കൊച്ചി: നെടുമ്പാശ്ശേരി സിയാല്‍ വിമാനത്താവളത്തിനെ ഉയരങ്ങളുടെ പടവുകളിലേക്ക് നയിച്ച വി.ജെ. കുര്യന് ഇനി തൃശൂര്‍ ആസ്ഥാനമായ സൗത്തിന്ത്യന്‍ ബാങ്കിനെ നയിക്കാന്‍ മുന്‍നിരയില്‍ ഉണ്ടാകും. നോണ്‍-എക്സിക്യൂട്ടീവ് പാര്‍ട്ട് ടൈം ചെയര്‍മാനായാണ് വി.ജെ കുര്യന് സൗത്തിന്ത്യന്‍ ബാങ്കില്‍ സ്ഥാനമേല്‍ക്കുക.
നവമ്പര്‍ രണ്ടിന് ഇദ്ദേഹം ബാങ്കില്‍ ജോലിയില്‍ ചേരും. 2026 മാര്‍ച്ച് 22 വരെയാണ് കാലാവധി. നെടുമ്പാശേരി സിയാല്‍ വിമാനത്താവളത്തിന്റെ എംഡിയായാണ് ഐഎഎസുകാരനായ വി.ജെ. കുര്യന് വിരമിച്ചത്. ഇദ്ദേഹത്തിന്റെ കാലത്താണ് സിയാല്‍ വിമാനത്താവളത്തിന് സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ആദ്യ വിമാനത്താവളമെന്ന അഭിമാനപദവി ലഭിക്കുന്നത്. 1983ലെ ഐഎഎസ് ബാച്ചിലെ അംഗമായിരുന്ന കുര്യന് ദല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍സ് കോളെജില്‍ നിന്നും സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം (മാസ്റ്റേഴ്സ് ) നേടിയിട്ടുണ്ട്. നേരത്തെ ഔഷധി എംഡി, സ്പൈസസ് ബോര്‍ഡ് ചെയര്മാന്, റോഡ് സ് ആന്റ് ബ്രിഡ്ജസ് കോര്പറേഷന് എംഡി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.
സൗത്തിന്ത്യന്‍ ബാങ്കിന്റെ നോണ്‍ എക്സിക്യൂട്ടീവ് ചെയര്‍മാനായിരുന്ന സലിം ഗംഗാധരന് വിരമിക്കുന്ന ഒഴിവിലേക്കാണ് കുര്യന്റെ നിയമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: