അബുദാബി: യുഎഇയിൽ നിയമങ്ങൾ പാലിക്കാതെ പ്രവർത്തിച്ച 45 റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം അറിയിച്ചു. 2022 മുതൽ മന്ത്രാലയത്തിൽ നിന്ന് ആവശ്യമായ ലൈസൻസുകൾ നേടാതെ റിക്രൂട്ട്‌മെന്റിൽ ഏർപ്പെട്ടതിന് 45 സ്ഥാപനങ്ങളെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തതായിട്ടാണ് മാനവ വിഭവശേഷി എമിറേറ്റൈസേഷൻ മന്ത്രാലയം അറിയിച്ചത്.
കഴിഞ്ഞ ദിവസങ്ങളിൽ അൽഐനിൽ നടത്തിയ പരിശോധനയിൽ നാല് സ്ഥാപനങ്ങളെ നിയമം ലംഘിച്ചതിന് പിടികൂടിയതായി മന്ത്രാലയം വെളിപ്പെടുത്തി. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റിയുടെ ഡിപ്പാർട്ട്മെന്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് ഇൻ അൽ ഐൻ, അബുദാബിയിലെ സാമ്പത്തിക വികസന വകുപ്പ് അൽ ഐൻ ബ്രാഞ്ച് എന്നിവയുമായി സഹകരിച്ചാണ് പരിശോധന നടത്തിയത്.
പിടികൂടിയ നാല് സ്ഥാപനങ്ങൾക്കെതിരെയും മന്ത്രാലയം പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യുന്നത് ഉൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിച്ചു. കൂടാതെ, ഓരോ സ്ഥാപനത്തിനും 50,000 ദിർഹം വീതം പിഴയും ചുമത്തി. ഇതിനു പുറമെ ശിക്ഷാ നടപടികളുടെ ഭാഗമായി, ഈ സ്ഥാപനങ്ങൾ അടയ്‌ക്കുകയും ചെയ്തു. ഇത്തരം ഓഫീസുകളിൽ ജോലി ചെയ്തിരുന്നവർക്കായി താത്കാലിക താമസ സൗകര്യം ഒരുക്കുകയും ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവരെ മന്ത്രാലയത്തിന്റെ ഔദ്യോഗിക അംഗീകാരം ലഭിച്ച കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിക്കുകയും ചെയ്തു.
റിക്രൂട്ട്‌മെന്റ് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ലൈസൻസില്ലാത്ത സ്ഥാപനങ്ങളുമായുള്ള ഇടപാടുകൾ ഒഴിവാക്കേണ്ടതിന്റെ പ്രാധാന്യത്തെപ്പറ്റി മന്ത്രാലയം വ്യക്തമാക്കുന്നുണ്ട്. mohre.gov.ae എന്നതിലെ MOHRE വെബ്‌സൈറ്റ് സന്ദർശിച്ചോ അല്ലെങ്കിൽ മന്ത്രാലയം അംഗീകരിച്ച ഔദ്യോഗിക ചാനലുകൾ ഉപയോഗിച്ചോ ഈ കേന്ദ്രങ്ങൾ അംഗീകാരം നേടിയിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്ന് ജോലിയിൽ പ്രവേശിക്കുന്നവരോട് അധികൃതർ അറിയിച്ചു. നിയമവിരുദ്ധമായ റിക്രൂട്ട്‌മെന്റ് നടപടികൾ നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ മന്ത്രാലയത്തിന്റെ കോൾ സെന്ററിലെ 600590000 എന്ന നമ്പറിൽ റിപ്പോർട്ട് ചെയ്യാവുന്നതാണ്. ഇതിനു പുറമെ രാജ്യത്ത് സംയുക്ത പരിശോധന കാമ്പെയ്‌നുകൾ നടത്തുകയും റിക്രൂട്ട്‌മെന്റ് പ്രവർത്തനങ്ങൾ അംഗീകൃതമാണെന്ന് ഉറപ്പാക്കാൻ ഉദ്യോഗസ്ഥർ പ്രതിജ്ഞാബദ്ധരാണെന്നും മന്ത്രാലയം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: