‘ജുഡീഷ്യറിയുടെ അന്തസ്സും സ്വാതന്ത്ര്യവും നിലനിര്‍ത്തുന്നത് ഭരണഘടനയും നിയമങ്ങളുമല്ല. മറിച്ച് ജഡ്ജിമാരും അഭിഭാഷകരും എങ്ങനെ പെരുമാറുന്ന എന്നതിനെ ആശ്രയിച്ചാണ്.’
ഫാലി.എസ്.നരിമാന്
ഹൈക്കോടതിയുടെ താഴെ പ്രവര്‍ത്തിച്ചുവരുന്ന കോടതികളാണ് കീഴ്ക്കോടതികള്‍ (സബോര്‍ഡിനേറ്റ് കോടതികള്‍) ഓരോ ജില്ലയിലും ഒരു പ്രിന്‍സിപ്പല്‍/ജില്ലാക്കോടതി ഉണ്ട്. ജില്ലയിലെ ഏറ്റവും ഉയര്‍ന്നതും അഡ്മിനിസ്ട്രേറ്റീവ് അധികാരവുമുള്ളവയാണ് അവ. കേരളത്തില്‍ 14 ജില്ലാക്കോടതികളുണ്ട്. 26 അഡീഷണല്‍ ജില്ലാക്കോടതികളും ഇവിടെ പ്രവര്‍ത്തിച്ചു വരുന്നു. അഡീഷണല്‍ ജില്ലാക്കോടതികളില്‍ മാവേലിക്കര, വടക്കന്‍ പറവൂര്‍ എന്നിവിടങ്ങളില്‍ ഉള്ളവയ്ക്കു മാത്രമാണ് ഫയലിംഗിന് അധികാരമുള്ളത്. സബ്കോടതികള്‍, മുന്‍സിഫ്മജിസ്ട്രേറ്റ് കോടതികള്‍, ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതികള്‍ എന്നിവയും കീഴ്ക്കോടതികളുടെ ഭാഗമാണ്. ഇവ കൂടാതെ അതിവേഗ കോടതികള്‍, കുടുംബക്കോടതികള്‍, സ്പെഷ്യല്‍ കോടതികള്‍, പോക്സോ കോടതികള്‍, മോട്ടോര്‍ ആക്സിഡന്റ് ട്രിബൂണലുകള് എന്നിവയും.
ഈ കോടതികളുടെയെല്ലാം സിറ്റിംഗ് സമയം രാവിലെ 11 മണി മുതലാണ്. ഈ സമയം പരിഷ്കരിച്ച് 10 മണി മുതലാക്കുന്നതിന് ഹൈക്കോടതി ഉദ്ദേശിക്കുന്നതായി വാര്‍ത്തകളുണ്ട്. ഇക്കാര്യത്തില്‍ ബന്ധപ്പെട്ടവരുടെ അഭിപ്രായം ഹൈക്കോടതി തേടിയിട്ടുമുണ്ട്. വിപുലമായ ഇന്‍ഫ്രാസ്ട്രക്ചറുള്ള ഹൈക്കോടതിയുടെ ശേഷി കീഴ്ക്കോടതികള്ക്കില്ല. സമയമാറ്റം വ്യവഹാരികളേയും അഭിഭാഷകരേയും സീരിയസ്സായി ബാധിക്കുന്നതാണ്. കേവലം സമയമാറ്റത്തിനുപകരം കീഴ്ക്കോടതികളുടെ ഗുണപരമായ മാറ്റമാണ് പരിഗണിക്കേണ്ടിയിരുന്നത്.
കീഴ്ക്കോടതികളുടെ സമയമേറെയും അപഹരിക്കുന്നത് ‘റോള്‍കോള്‍’ എന്ന വില്ലനാണ്. 15 മുതല്‍ 20 വര്‍ഷം വരെയുള്ള കേസുകള്‍ വിളിച്ച് അവധി മാറ്റുന്ന നടപടിയാണ് ‘റോള്‍കോള്‍’. ക്രിമിനല്‍ കേസുകളില്‍ പ്രതിയുടെ ഹാജരും ഇതര നടപടികളും പരിശോധിച്ചാണ് അവധി മാറ്റാറുള്ളത്.
റോള്കോളിനിടയില് ചില ചെറിയ പെറ്റീഷനുകള്‍ പരിഗണിക്കുകയും ചെയ്യാറുണ്ട്. റോള്‍കോള്‍ തീരുമ്പോഴേക്കും ഉച്ചയാവും. ഏറെ താമസിയാതെ കോടതി ഉച്ചഭക്ഷണത്തിന് പിരിയുകയും ചെയ്യും. സിറ്റിംഗ് ജഡ്ജി/ആഫീസര്‍ക്കു പകരം ഒരു ലോ ആഫീസറെ റോള്‍കോള്‍ വിളിക്കുന്നതിന് നിയോഗിച്ച് സമയം ലാഭിക്കാമെന്ന് ജസ്റ്റീസ് വി.ആര്.കൃഷ്ണയ്യര്‍ നിയമ പരിഷ്കരണ കമ്മീഷന് റിപ്പോര്‍ട്ടില്‍ (2009) നിര്‍ദ്ദേശിച്ചിരുന്നു. ഒരു ലോ ആഫീസറെ നിയമാനുസൃതം നിയമിച്ചാല്‍ മതിയാവും. ജുഡീഷ്യല്‍ ആഫീസര്‍ക്ക് വിചാരണ നടത്തിയും വാദം കേട്ടും ഏറെ കേസുകള്‍ തീര്‍പ്പാക്കുവാന്‍ കഴിയും. നിയമപരിഷ്കാര കമ്മീഷന് റിപ്പോര്‍ട്ടിലെ ശുപാര്‍ശപ്രകാരം സിറ്റിംഗ് ജഡ്ജസില്‍ നിന്നും റോള്‍കോള്‍ മാറ്റേണ്ടതാണ്. ഇങ്ങനെ ചെയ്താല്‍ വലിയ തോതില്‍ സമയലാഭമുണ്ടാക്കാന്‍ കഴിയും.
റോള്കോളിനിടയില് തന്നെ ചില വിഭാഗത്തിലുള്ള കേസുകള്‍ അന്തിമമായി തീര്‍ക്കാവുന്നതാണ്. ഉദാഹരണത്തിന് മെയിന്റനന്‍സിനുള്ള കേസുകള്‍. ഭാര്യ, കുട്ടികള്‍, മുതിര്‍ന്ന മാതാപിതാക്കള്‍ ഇവരുടെ മെയിന്റനന്‍സ് അപേക്ഷകള്‍ കുടുംബക്കോടതികള്‍ക്ക് റോള്‍കോളില്‍ തന്നെ തീര്‍ക്കാന്‍ കഴിയും. പിതൃത്വം, ബന്ധം ഇവയ്ക്കു തര്ക്കമില്ലായെങ്കില് അത്തരം പെറ്റീഷനുകള്‍ നീട്ടിവയ്ക്കാതെ തീര്‍ക്കാന്‍ കഴിയും. ഇത്തരം ആവശ്യമുന്നയിക്കുന്നവര്‍ വര്‍ഷങ്ങളോളം കോടതിയില്‍ വരേണ്ടതുണ്ടോ എന്ന് എല്ലാവരും ആലോചിക്കേണ്ടതാണ്. ആക്ഷേപങ്ങള്‍ സമര്‍പ്പിച്ചശേഷം തെളിവെടുത്ത് തീരുമാനിക്കുന്നതിന് ഏറെ സമയം വേണ്ടിവരുന്നു. അതുപോലെ തന്നെയാണ് വാഹനാപകട നഷ്ടപരിഹാര കേസുകള്‍ ഇന്‍ഷ്വറന്‍സ് പോളിസിയുള്ള കേസുകളില്‍ തീര്‍പ്പുണ്ടാക്കുന്നതിന് എളുപ്പത്തില്‍ കഴിയും. റോള്‍കോളില്‍ തന്നെ ഉയര്‍ന്ന തുക ആവശ്യപ്പെടാത്തതും, ഇന്‍ഷ്വറന്‍സ് കമ്പനികള്‍ പോളിസി അംഗീകരിക്കുന്നതുമായ കേസുകള്‍ ഉടനെ തീര്‍ക്കുവാന്‍ കഴിയും. ഇതിനുള്ള ഇച്ഛാശക്തി ഉണ്ടാവണമെന്ന് മാത്രം. ഹൈക്കോടതിയില്‍ പോലും നഷ്ടപരിഹാര കേസുകളുടെ അപ്പീല്‍ നോട്ടീസുപോലും അയയ്ക്കാത്ത നിലയില്‍ കെട്ടിക്കിടക്കു ന്നതായി ആക്ഷേപമുണ്ട്. ഇതൊക്കെ പരിഹരിക്കപ്പെടണം.
കേസുകള്‍ ഫയല്‍ ചെയ്യുന്നതിനുമുന്‍പു തന്നെ എതിര്കക്ഷികള്ക്ക്നോട്ടീസ് അയയ്ക്കുന്ന രീതി ആരംഭിക്കണം. ഫയലിംഗിനുശേഷം നോട്ടീസ് അയയ്ക്കുന്ന രീതി കാലതാമസമുണ്ടാക്കുന്നു. നോട്ടീസ് അയച്ചതിന്റെ രസീതും അന്യായത്തോടൊപ്പം ഹാജരാക്കിയാല്‍ മതിയാവും. ആധുനിക വിനിമയോപാധികളായ വാട്ട്സ്ആപ്പ് പോലുള്ള സാങ്കേതിക വിദ്യകളും ഉപയോഗിക്കാവുന്നതാണ്. ജീവനക്കാരുടെ കുറവും നോട്ടീസ് അയയ്ക്കുന്നതിന് കാലതാമസത്തിന് ഇടവരുത്തുന്നു. നോട്ടീസ് അയച്ചത് ശരിയായ വിലാസത്തിലാണോയെന്ന് കോടതികള്‍ക്ക് പരിശോധിക്കാന്‍ കഴിയും. ഇത്തരത്തില്‍ വാദികള്‍ തന്നെ നോട്ടീസ് അയച്ചാല്‍ കേസുകള്‍ അടുത്തുതന്നെ അവധിവയ്ക്കാന് കഴിയും. കുടുംബക്കോടതികളില്‍ നോട്ടീസ് നടത്തിവരുന്നതിന് 8 മാസത്തിലധികം സമയമാണ് നിലവില്‍ നല്‍കാറുള്ളത്. ഇത് കേസിന്റെ അന്തിമവിധി ഏറെ വൈകുന്നതിനടവരുത്തുന്നു.
സമയനഷ്ടമുണ്ടാക്കുന്ന മറ്റൊരു സാഹചര്യം നീണ്ട വിചാരണയും വാദങ്ങളുമാണ്. കോടതികള്‍ക്ക് കേസിനെക്കുറിച്ച് ഗ്രാഹ്യമുണ്ടെങ്കില്‍ നീണ്ട വാദം ഒഴിവാക്കുന്നതിന് വക്കീലിനോടാവശ്യപ്പെടാന് കഴിയും. ചുരുങ്ങിയ പോയിന്റുകളില്‍ വാദം നടത്തുകയാണ് വേണ്ടത്. തര്‍ക്കവിഷയങ്ങള്‍ക്ക് പുറത്തേക്ക് വരെ വാദം നീളുക പതിവാണ്. അതുപോലെ നീണ്ട വിചാരണകള്‍ അനാവശ്യമായ വിസ്താരങ്ങള്‍ മുതലായവയും നിരുത്സാഹപ്പെടുത്തേണ്ടതാണ്. ഇതു കഴിയണമെങ്കില്‍ കോടതികളുടെ ശേഷി ഉയര്‍ന്നതായിരിക്കണം. അഭിഭാഷകരായി പ്രാക്ടീസ് ചെയ്യാത്തവര്‍ ജുഡീഷ്യല്‍ ആഫീസര്മാരാവുന്ന പ്രവണത ഗുണകരമല്ല.
നീതി നിര്‍വഹണം ദയാപൂര്വമായിരിക്കണമെന്ന് പറയാറുണ്ട്. പക്ഷേ സൗമ്യമായും സഹാനുഭൂതിയോടെയും കേസുകള്‍ പരിഗണിക്കുന്നതിന് നമ്മുടെ കോടതികള്‍ക്കാവുന്നില്ല. കോടതികളില്‍ ഒരു വിഭാഗം ജുഡീഷ്യല്‍ ആഫീസര്‍മാര്‍ സൗമ്യതയോടെ നടപടികള്‍ നടത്താറുള്ളതാണ്. അത്തരം കോടതികളില്‍ തീര്‍പ്പാകുന്ന കേസുകളുടെ എണ്ണവംു കൂടുതലായിരിക്കും. എന്നാല്‍ പലകോടതികളും അങ്ങനെയല്ല ചെയ്യുന്നത്. ന്യായമായ ഉത്തരവുകള്‍ക്കെതിരെ അപ്പീലുകള്‍ അധികമുണ്ടാവാറില്ല. എന്നാല്‍, മോശപ്പെട്ട ഉത്തരവുകള്‍ നിരവധി അപ്പീലുകള്ക്കിടവരുത്തുന്നു. ഉത്തരവുകള്‍ അവധാനതയോടെ നല്‍കേണ്ടതാണ്. മെറിറ്റ് നിശ്ചയിക്കേണ്ടത് അതാത് ജുഡീഷ്യല്‍ ആഫീസര്‍മാരാണ്, സംശയമില്ല. യുക്തമായ ഉത്തരവുകള്‍ നടത്തുന്നതിന് അവര്‍ക്ക് ചോദ്യം ചെയ്യാനാവാത്ത അധികാരവുമുണ്ട്. എന്നാല്‍ സാമാന്യവസ്തുതകള്ക്കും നിയമസാഹചര്യങ്ങള്ക്കും നിരക്കാത്ത ഉത്തരവുകള്‍ പോലും ഉണ്ടാകുന്നതായി ആക്ഷേപമുണ്ട്. എന്തും സംഭവിക്കുന്ന അവസ്ഥ നീതിനിര്‍വഹണത്തിന് ഭൂഷണമല്ല.
എല്ലാവരുമായും കൂടിയാലോചിച്ചു വേണം കീഴ്ക്കോടതികളുടെ പ്രവര്‍ത്തനസമയം പരിഷ്കരിക്കുന്നത്. ധൃതിപിടിച്ച് നടപ്പാക്കിയ ഇ ഫയലിംഗ് വലിയ ബുദ്ധിമുട്ടുകള്‍ക്കാണ് ഇടവരുത്തിയത്. ഇഫയലിംഗിനായി സ്വകാര്യ മേഖലകളെ ആശ്രയിക്കേണ്ടിവരുന്നതിനാല്‍ അമിത ചാര്‍ജ് നല്‍കേണ്ടിവരുന്നു. ഇത് പാവപ്പെട്ടവരെ ദുരിതത്തിലാക്കുന്നു. വിവാഹകേസുകളിലേയും മറ്റും ആരോപണങ്ങള്‍ പരസ്യപ്പെടുന്നതിനും ഇടവരുന്നതായി ആക്ഷേപമുണ്ട്. ഒരു പരിഷ്കാരവും അടിച്ചേല്‍പ്പിക്കരുത്. മരുന്ന് നിശ്ചയിക്കുമ്പോള്‍ രോഗിയുടെ രോഗാവസ്ഥയും അയാളുടെ ആരോഗ്യവും കൂടി കണക്കിലെടുക്കേണ്ടതുണ്ട്. ജനങ്ങളുടെ അത്താണിയായ കീഴ്ക്കോടതികള്‍ കൂടുതല്‍ ഗുണനിലവാരം ആര്‍ജിക്കുകയാണ് വേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: