ടെല്‍അവീവ്: ഗാസ പിടിച്ചെടുക്കാന്‍ താത്പര്യമില്ലെന്നും എന്നാല്‍, ഹമാസിനെ ഇല്ലാതാക്കാന്‍ ആവശ്യമായതെല്ലാം ചെയ്യുമെന്നും ഇസ്രായേല്‍. ഗാസ പിടിക്കാനുള്ള ഇസ്രായേല്‍ നീക്കം അബദ്ധമാകുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ പ്രസ്താവനയ്ക്കു പിന്നാലെയാണ് നിലപാടു വ്യക്തമാക്കി ഐക്യരാഷ്ട്ര സഭയിലെ ഇസ്രായേല്‍ അംബാസഡര്‍ ഗിലാര്‍ഡ് എര്‍ദന്‍ രംഗത്തെത്തിയത്.
ഗാസ കീഴടക്കാനോ അവിടെ തുടരാനോ താത്പര്യമില്ല. നിലനില്‍പ്പിനായുള്ള പോരാട്ടത്തിലാണിപ്പോള്‍. അതിനുള്ള ഏകവഴി, ബൈഡന് പറഞ്ഞതുപോലെ ഹമാസിനെ ഇല്ലാതാക്കുകയാണ്. അവരുടെ ശക്തി ക്ഷയിപ്പിക്കാന് വേണ്ടതെല്ലാം സ്വീകരിക്കും, എര്‍ദന്‍ പറഞ്ഞു. ഹമാസിനെ ഇല്ലാതാക്കിയാല്‍ ഗാസ ആരു ഭരിക്കുമെന്ന ചോദ്യത്തിന്, യുദ്ധത്തിനു ശേഷമുള്ള ദിവസം എന്തു സംഭവിക്കുമെന്ന് ചിന്തിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, അതിര്‍ത്തി കടന്നുള്ള ആക്രമണമുണ്ടായാല്‍ അതിശക്തമായ പ്രത്യാക്രമണമുണ്ടാകുമെന്ന് ലബനന് സായുധ സംഘടനയായ ഹിസ്ബുള്ളയ്ക്ക് ഇസ്രായേല്‍ മുന്നറിയിപ്പു നല്കി. ഗാസ മുനമ്പിലെ ഇസ്രായേല്‍ ശ്രമങ്ങളെ വഴിതിരിച്ചു വിടാന്‍ ഇറാന്റെ നിര്‍ദേശത്തില്‍, അവരുടെ പിന്തുണയോടെ ഹിസ്ബുള്ള ആക്രമണം അഴിച്ചുവിടുകയാണ്. കഴിഞ്ഞ ദിവസം മാത്രം നിരവധി തവണ ലബനന് അതിര്‍ത്തിയില്‍ നിന്ന് മിസൈലാക്രമണമുണ്ടായി. വടക്കന്‍ അതിര്‍ത്തിയില്‍ സൈനിക വിന്യാസം വര്‍ധിപ്പിച്ചിട്ടുണ്ട്. തങ്ങള്‍ക്കെതിരായ നീക്കത്തില്‍ പ്രത്യാക്രമണമുണ്ടാകുമെന്നും ഐഡിഎഫ് വക്താവ് ഡാനിയല്‍ ഹഗാരി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: