സഞ്ചാരികളെ ബഹിരാകാശത്തേക്ക് എത്തിക്കുന്നതിനുള്ള ഐഎസ്ആർഒയുടെ ആദ്യ ദൗത്യമാണ് ഗഗൻയാൻ. ദൗത്യത്തിന്റെ ആദ്യ പരീക്ഷണം ഒക്ടോബർ 21-ന് നടക്കുമെന്ന് ഇസ്രോ നേരത്തെ അറിയിച്ചിരുന്നു. രാവിലെ ഏഴിനും ഒമ്പതിനും ഇടയിൽ പരീക്ഷണം നടത്തുമെന്ന് ഇസ്രോ വ്യക്തമാക്കി. ടിവി-ഡി1 എന്ന് പേരിട്ടിരിക്കുന്ന പരീക്ഷണ ദൗത്യത്തിന്റെ വിക്ഷേപണത്തിന് വേണ്ടി പേടകം സജ്ജമാണെന്നും ഇസ്രോ അറിയിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്നാകും വിക്ഷേപണം നടക്കുക.
അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിന് വേണ്ടി ഗഗൻയാൻ പ്രാപ്തമാണോ എന്ന് പരിശോധിക്കുന്നതിന് വേണ്ടിയാണ് ആദ്യ ഘട്ട പരീക്ഷണം നടക്കുന്നത്. ഗഗൻയാൻ ദൗത്യത്തിന്റെ സുപ്രധാന ദൗത്യങ്ങളിൽ ഒന്നാണ് ക്രൂ എസ്‌കേപ്പ് സിസ്റ്റം. എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങൾ നേരിടുകയാണെങ്കിൽ യാത്രികരെ തിരികെ എത്തിക്കുന്നതിനുള്ള സംവിധാനമാണിത്.
ഇതിന്റെ നിർണായക പരീക്ഷണ ദൗത്യമാണ് ടിവി-ഡി1. പ്രത്യേക വിക്ഷേപണ വാഹനത്തിൽ 17 കിലോമീറ്റർ ഉയരത്തിലാണ് ടിവി-ഡി1 ക്രൂ എസ്‌കേപ്പ് സിസ്റ്റം മൊഡ്യൂൾ എത്തിക്കുന്നത്. ശേഷം ശ്രീഹരിക്കോട്ടയിൽ നിന്നും 10 കിലോമീറ്റർ അകലെ ബംഗാൾ ഉൾക്കടലിൽ ഇറക്കും. ഇതിന് ശേഷം നാവികസേന സുരക്ഷിതമായി കരയിലെത്തിക്കും. ഗഗൻയാൻ ദൗത്യത്തിന് മുമ്പായി നാല് അബോർട്ട് മിഷനുകളാണ് ഐഎസ്ആർഒ നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: