തിരുവനന്തപുരം: വേളി പൊഴിക്കരയില്‍ നിര്‍ധന കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍മിച്ച് നല്കിയ വീടുകള്‍ അപകടഭീഷണിയാകുന്നു. കനത്ത മഴയില്‍ മൂന്ന് വീടുകള്‍ ഭാഗികമായി തകര്‍ന്നു. മറ്റുള്ളവ ഏത് നിമിഷവും നിലംപതിക്കാവുന്ന രീതിയിലാണ്. പൊഴിക്കര വാസികളായ ഷീജ, റാണി, പ്രിജു എന്നിവരുടെ വീടുകളാണ് ഭാഗികമായി തകര്‍ന്നത്. ഇവരുടെ വീടുകളുടെ മറ്റ് മുറികള്‍ മഴ കനത്താല്‍ തകരുമെന്ന നിലയിലാണ്.
നിര്‍ധനര്‍ക്കുളള കപട കാരുണ്യത്തിന്റെ മറവില്‍ നടത്തിയ തട്ടിക്കൂട്ട് നിര്‍മാണമാണ് തകര്‍ച്ചയ്ക്ക് കാരണമായിരിക്കുന്നത്. 55 വീടുകളാണ് നിര്‍ധന കുടുംബങ്ങള്‍ക്ക് ടൂറിസം വകുപ്പും നഗരസഭയും ചേര്‍ന്ന് നിര്‍മിച്ച് നല്‍കിയത്. എന്നാല്‍ ഇതെല്ലാം തന്നെ ഇപ്പോള്‍ തകര്‍ച്ചയുടെ വഴിവക്കിലാണ്. 2000 ലാണ് നിര്‍മാണം നടത്തിയത്. വേളി ടൂറിസ്റ്റ് വില്ലേജിന്റെ പ്രൗഢിയില്‍ പൊഴിക്കരയില്‍ ഓലക്കുടിലുകള്‍ വേണ്ടായെന്ന വിധത്തിലായിരുന്നു വിനോദ സഞ്ചാര വകുപ്പ് സെക്രട്ടറി നേതൃത്വം വഹിച്ച് വീടുകള്‍ നിര്‍മിച്ചത്.
ഒരു വീടിന് 45000 രൂപ നിര്‍മാണ ചെലവായി കണ്ടായിരുന്നു പദ്ധതിയുടെ ആവിഷ്കാരവും. എന്നാല്‍ നിര്‍മാണം പൂര്‍ത്തിയാക്കി മാസങ്ങള്‍ പിന്നിട്ടും മുമ്പേ കോണ്‍ക്രീറ്റ് മേല്‍ക്കൂരയില്‍ വിള്ളല്‍ വീണു. തുടര്‍ന്ന് ചുവരുകളിലും അത് ദൃശ്യമായി. ഇതോടെ മഴക്കാലത്ത് ചോര്‍ന്നൊലിക്കുന്നതും തുടര്‍ക്കഥയായി. ഇപ്പോള്‍ മേല്‍ക്കൂരയുടെ അടിഭാഗം പൂര്‍ണമായും തകര്‍ന്ന് മഴക്കാലം ഉറക്കമില്ലാത്ത രാത്രികളാണ് വീടുടമകള്‍ക്ക് സമ്മാനിച്ചിരിക്കുന്നത്. ചോര്‍ന്നൊലിപ്പില്‍ തന്നെ വീടിനുള്‍ഭാഗം വെള്ളക്കെട്ടായി മാറുന്ന സ്ഥിതിവിശേഷമാണുള്ളത്. വീടുകള്‍ പുനര്‍നിര്‍മാണം നടത്തി വാസയോഗ്യമാക്കി നല്‍കണമെന്ന ആവശ്യം സംസ്ഥാനം ഭരിച്ച ഇടതുവലതു മുന്നണി സര്‍ക്കാരുകളേയും ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരേയും അറിയിച്ചെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ല.
ടൂറിസം വകുപ്പും നഗരസഭയും ചേര്‍ന്ന് നടത്തിയ കൊടുംചതിയുടെ ക്രൂരമുഖം അനുഭവിക്കേണ്ട ഗതികേടിലാണ് തങ്ങളെന്ന് പൊഴിക്കരവാസികള്‍ പറയുന്നു. വെള്ളക്കെട്ടുണ്ടാകുന്ന പ്രദേശമായിരുന്നിട്ടുപോലും സിമന്റ് ഇല്ലാതെ ചെളി കൊണ്ടാണ് വീടുകളുടെ ചുവരുകള്‍ നിര്‍മിച്ചിരിക്കുന്നത്. മേല്ക്കൂരയാണെങ്കില് പേരിന് മാത്രം കമ്പിയിട്ട് അതിന് മീതെ ഓട് പാകി സിമന്റ് പൂശിയെടുത്ത നിലയിലാണ്. അതുകൊണ്ടുതന്നെ അറ്റകുറ്റപണി നടത്താനും കഴിയില്ലായെന്ന് വീട്ടുടമകള്‍ പറയുന്നു. 30 വര്‍ഷങ്ങള്‍ക്ക് മുമ്പ് വേളി ടൂറിസ്റ്റ് വില്ലേജിനോട് ചേര്‍ന്ന് നീന്തല്‍ക്കുളം നിര്‍മിക്കുന്നതിന്റെ ഭാഗമായി പൊഴിക്കരയിലേക്ക് മാറ്റി പാര്‍പ്പിച്ചതാണ്. ഇതുവരെ താമസിക്കുന്ന സ്ഥലത്ത് കൈവശാവകാശ രേഖയല്ലാതെ പട്ടയം ലഭിച്ചിട്ടില്ല. അനവധി തവണ അപേക്ഷ നല്‍കിയെങ്കിലും സര്‍ക്കാര്‍ ഇതുവരെ പട്ടയം നല്കാന് തയ്യാറായിട്ടില്ല. താമസിക്കുന്ന സ്ഥലം സ്വന്തമെന്ന് പോലും പറയാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഭവനനിര്‍മാണ വായ്പ പോലും ഇവര്‍ക്ക് നിഷേധിക്കപ്പെടുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: