സഖാവ് സുനീര്‍ വന്ന് പറഞ്ഞ ആ വാര്‍ത്ത കേട്ട് ഞങ്ങള്‍ ഞെട്ടിപ്പോയി.
ഞാനും ആന്റണിയും മുഖത്തോടു മുഖം നോക്കി.
സുനീര്‍ തുടര്‍ന്നു….
ഇനി നമ്മുടെ നാട്ടില്‍ പലതും നടക്കും.
ആരെയാ…. നമ്മുടെ പാര്‍ട്ടി പുറത്താക്കിയിരിക്കുന്നത്? സഖാവ് മാമുവിനെ.
അതായത് ചക്കമാമുവിനെ.
ഞങ്ങള്‍ക്കിത് വിശ്വസിക്കാന്‍ പാടായെങ്കിലും നാട്ടില്‍ ഈ വാര്‍ത്ത പരന്നുകഴിഞ്ഞെന്ന് മനസ്സിലായത് പാലത്തിലൂടെ കടന്നുപോകുന്ന ചില സംഘമിത്രങ്ങളുടെ പ്രത്യേക ആക്ഷനിലുള്ള ചിരി കണ്ടപ്പോഴാണ്. അവര്‍ പാലത്തിലൂടെ തലങ്ങും വിലങ്ങും പാഞ്ഞുകൊണ്ടിരുന്നു. ചിലര്‍ ഉറക്കെ ചിരിച്ചു. മറ്റു ചിലര്‍ നോട്ടം കടുപ്പിച്ചു നീങ്ങുന്നത് പന്തിയല്ലെന്ന് കണ്ടപ്പോള്‍ സ്ഥലം കാലിയാക്കി. വീട്ടിലേക്ക് നടക്കുമ്പോള്‍ വഴിവക്കില്‍ ബാലാജി തന്റെ തട്ടുകടയിലേക്കുള്ള ഓട്ടത്തിനിടയില്‍ ഉറക്കെ വിളിച്ചുചോദിച്ചു.
ഒരു കോട്ടുവായൊക്കെ നമ്മുടെ പാര്‍ട്ടിയില്‍ വലിയ പ്രശ്‌നമാണല്ലെ സഖാവെ. ഇതാണോ നമ്മുടെ ഉള്‍പാര്‍ട്ടി ജനാ
ധിപത്യം.
ശരിയല്ലെ?
ഒരു കോട്ടുവായിട്ടതിന് സഖാവ് ചക്കമാമുവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി എന്നുള്ളത് വലിയൊരു വഷളുകെട്ട ഏര്‍പ്പാടായിപ്പോയി. കോട്ടുവായ് ഇത്ര ഒരു മോശമായ കാര്യമാണോ?
മാമുക്ക പ്രസ്ഥാനത്തിനുവേണ്ടി എത്ര കഷ്ടപ്പെട്ട ആളാണ്. നാട്ടില്‍ ഓടിനടന്ന് പാര്‍ട്ടി വലുതാക്കുന്നതിന് മാമുക്ക വഹിച്ച പങ്ക് വലുതാണ്. ഇടതുകാലിലെ മന്തും വെച്ച് അയാളെത്താത്ത സ്ഥലങ്ങളില്ല. മുക്കൂട്ട അങ്ങാടിയിലെ ചന്തയില്‍ ചക്ക വിറ്റു കിട്ടുന്ന ചെറിയ വരുമാനത്തില്‍ നിന്നെടുത്താണ് എല്ലാ ചെലവുകളും. ചായയും പരിപ്പുവടയും ബീഡിയുമെല്ലാം മറ്റു മാസപറ്റുതീര്‍ക്കാനുമായി ബാലാജിയുടെ കടയില്‍ നല്ലൊരു തുക കൊടുക്കാനുണ്ടാകും. കാണാനൊരു വില്ലന്‍ ലുക്കാണെങ്കിലും ആളൊരുസാധുവാണ്.
എന്നാലും ഈ കോട്ടുവായ!
ഛെ, ഓര്‍ക്കുമ്പോള്‍ നാണക്കേട്.
വീട്ടിലെത്തിയപാടെ അച്ഛന്റെ പുസ്തക ശേഖരത്തില്‍ നിന്ന് ശ്രീകണ്‌ഠേശ്വരത്തിന്റെ ശബ്ദതാരാവലി തപ്പിയെടുത്തു. പൊടിയടിച്ചപ്പോള്‍ വല്ലാതെ തുമ്മലായി. അപ്പോള്‍ പിന്നില്‍ നിന്ന് അച്ഛന്റെ ശബ്ദം. തുമ്മിക്കോ പക്ഷേ കോട്ടുവായ ഇടരുത്. ഇതുംപറഞ്ഞ് അച്ഛന്‍ അകത്തേക്ക് പോയി. അടുത്തത് ആരാണാവോ?ലജ്ജകൊണ്ട് കുനിഞ്ഞ മുഖത്തോടെ വേഗം ശബ്ദതാരാവലിയില്‍ തപ്പിത്തിരഞ്ഞു.
701-ാം പേജിലെ അര്‍ത്ഥം കണ്ട് വീണ്ടും ഞെട്ടി.
കോട്ടുവാ(യ്)
”ഉറക്കം, ക്ഷീണം, മുഷിച്ചല്‍ തുടങ്ങിയവ കൊണ്ട് അനിച്ഛാപൂര്‍വ്വമായി വാപൊളിച്ചു വിടുന്ന ദീര്‍ഘനിശ്വാസം.”
അപ്പോള്‍ പുറത്താക്കലിലെ പ്രേരണ ഇതാണ്.
കേന്ദ്ര കമ്മിറ്റിഅംഗം, പാര്‍ട്ടിയുടെ താത്വിക ആചാര്യന്‍, ബുജിയെന്ന് ഞങ്ങളും
കോങ്കണ്ണനെന്ന് നാട്ടുകാരും വിളിക്കുന്ന വെളുത്ത തലമുടിയും താടിയുമുള്ള വെള്ള വസ്ത്രധാരിയായ മഹാഭാരതം സീരിയലിലെ ഒരു കഥാപാത്രം പോലെ തോന്നിപ്പിക്കുന്ന സഖാവ് ജോര്‍ജ്ജുമാഷ് പാര്‍ട്ടി ക്ലാസ്സെടുക്കുമ്പോള്‍ മുന്‍നിരയിലിരുന്ന സഖാവ് ചക്കമാമു കോട്ടുവായിട്ടു. അതൊരു ഗുരുതരമായ കുറ്റമാണെന്ന് വിശ്വസിക്കാനാണ് എന്നിലെ അച്ചടക്കമുള്ള പാര്‍ട്ടി സഖാവിന് തോന്നിയത്. പാര്‍ട്ടിയിലെ കേമനായ ജോര്‍ജ്ജുമാഷ് ക്ലാസ്സെടുക്കുമ്പോള്‍ പുച്ഛത്തോടെ കേട്ടിരുന്ന മാമുക്ക ചെയ്തത് ചെറിയ കുറ്റമല്ല. അതും ഏകീകൃത സിവില്‍കോഡു പോലെ ഗൗരവമുള്ള ഒരു വിഷയം പറയുമ്പോള്‍ മുന്നിലിരുന്ന് കോട്ടുവായ ഇടുകയാണോ വേണ്ടത്?
മാമുക്കയെ ശരിവെക്കുന്നവര്‍ ആരും പാര്‍ട്ടിയിലുണ്ടായില്ല….
സന്ധ്യ നേരത്ത് സെന്ററിലേക്ക് ചെല്ലുമ്പോള്‍ നെഞ്ചുകലങ്ങുന്ന കാഴ്ചകളാണ് അരങ്ങേറിയത്. കുറേപേര്‍ ചിരിക്കുന്ന മുഖവുമായി മാമുക്കയുടെ കടയ്‌ക്കുമുന്നില്‍ കൂടിനി
ല്‍ക്കുന്നു. വീട്ടിലേക്ക് തന്നെ മടങ്ങിയാലോ എന്നു ചിന്തിച്ചു. വേണ്ട, മാമുക്കയെ കാണണം. കാര്യമെന്താണെന്ന് തിരക്കണം. ഉപ്പുപാത്തിയുടെ സൈഡിലൂടെ ചെരിഞ്ഞുനോക്കിയപ്പോള്‍ സഖാവ് മാമുക്ക ഒരു കവല പ്രാസംഗികനെപ്പോലെ നിന്ന് വിറച്ചുകൊണ്ട് ഉറക്കെ പറയുകയാണ്.
അവരെന്നെ പുറത്താക്കട്ടെ. ഈ മാമു ആരാണെന്ന് കാട്ടികൊടുക്കാം. സഹിക്കുന്നതിനും ഒരു അതിരൊക്കെയുണ്ട്. രാത്രി 9.30ന് തുടങ്ങിയ ക്ലാസ്സാണ്. 11 മണിയായിട്ടും മാഷ് നിര്‍ത്തുന്ന മട്ടില്ല. മുക്കൂട്ട പള്ളിയില്‍ മണി 12 അടിച്ചു. അപ്പോഴും മാഷ് തുടരുകയാണ്. പ്രിയ സഖാക്കളെ ഞാനധികം ദീര്‍ഘിപ്പിക്കുന്നില്ലായെന്ന് മാഷ് പറഞ്ഞാല്‍ പിന്നെയും അരമുക്കാല്‍ മണിക്കൂര്‍ സംസാരിക്കുമെന്നാണര്‍ത്ഥം. ഞാന്‍ മറ്റു സഖാക്കളുടെ മുഖത്തേക്കുനോക്കി. എല്ലാവരും വിഡ്ഢിച്ചിരിക്കും കരച്ചിലിനും ഇടയിലാണ്. അനുസരണയുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍. വെറുതയല്ല അന്തംസ് ആയത്. എതിര്‍പ്പ് പറയാന്‍ ശേഷിയില്ല. പാര്‍ട്ടിയുടെ പങ്കുപറ്റി ജീവിക്കുന്നവരാണധികവും. സൊസൈറ്റിയിലും പാര്‍ട്ടി യൂണിയനുകളിലും പ്രവര്‍ത്തിക്കുന്നവര്‍. മാമുക്ക നിന്ന് കിതയ്‌ക്കുകയാണ്.
എന്റെ കണ്ണ് തള്ളിപ്പോയി…
മാമുക്ക തന്നെയാണോ ഇത് പറയുന്നത്. അതും പാര്‍ട്ടിയിലെ തീപന്തമായ ഞങ്ങളുടെ സ്വന്തം സഖാവ് ചക്കമാമു. ഞങ്ങള്‍ നന്മയുടെ സൂര്യനായ കണ്ട മാമുക്ക. പാര്‍ട്ടിയില്‍ നിന്ന് പുറത്തായതിന്റെ ഒരു ബോധഹീനമായ അവസ്ഥയാണ് ഇതെന്ന് ഞാന്‍ വിശ്വസിച്ചു. അത്രമാത്രം അയാള്‍ പാര്‍ട്ടിയെ സ്‌നേഹിച്ചിരിക്കാം. മാമുക്ക അങ്ങിനെയാണ്, കേട്ടുശീലിച്ച പോലെയല്ല കാര്യങ്ങള്‍ അവതരിപ്പിക്കുക. ഭാഷാപ്രയോഗത്തിലെ കൃത്യത അത് കവല പ്രസംഗത്തിലായാലും പാര്‍ട്ടി ക്ലാസ്സിലായാലും ഒത്തുതീര്‍പ്പു ചര്‍ച്ചകളിലായാലും. ഏതു സാഹചര്യത്തേയും നേരിടുന്ന സദാ പ്രസന്നവാനായിരുന്നു മാമുക്ക. എന്നാല്‍ പെട്ടെന്ന് ദേഷ്യപ്പെടുകയും ചെയ്യും. ഏതെങ്കിലും ഒരു കോണില്‍ നിന്ന് അളന്നെടുക്കാന്‍ പറ്റാത്ത പ്രകൃതം.
എനിക്ക് ചിലത് തുറന്നുപറയേണ്ടിവരും…
മാമുക്കയുടെ ശബ്ദം വീണ്ടും ഉയരുകയാണ്…ചോദ്യങ്ങള്‍ ഉന്നയിക്കുന്നവരെ ഉറക്കിക്കിടത്താമെന്നാരും വിചാരിക്കണ്ട. അത് കേന്ദ്രകമ്മിറ്റിയായാലും സംസ്ഥാനവും ജില്ലയും ഏരിയയായാലും ഞാന്‍ പറയും. പറയാനുള്ളത് ഉറക്കെ തന്നെ പറയും.
”നിങ്ങള്‍ക്കെന്നെ കൊല്ലാം. പക്ഷേ തോല്‍പ്പിക്കാനാവില്ല.”
മാമുക്ക ഗര്‍ജ്ജിക്കുകയാണ്…എതിരാളികള്‍ മാറിനിന്ന് കളി കാണുന്നു. മാമുക്ക കളിച്ച് കയറുന്നു. സഹകളിക്കാരന് പന്തുനല്‍കാതെ സ്വന്തം പോസ്റ്റിലേക്ക് ഗോള്‍ വര്‍ഷിക്കുന്നു. സെല്‍ഫ് ഗോളടിച്ച കൊളമ്പിയന്‍ ഫുട്‌ബോളര്‍ എസ്‌കോബാറിനെപ്പോലെ. നാളെ മാമുക്കയും തെരുവില്‍ വെടിയേറ്റ് പിടഞ്ഞുവീണ് മരിക്കുമോ? അങ്ങനെ സംഭവിച്ചാല്‍ നഷ്ടം എന്ന വാക്കിനൊന്നും ആ അവസ്ഥയെ വിശേഷിപ്പിക്കാനാവില്ല.
ഇന്നിനി മാമുക്കയോട് സംസാരിച്ചിട്ട് കാര്യമില്ല.
അത് എരിതീയില്‍ എണ്ണയൊഴിക്കുന്ന പോലെയാകും.
നാളെ സഖാവ് സതീശനും നവാസുമൊക്കെയുമായി മാമുക്കയെ വീട്ടില്‍ പോയി കാണണം. മാമുക്കയെന്ന സ്‌നേഹോജ്വലമായ വ്യക്തിത്വത്തോട് ചേര്‍ന്നുനിന്ന സമാനഹൃദയരായ കൂട്ടു കാരാണല്ലോ ഞങ്ങള്‍. ഒരുപക്ഷേ ഞങ്ങള്‍ സംസാരിച്ചാല്‍ മാമുക്കയൊന്നയഞ്ഞാലോ. പൊതുനിരത്തിലെ ഈ പരസ്യ വിഴുപ്പലക്കലെങ്കിലും ഒന്നുനിര്‍ത്തിയാലോ? സത്യത്തില്‍ ഇതൊരു വിഴുപ്പലക്കലാണോ? പലരും പേടികൊണ്ട് വിഴുങ്ങികളയുന്ന സത്യങ്ങളെ പുറത്തെടുക്കലല്ലേ. രാവിലെ നേരത്തെ എണീറ്റ് കവലയില്‍ ചെല്ലുമ്പോള്‍ അവര്‍ മൂന്നുപേരും റെഡിയായി നില്‍ക്കുന്നു. പ്രഭാതസവാരിക്കിറങ്ങിയവര്‍ പാലത്തിലൂടെ തലങ്ങും വിലങ്ങും നടന്നു. നടന്നിട്ടും നടന്നിട്ടും തീരാത്ത ഒരു ലോകം അവര്‍ക്ക് മുന്നിലുള്ളതുപോലെ. രണ്ടു പ്രളയങ്ങള്‍ നടന്നതിന്റെ ബാക്കിയായി പുഴയില്‍ ചെറുദ്വീപുപോലെ എക്കലടിഞ്ഞുകിടന്നു. നവാസും സതീശനും മൊബൈലില്‍ എന്തോ തിരഞ്ഞ് പാലത്തിന്റെ അരമതിലില്‍ ചാരിനിന്നു. എല്ലാവരുടെ മുഖത്ത് നിരാശയും ആശങ്കയും നിഴലിച്ചു. എന്തുപറയും എങ്ങനെ തുടങ്ങും. മാമുക്കയുടെ വീട്ടിലേക്ക് നടക്കുന്നതിനിടയില്‍ സതീശന്‍ പറഞ്ഞു.
ഞാനിന്നലെ സഖാവ് ജോര്‍ജ്ജ്മാഷെ വിളിച്ചിരുന്നു. ഇന്നിവിടേക്ക് വരുന്ന കാര്യം സൂചിപ്പിച്ചപ്പോള്‍ വലിയ ക്ഷോഭത്തിലായിരുന്നു മറുപടി.
”നിങ്ങളോടാരുപറഞ്ഞു പാര്‍ട്ടി തീരുമാനം തിരുത്താന്‍. അവന്‍ നാട്ടില്‍ പ്രസംഗിച്ചു നടക്കുന്നതെല്ലാം അപ്പപ്പോള്‍ ഞാന്‍ അറിയുന്നുണ്ട്. പാര്‍ട്ടിയോടാണ് കളിക്കുന്നതെന്നോര്‍മ്മ വേണം. ഈ പാര്‍ട്ടിയെക്കുറിച്ച് അവനൊരു ചുക്കും അറിയില്ല. ഇപ്പോള്‍ നിങ്ങള്‍ക്കും.”എന്നു പറഞ്ഞാണ് മാഷ് ഫോണ്‍ കട്ട് ചെയ്തത്. സതീശനിത് പറഞ്ഞപ്പോള്‍ ഉള്ളിലൊരാന്തല്‍. ഘനീഭവിച്ചുനിന്ന് നിശബ്ദതയെ ഞങ്ങള്‍ക്കരികിലൂടെ നടന്നുപോകുന്ന പ്രഭാത സവാരിക്കാരുടെ കലപില നൂറായിരും നുറുങ്ങുകളായി ഭഞ്ജനം ചെയ്തു. നാലുപേരും മുഖത്തോടുമുഖം നോക്കി.
പോകണോ? സംസാരിക്കണോ?
എന്തുതന്നെയായാലും പോകുകതന്നെ.
മാമുക്കയെ കാണണം. കാര്യങ്ങള്‍ തിരക്കണം. സോഷ്യല്‍ മീഡിയയില്‍ മറ്റു പാര്‍ട്ടിക്കാര്‍ നമ്മെ വലിച്ചുകീറി ഭിത്തിയിലൊട്ടിച്ചെന്ന് റഹീം പറയുമ്പോള്‍ ആത്മനിന്ദയോടെ മുകളിലേക്ക് നോക്കി. അപ്പോള്‍ ആകാശത്തിന് നരച്ച നിറമായിരുന്നെന്നെനിക്ക് തോന്നി. മാമുക്കയുടെ വീട്ടിലെത്തുമ്പോള്‍ ചെറിയൊരു ആള്‍ക്കൂട്ടം. ഖദര്‍ധാരികളായ വെള്ളപാറ്റകളോട് മാമുക്ക പറയുന്നു.
”പാര്‍ട്ടിയെന്നെ പുറത്താക്കിയെന്നുകരുതി ഞാനൊരു പാര്‍ട്ടിയിലേക്കും പോകുന്നില്ല. അതിനുവെച്ച വെള്ളമെന്നു വാങ്ങിവെച്ചേക്കാന്‍ പറ സോമാ നിന്റെ നേതാക്കളോട്. എന്നെ തിരുത്താനാണ് എന്റെ പാര്‍ട്ടി ഇത് ചെയ്തതെങ്കില്‍ പാര്‍ട്ടിക്ക് തിരുത്തേണ്ടിവരുമെന്ന് എനിക്കറിയാം.”
അവരുടെ സംസാരമൊന്നൊതുങ്ങി പിരിയുന്നതുവരെ ഞങ്ങള്‍ മാവിന്‍ചുവട്ടിലേക്ക് മാറിനിന്നു. ഞങ്ങളെ കണ്ടതും സോമശേഖരനും കൂട്ടരും ഫോണെടുത്ത് സംസാരിച്ച് തിരക്കുഭാവിച്ച് നടന്നുപോയി. അസ്വാഭാവികമായ മെയ്‌വഴക്കം കൊണ്ട് ഏല്‍പ്പിക്കപ്പെട്ട കഥാപാത്രങ്ങളെയെല്ലാം അതിസ്വാഭാവികമാക്കിത്തീര്‍ത്ത് അരങ്ങിലെത്തിക്കുന്ന ഒരു നടനെപ്പോലെ തോന്നിപ്പിച്ചു സോമന്റെ ചേഷ്ടകള്‍.
മുറ്റത്തുനിന്ന ഞങ്ങളെ ഉമ്മറത്തേക്ക് മാടിവിളിച്ചു മാമുക്ക. തിണ്ണയിലിരിക്കുന്ന മാമുക്കയെ സസൂക്ഷ്മം വീക്ഷിച്ചു. ചുണ്ടില്‍ വിരിഞ്ഞ മന്ദഹാസം സ്വയമൊഴിഞ്ഞുപോകാന്‍ കൂട്ടാക്കാത്ത നിലയിലുള്ള ഭാവത്തോടെ മാമുക്ക നി
ല്‍ക്കുകയാണ്. ഭയം ഒഴിഞ്ഞ്, സിരകളഴഞ്ഞ്, ഹൃദയം കുളിര്‍ത്ത നില്‍പ്പ്. ഞാനെന്റെ കൂട്ടുകാരെ നോക്കി…മിഴിച്ച കണ്ണുകളും തീപിടിച്ച മുഖവുമായി സതീശനും റഹീമും ഇരിക്കുന്നു. മുഖവുര കൂടാതെ ഞാന്‍ തിടക്കപ്പെട്ട് തുടക്കമിട്ടു.
മാമുക്ക ഞങ്ങള്‍ വന്നത്…
എന്നുപറയുമ്പോഴേക്കും ആജ്ഞാരൂപത്തില്‍ മാമുക്കയുടെ കൈപൊങ്ങി. എനിക്കറിയാം നിങ്ങള്‍ വന്നതെന്തിനാണെന്ന്. ഒരു കോട്ടുവായയല്ല ഒരുപാടുപേരുടെ കോട്ടുവായ പാര്‍ട്ടി ഇന്നുമുതല്‍ സഹിക്കേണ്ടിവരും. മാമുക്കയുടെ മുഖം ഒരു പ്രാസംഗികകനെപ്പോലെ വലിഞ്ഞുമുറുകി. ജീവിതയുദ്ധത്തില്‍ തോല്‍ക്കാന്‍ മനസ്സിലാത്ത ഒരു യോദ്ധാവിനപ്പോലെ മാമുക്ക പറഞ്ഞുതുടങ്ങി. എനിക്കിനി വിപത്തുകളെ ഭയപ്പെടാനില്ല. അഭിപ്രായസ്ഥിരതയില്ലാത്ത ഭീരുവായിരിക്കാനുമാവില്ല. പുരോഗമനവാദിയും തന്റേടിയായിരിക്കാനുമാണ് പ്രസ്ഥാനം നമ്മോട് ആഹ്വാനം ചെയ്തത്. ഇതവര്‍ക്കില്ലാതെ പോയതാണ് ഈ കുഴപ്പങ്ങള്‍ക്ക് കാരണം. ഏകീകൃത സിവില്‍ കോഡിനെ എത്രയും വേഗത്തില്‍ നടപ്പിലാക്കണമെന്ന് നമ്മുടെ സൈദ്ധാന്തികരും ചിന്തകന്മാരുമായ മുന്‍നേതാക്കന്മാര്‍ പറഞ്ഞിട്ടുണ്ട്. രാജ്യത്തെ അപരിഷ്‌കൃതമായൊരു നിയമത്തെ പരിഷ്‌കരിക്കുന്നതിലെന്താണ് തെറ്റ്. വോട്ടുബാങ്കില്‍ കണ്ണുംനട്ട് വര്‍ഗ്ഗീയ ശക്തികളെ പ്രീണിപ്പിക്കാനും മതധ്രുവീകരണത്തിനുമാണ് ഇപ്പോള്‍ നമ്മുടെ പാ
ര്‍ട്ടി കൂട്ടുനില്‍ക്കുന്നത്. ”ഒരു രാജ്യം, ഒരു ജനത, ഒരു നിയമം” എന്ന ആശയം നല്ലതല്ലേ? അതിനെ എന്തിനാണ് പാര്‍ട്ടി ഇപ്പോള്‍ എതിര്‍ക്കുന്നത്? പറഞ്ഞതില്‍ നിന്നെല്ലാം പിറകോട്ട് പോവുകയാണ്. നിലപാടുകള്‍ ഇല്ലാതാവുകയും ചെയ്യുന്നു. പണക്കാരുടെ തിണ്ണനിരങ്ങി പണിയെടുക്കാതെ കൊഴുത്ത നേതാക്കള്‍. ആഢംബര കാറിന്റെ സുഖശീതളതയില്‍ പാഞ്ഞുനടന്ന് അഴിമതി നടത്താന്‍ മത്സരിക്കുകയാണ്. പാവപ്പെട്ടവനൊരു നേട്ടവും ഈ പാര്‍ട്ടികൊണ്ടുണ്ടാകാന്‍ പോകുന്നില്ല. പാവപ്പെട്ടവനെകൊണ്ട് പാര്‍ട്ടിക്കുമാത്രമാണ് നേട്ടം. അതുകൊണ്ട് ഞാനീ പുറന്തോടുപൊട്ടിച്ച് പുറത്തുകടക്കുകയാണ്. എനിക്ക് പറയുവാനുള്ളത് ഞാന്‍ പറയും. വീണ്ടും ശ്വാസമെടുത്ത് കിതപ്പാറ്റി മാമുക്ക തുടര്‍ന്നു. എന്നെ പുറത്താക്കിയതിന് പാര്‍ട്ടി നാളെ കവലയില്‍ വിശദീകരണയോഗം വിളിച്ചിട്ടുണ്ടെന്നറിഞ്ഞു. അതുകഴിഞ്ഞാലെനിക്കും വിശദീകരിക്കാനുണ്ട്. അതേ കവലിയില്‍ നിന്ന് ഞാനും
വിളിച്ചുപറയും. എനിക്കറിയാവുന്നതെല്ലാം. കണ്ണടച്ച് കൂട്ടുനിന്നതൊക്കെ എണ്ണിയെണ്ണി പറയും. സഹകരണസംഘത്തിലെ അഴിമതി മുതല്‍ അങ്ങ് മേലോട്ടുള്ളതെല്ലാം. നിങ്ങള്‍ക്കറിയോ?…എന്നെ പുറത്താക്കിയത് കോട്ടുവായയിട്ടതിനല്ല. അടുത്ത പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഈ വാര്‍ഡില്‍ എനിക്ക് പകരം ആ ഗള്‍ഫുപണക്കാരന്‍ മാത്യു വര്‍ഗ്ഗീസിനെ നിര്‍ത്താനാണ്. എന്റെ വിശദീകരണപ്രസംഗത്തില്‍ ഞാനിതെല്ലാം ഈ സമൂഹത്തിനോട് വിളിച്ചുപറയും.
ഇതുപറയുമ്പോള്‍ ഉടലിലേക്ക് പ്രായത്തെ പകര്‍ത്താത്ത പക്വതയുണ്ടായിരുന്നു മാമുക്കാക്ക്. രാഷ്‌ട്രീയത്തിനും ജീവിതത്തിനു
മിടയില്‍ തീരെ അകലങ്ങള്‍ സൂക്ഷിക്കാതിരുന്ന ഒരു പാവം
മനുഷ്യന്റെ ദൃഢനിശ്ചയമായിരിക്കാമിതെന്ന് എനിക്കപ്പോള്‍ തോന്നി. ഞാന്‍ മാമുക്കയെ കണ്ണിമ വെട്ടാതെ നോക്കി. പാര്‍ട്ടിയുടെ താളം തിരിച്ചറിഞ്ഞ മനുഷ്യന്‍. ആ താളം പി
ഴച്ചപ്പോഴുള്ള ഇടര്‍ച്ചയാണിത്. അതുകൊണ്ട് അയാളുടെ ഇനിയുള്ള നീക്കങ്ങളെല്ലാം അതിജാഗ്രതയോടെയായിരിക്കും.
മാമുക്കയുടെ ഉമ്മ കൊണ്ടുവന്ന ശര്‍ക്കരച്ചായ ഊതികുടിച്ച് യാത്ര പറഞ്ഞിറങ്ങുമ്പോള്‍ പോയതിലുമേറെ കനപ്പെട്ടിരുന്നു ഞങ്ങളുടെ മനസ്സ്. ഏതോ ഉള്‍പ്രേരണയാല്‍ ഞാന്‍ തിരിഞ്ഞുനോക്കി. ഒരുപാളിയടര്‍ന്നുവീണ ജനലഴികളിലൂടെ ഞങ്ങളെത്തന്നെ നോക്കിനി
ല്‍കുന്ന മാമുക്കയുടെ ഉമ്മ. അവര്‍ കരയുന്നുണ്ടോ? അവിവാഹിതനായി രാഷ്‌ട്രീയം കളിച്ചുനടക്കുന്ന മകനെയോര്‍ത്ത് അവര്‍ക്കെന്നും ആധിയായിരുന്നല്ലോ. ഒരു വലിയ കുന്ന് ഓടിക്കയറുന്ന കിതപ്പോടെയാണ് തിരിച്ചുനടന്നത്. മാമുക്കയുടെ വീടിന്റെ പരിസരത്തെ ശ്വസിക്കുന്ന വായുവിന് മരണത്തിന്റെ ഗന്ധമുണ്ടെന്നെനിക്കുതോന്നി. അന്നത്തെ രാത്രിക്ക് ദൈര്‍ഘ്യമേറെയുണ്ടായിരുന്നു. കൊടുംരാത്രിയില്‍ കൊടിയ വിജനതയില്‍ ഉയര്‍ത്തിപ്പിടിച്ച ആയുധങ്ങളുമായി ആരൊക്കെയോ പാഞ്ഞുനടക്കുന്നു. ഭാവനയില്‍ കാണുന്ന ഒരു പൂര്‍വ്വകാല സംഭവമെന്നനിലയിലല്ല, വരാനിരിക്കുന്ന കൊടിയ വിപത്തിന്റെ സൂചനപോലെ അതെന്നെ ഭയപ്പെടുത്തി. എനിക്കെന്റെ നിഴലിനോടുപോലും പേടിതോന്നി. നേരമേറെ വെളുത്തിട്ടും എഴുന്നേല്‍ക്കാന്‍ തോന്നിയില്ല. അകലെയൊരു അനൗണ്‍സ്‌മെന്റ് വാഹനത്തിന്റെ ഒലിയൊഴുകിയെത്തി. ”ഇന്നുവൈകീട്ടഞ്ചുമണിക്ക് മുക്കൂട്ട സെന്ററില്‍ പാര്‍ട്ടി കേന്ദ്രകമ്മിറ്റിയംഗം സഖാവ് ജോര്‍ജ്ജുമാഷ് നിങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നു. പ്രസ്തുത പരിപാടിയിലേക്ക് ഇന്നാട്ടിലെ ജനാധിപത്യവിശ്വാസികളെയെല്ലാം സഹര്‍ഷം സ്വാഗതം ചെയ്യുകയാണ്, ക്ഷണിക്കുകയാണ്…..”
വേഗം ചാടിയെണീറ്റു.
ഒടുവില്‍ വൈകീട്ടഞ്ചുമണി വന്നെത്തി….
കവലയില്‍ നിറഞ്ഞ ജനക്കൂട്ടം. സഖാവ് ജോര്‍ജ്ജുമാഷ് സംസാരിക്കുന്നു. കുലയേറ്റിയ വില്ലുകളില്‍ നിന്നും നാനാഭാഗത്തേക്കും ശരങ്ങള്‍ പാഞ്ഞു. അത് മാമുക്കയെന്ന ലക്ഷ്യത്തില്‍ തറച്ചു. പാര്‍ട്ടിക്കാര്‍ ആര്‍ത്തുവിളിച്ചു.
അവന്‍ കുലംകുത്തി…
പുകഞ്ഞ കൊള്ളി…
ആ മാമു പറയുന്നു പാര്‍ട്ടിയുടെ ലൈഫ് മിഷന്‍ ഫല്‍റ്റിന്റെ അഴിമതിയും സൊസൈറ്റി നിക്ഷേപത്തട്ടിപ്പും സ്വര്‍ണ്ണക്കടത്തും ഒടുവിലെ സര്‍ട്ടിഫിക്കറ്റ് വിവാദവും വിളിച്ചുപറയുമെന്ന്. എന്നെ കേള്‍ക്കുന്നായിരങ്ങളെ സാക്ഷിനിര്‍ത്തി ഞാന്‍ വെല്ലുവിളിക്കുന്നു. മാമുവേ…നീയാണ്‍കുട്ടിയാണെങ്കില്‍ പറയ്. ആരോടാ നിന്റെ കളി. നിനക്കീ പാര്‍ട്ടിയെക്കുറിച്ചൊരു ചുക്കും അറിയില്ല. അണികള്‍ ആര്‍ത്തിരമ്പി. മുഷ്ടി ചുരുട്ടിയ കരങ്ങള്‍ ആകാശത്തിലുയര്‍ത്തി ഇന്‍ക്വിലാബ് വിളികള്‍ മുഴങ്ങി.
ഏരിയാ സെക്രട്ടറി ശശി ഇടക്ക് ഫോണെടുത്ത് സ്‌റ്റേജിന്റെ പിന്നിലേക്ക് പായുന്നു. വീണ്ടും വരുന്നു. വീണ്ടും പായുന്നു. വിഭ്രാന്തമായ മനസ്സിന്റെ നിഴല്‍രൂപം പോലെ അയാള്‍ ഇളകിനടന്നു. സ്‌റ്റേജിന്റെ പിറകില്‍ ഒരു ഇന്നോവാ കാര്‍ വന്നുനിന്നു. അതിനുപിന്നില്‍ ഇങ്ങനെ എഴുതിയിരുന്നു. ”മാഷാ അല്ലാഹ്”
മാമുവിന്റെ ഭൗതികശരീരം ഏറ്റുവാങ്ങാന്‍ കവലയില്‍ എല്ലാ നേതാക്കളും എത്തിയിരുന്നു. പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞ് ബോഡി കൊണ്ടുവരുന്ന ആംബുലന്‍സിനെ അനുഗമിക്കാന്‍ അണികള്‍ കറുത്ത ബാഡ്ജ് ധരിച്ച് വരിവരിയായി നിന്നു. എല്ലാറ്റിനും മുന്നിലായി പ്രതിജ്ഞതെളിഞ്ഞ മുഖത്തോടെ ജോര്‍ജ്ജുമാഷുണ്ടായിരുന്നു. വൈകീട്ട് നടന്ന അനുശോചനയോഗത്തില്‍ കൊലപാതകികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് മന്ത്രി ആണയിട്ടു. അഭിപ്രായവ്യത്യാസം മുതലെടുത്ത് രാഷ്‌ട്രീയ വിരോധികള്‍ മാമുവിനെ ഇല്ലാതാക്കിയെന്നും വര്‍ഗ്ഗീയവാദികളെ പൊതുസമൂഹം ഒറ്റപ്പെടുത്തണമെന്നും മന്ത്രി ആഹ്വാനം ചെയ്തു. അന്നേദിവസം പാര്‍ട്ടി നടത്തിയ ഹര്‍ത്താലില്‍ മറ്റു പാര്‍ട്ടിക്കാരുടെ ഓഫീസും കൊടിതോരണങ്ങളും തകര്‍ത്ത സഖാക്കള്‍ക്കെതിരെ കേസെടുക്കരുതെന്ന് പോലീസിന് രഹസ്യമായ നിര്‍ദ്ദേശം കൊടുത്ത് കറുത്ത കിയാ കാറില്‍ മന്ത്രി കീഞ്ഞുപാഞ്ഞു. ആളും അരങ്ങുമൊഴിഞ്ഞു. കവലയില്‍ ഞാനും സതീശനും സുനീ
റും മാത്രമായി. ഇടയ്‌ക്ക് പോലീസ് വണ്ടികള്‍ ചീറിപ്പാഞ്ഞു. പാര്‍ട്ടി കൊടിമരത്തിന് താഴെവെച്ച മാമുക്കയുടെ ഫോട്ടോക്കരികിലേക്ക് ഞങ്ങള്‍ നടന്നു.
മാമുക്കാ….. നിങ്ങളുടെ ദൗത്യം തികച്ചും വിഫലമാകാതിരിക്കട്ടെ.
ഇല്ല സഖാവെ വിടപറയുന്നില്ല.
ഒന്നിച്ചുജീവിച്ചു പ്രവര്‍ത്തിച്ചു പോരാടിയ ഓര്‍മ്മകളുമായി ഉണ്ടാകും എപ്പോഴും. ഫോട്ടോക്കു മുന്നില്‍ മുഷ്ടി ചുരുട്ടിനിന്നു. അതിനു താഴെ എഴുതിയ വാചകം ഇങ്ങനെ യായിരുന്നു.
”കൊല്ലാം…പക്ഷേ തോല്‍പ്പിക്കാനാകില്ല…”
ചിരിക്കണമെന്നാണ് തോന്നിയത്. പക്ഷേ ചിരി വന്നില്ല. തലേദിവസത്തെ ഉറക്കച്ചടവിനാല്‍ ആഞ്ഞ് കോട്ടുവായമിട്ടു ഞങ്ങള്‍ തിരിച്ചുനടന്നു. അപ്പോള്‍ കവലയില്‍ നല്ല മഴയുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: