ നാഭിയായ മാനസത്തെ തടുക്കണം. ശാസ്ത്രം, പൗരുഷം, പ്രജ്ഞ, സൗജന്യം ഇവകളാല്‍ കിട്ടീടാത്തതൊന്നുമില്ലെങ്ങും. പാരമായി ഭയം വളര്‍ത്തുന്നതായി ചീത്തയായി ധീരതയല്പംപോലും ഇല്ലാതെയാക്കീടുന്ന ചിത്തമാകുന്ന ഭൂതത്തിനെ അടക്കീട്ട് എപ്രകാരം വര്‍ത്തിക്കുന്നുവോ അപ്രകാരം നീ സ്ഥിരനായി വര്‍ത്തിക്കുക. മാനസഭൂതബാധ ചേര്ന്നുവാണീടുന്ന മനുഷ്യനെ പാലിച്ചീടുവാന് ശാസ്ത്രങ്ങളും ബന്ധുക്കളും ആചാര്യന്മാരും അല്പവും മതിയാകയില്ലെന്നതിന് വാദമില്ല. മാനസഭൂതബാധവിട്ടു വാഴുന്ന മനുഷ്യനെ ഗുരുബാന്ധവന്മാരും പ്രശസ്തമായ ശാസ്ത്രങ്ങളും അല്പം ചെളിപുരണ്ട മാനിനെയെന്നപോലെ രക്ഷിപ്പാന്‍ മതിയാകും. ഭോഗങ്ങളെ ദൂരെയകറ്റി ജീവന്മുക്തനാകിയ ഗുരുവിന്റെ പാദസേവയോടും നന്നായി വിചാരണംചെയ്ത് എന്നും ഏകനായ തന്റെ ആത്മാവിനെ ആശ്രയിക്കുകവേണം. ചന്ദ്രചൂഡനായ മഹാദേവന് സംസാരദുഃഖശാന്തിക്കായി പണ്ട് എനിക്ക് ഉപദേശിച്ചുതന്നതായ നല്ല ആത്മജ്ഞാനോപായത്തെ ഞാനിപ്പോള്‍ നിന്നോട് പറയാം, നീ ശ്രദ്ധിച്ചു കേട്ടാലും.’
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: