ദേവീപ്രസാദം
ഭാരതത്തിന്റെ ദേശീയോത്സവമാണ് നവരാത്രി. ദേശഭേദത്താല്‍ ഈ മഹോത്സവത്തിന് പല പേരുകളാണ് ഉള്ളത്. ദസറ, ആയുധപൂജ, വിജയദശമി എന്നിങ്ങനെ. ഇതവയെല്ലാം തന്നെ തിന്മയുടെ മേല്‍ നന്മ നേടുന്ന വിജയോത്സവങ്ങള്‍. ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്കുള്ള പ്രയാണത്തെ നവരാത്രി അടയാളപ്പെടുത്തുന്നു. ഇച്ഛാശക്തിയുടേയും ജ്ഞാനശക്തിയുടേയും ക്രിയാശക്തിയുടെയും സര്‍ഗാത്മക ചൈതന്യത്തെ ഇത് സ്ഫുടം ചെയ്‌തെടുക്കുകയായി. കാലമെത്രയാകിലെന്ത്, നവരാത്രി നവോന്മേഷശാലിനി തന്നെ.
ശക്തിയോടു ചേരാതെ ഒന്നിനും ഈ പ്രപഞ്ചത്തില്‍ ചലിക്കാനാവില്ലെന്ന് ശ്രീശങ്കരാചാര്യര്‍ സൗന്ദര്യ ലഹരിയില്‍ സിദ്ധാന്തിക്കുന്നു. ഇവിടെയാണ് ശാക്തേയം പ്രസക്തമാവുന്നത്.
ഭാരതവര്‍ഷത്തില്‍ ‘ശക്തിപൂജ’ ആദ്യമായേര്‍പ്പെടുത്തത്തിയത് അയോധ്യാധിപനായിരുന്ന സുദര്‍ശനനാണെന്ന് ശ്രീമദ് ദേവീ ഭാഗവതത്തില്‍ സൂചനയുണ്ട്. പരാശക്തിക്ക് പരമപ്രാധാന്യം ഭക്തിപ്രസ്ഥാനത്തില്‍ ലഭിക്കുന്നു. ആസേതുഹിമാചലം ദേവി ആരാധിക്കപ്പെടുകയായി.
അണുപ്രപഞ്ചവും വിരാട് പ്രപഞ്ചവും ദേവീസാന്നിധ്യത്താല്‍ അനുഗ്രഹിക്കുന്നു. പരബ്രഹ്മവും പരാശക്തിയും രണ്ടല്ല, ഒന്നു തന്നെയെന്ന അഭേദകല്പനയിലാണ് ദേവീമഹിമ. ദുര്‍ഗ, ലക്ഷ്മി, സരസ്വതി എന്നീ നാമങ്ങളില്‍ മാതൃഭാവം, നാനാശക്തികളായി പ്രപഞ്ചത്തില്‍ പ്രവര്‍ത്തിക്കുന്നു.
ദുര്‍ഗ
പരമാത്മാവിന്റെ സര്‍വശക്തിസ്വരൂപിണിയാണ് ദുര്‍ഗാദേവി. ദുര്‍ഗുണങ്ങളെ ഈ ദേവി സംഹരിക്കുന്നു. തമോഗുണപ്രധാനം.
മഹാമായ മഹാകാളീ
മഹാമാരി ക്ഷുധാ തൃഷാ
നിദ്രാ തൃഷ്ണാചൈകവീരാ
കാളരാത്രിര്‍ ദുരത്യയാ
ദുര്‍ഗാഷ്ടമി നാളിലാണ് ദുര്‍ഗാദേവിക്ക് ആരാധന.
ലക്ഷ്മി
പരമാത്മാവിന്റെ ശുദ്ധസത്വസ്വരൂപിണിയാണ് ലക്ഷ്മീദേവി. സര്‍വപൂജ്യയും സര്‍വവന്ദ്യയുമാണ് ശ്രീലക്ഷ്മി.
മഹാലക്ഷ്മീരിതിഖ്യാതാ
മഹാശക്തിഃ പരാംബികാ
ദൈവീസമ്പത്തുക്കള്‍ക്കായി മഹാനവമിനാളില്‍, മഹാലക്ഷ്മിയെ ആരാധിക്കുന്നു. രജോഗുണപ്രധാനം.
സരസ്വതി
പരമാത്മാവിന്റെ സര്‍വാര്‍ഥജ്ഞാനസ്വരൂ
പിണിയാണ് സരസ്വതീദേവി. സത്വഗുണ പ്രധാനം.
മഹാമായാ മഹാവാണീ
ഭാരതീ വാക് സരസ്വതി
അജ്ഞാനത്തെ അകറ്റി, ജ്ഞാനത്താല്‍ അകക്കണ്ണു തുറപ്പിക്കുന്ന വിദ്യാസ്വരൂ
പിണിയായ സരസ്വതിയെ വിജയദശമി ദിനത്തില്‍ ആരാധിക്കുന്നു.
ഭാരതത്തിലെ പ്രശസ്ത ദേവീക്ഷേത്രങ്ങള്‍:
കൊല്‍ക്കത്ത: കാളീക്ഷേത്രം
കാശി: വിശാലാക്ഷി ക്ഷേത്രം
മധുര: മീനാക്ഷി ക്ഷേത്രം
കൊല്ലൂര്‍: ശ്രീമൂകാംബിക ക്ഷേത്രം
കന്യാകുമാരി: കുമാരീക്ഷേത്രം
കൊടുങ്ങല്ലൂര്‍: ഭദ്രകാളി ക്ഷേത്രം
കേരളത്തില്‍ ചെറുതും വലുതുമായി നൂറുകണക്കിന് ദേവീ ക്ഷേത്രങ്ങളാണുള്ളത്. ‘കാവ്’ എന്നവസാനിക്കുന്ന നാമങ്ങളുള്ള ദേശങ്ങളില്‍ നിശ്ചയമായും ഒരു അമ്മ ദൈവം ഉണ്ടായിരിക്കും. ഒരു പനമരത്തിന്റെയോ, പാലമരത്തിന്റെയോ ആല്‍മരത്തിന്റെയോ ചുവട്ടിലായിരിക്കണം ‘അമ്മവിഗ്രഹം’.
കാവിലെ പാട്ടുകള്‍ കൈരളിയുടെ അനര്‍ഘസമ്പത്താണ്. കേരളത്തിലെ ഫോക്‌ലോറിക്‌സിന് ഒരു പരിധി വരെ കാവിലെ പാട്ടും കലാരൂപങ്ങളാണ്. വിശിഷ്യാ കളമെഴുത്തും കോലരൂപങ്ങളും മറ്റും. നിരങ്കുശമായ, നിര്‍ലേപമായ കേവലഭക്തിയുടെ പ്രാഗ്രൂപങ്ങള്‍ നമ്മുടെ കാവുകളിലെ ദേവതാ സങ്കല്പവുമായി ബന്ധപ്പെട്ട് കാണാന്‍ കഴിയും.
ശൈവമോ, വൈഷ്ണവമോ, ശാക്തേയമോ ഏതുമാവട്ടെ ഒന്നാംസ്ഥാനത്ത്. ശൈവമോ, വൈഷ്ണവമോ ആവാം ഒരുപക്ഷെ. ശാക്തേയമെന്നും ചിലര്‍. ഭക്തജനങ്ങള്‍ തര്‍ക്കജീവികളാകരുത്. ‘വാദോനാലംബ്യ’ എന്ന് നാരദഭക്തിസൂത്രം. അതായത് അര്‍ഥശൂന്യമായ വിതദണ്ഡവാദങ്ങളെ ഭക്തര്‍ ആലംബിക്കരുത്.
കഥയെന്തുമാവട്ടെ, നാം ഒരു നവരാത്രിക്കാലം ദേവിക്കായി മാറ്റി വച്ചിരിക്കുന്നു. ആദരപൂര്‍വം പാഠവും പൊരുളുമറിഞ്ഞ്. പുഴ, മൂന്നുപേരുകളിലറിയപ്പെട്ടുകൊള്ളട്ടെ. പ്രവാഹം ഒന്നുമാത്രം. അതത്രെ അദൈ്വതം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: