ന്യൂദല്‍ഹി: സ്വവര്‍ഗ വിവാഹത്തിനു നിയമസാധുത തേടിയുള്ള ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി. പ്രത്യേക വിവാഹ നിയമം നിയമവിരുദ്ധമല്ലെന്നും നിയമം റദ്ദാക്കേണ്ടതില്ലെന്നും ഭൂരിപക്ഷ വിധി. അഞ്ചംഗ ഭരണഘടനാ ബെഞ്ചില്‍ മൂന്ന് പേര് വിയോജിച്ചതോടെയാണ് ഹര്‍ജി തള്ളിയത്. ചീഫ് ജസ്റ്റീസ് ഡി.വൈ.ചന്ദ്രചൂഡും ജസ്റ്റീസ് എസ്.കെ.കൗളും മാത്രമാണ് സ്വവര്‍ഗവിവാഹം അംഗീകരിക്കണമെന്ന ആവശ്യത്തോട് യോജിച്ചത്. ജസ്റ്റീസുമാരായ രവീന്ദ്ര ഭട്ട്, ഹിമ കോലി, പി.എസ്. നരസിംഹ എന്നിവര്‍ ഇതിനെതിരേ നിലപാടെടുക്കുകയായിരുന്നു.
ഹര്‍ജിയില്‍ നാല് വിധിന്യായങ്ങളാണ് ഉണ്ടായിരുന്നത്. സ്പെഷല്‍ മാരേജ് ആക്ടില്‍ മാറ്റം വരുത്തി സ്വവര്‍ഗവിവാഹം കൂടി അംഗീകരിക്കണമെന്ന ഹര്‍ജിക്കാരുടെ വാദത്തോട് യോജിച്ചുകൊണ്ടാണ് ചീഫ് ജസ്റ്റീസിന്റെ വിധി ന്യായം. പുരുഷനും സ്ത്രീയും തമ്മിലുള്ള വിവാഹത്തിന് മാത്രമാണ് നിയമസാധുതയെന്ന സ്പെഷല്‍ മാരേജ് ആക്ടിലെ സെക്ഷന്‍ നാല് ഭരണഘടനാവിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. അതിന്റെ പേരില്‍ സ്പെഷല്‍ മാര്യേജ് ആക്ട് കോടതിക്ക് റദ്ദാക്കാന്‍ കഴിയില്ല. നിയമത്തില്‍ മാറ്റം വേണോ എന്ന് തീരുമാനിക്കേണ്ടത് പാര്‍ലമെന്റാണെന്നും അദ്ദേഹം പറഞ്ഞു.
സ്വവര്‍ഗലൈംഗികത ഉന്നതവിഭാഗങ്ങളില്‍ ഒതുങ്ങി നില്‍ക്കുന്നതല്ലെന്ന് അദ്ദേഹം പറഞ്ഞു. ഇത് നഗര, വരേണ്യ സങ്കല്പമല്ല, തുല്യതയുടെ കാര്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാൽ ഇതിനോട് ജസ്റ്റിസ് എസ് രവീന്ദ്രഭട്ട് വിയോജിച്ചു. വ്യക്തിയുടെ അവകാശത്തിനുമപ്പുറത്തേക്ക് വിവാഹം എന്നത് ഒരു സാമൂഹിക കാര്യമാണ്. വിവാഹം ആചാരങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. ഇതുമായി ബന്ധപ്പെട്ട് വിവിധ വ്യക്തി നിയമങ്ങൾ ഉണ്ട്. ക്വീർ വ്യക്തികൾക്ക് പങ്കാളികളെ തെരഞ്ഞെടുക്കാം. എന്നാൽ അതിനുള്ള നിയമപരമായ അവകാശം നൽകാൻ ഭരണകൂടത്തിന് സാധിക്കില്ല. ഇക്കാര്യത്തിൽ ചീഫ് ജസ്റ്റിസിനോട് വിയോജിക്കുന്നുവെന്നും ജസ്റ്റിസ് ഭട്ട് വ്യക്തമാക്കി.
ചീഫ് ജസ്റ്റിസിനോട് ജസ്റ്റിസ് എസ്.കെ. കൗൾ അനുകൂലിച്ചു. സ്വവർഗ വിവാഹം ലൈംഗികതയ്ക്കു വേണ്ടി മാത്രമുള്ളതല്ല വൈകാരികമായ നിറവിനു വേണ്ടിയുള്ളതാണെന്ന് അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: