കാല് നൂറ്റാണ്ടുമുമ്പാണ്, എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്, ദല്‍ഹി കേരള ഹൗസില്‍ മലയാളി മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചു: നിങ്ങളില്‍ (…) ജാതിയില്‍ പെട്ട എത്രപേരുണ്ട്? സംവരണക്കാര്യം സംസാരിച്ചപ്പോഴായിരുന്നു അത്. 1998ല്‍ ആയിരുന്നിരിക്കണം. ആ നിമിഷം വരെ ഞാന്‍ എന്റെ സഹപ്രവര്‍ത്തകരുടെയോ അവര്‍ എന്റെയോ ജാതി ചോദിച്ചിരുന്നില്ല. 2023 ഒക്ടോബര്‍ 10ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ദല്‍ഹിയില്‍ പത്രസമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചു: ‘നിങ്ങളില്‍ പിന്നാക്ക വിഭാഗ ജാതിക്കാര്‍ എത്രപേരുണ്ട്?’ മാധ്യമപ്രവര്‍ത്തകരുടെ ജാതി ചോദിച്ച ഈ രാഹുല്‍ ഗാന്ധി കഴിഞ്ഞ വര്‍ഷം ‘ജാതിപ്പൂണൂല്‍’ ധരിച്ച്, ക്ഷേത്രത്തില്‍ പ്രദര്‍ശനയാത്ര നടത്തിയത് ഓര്‍മ്മയുള്ളവര്‍ക്ക് ചിരിവന്നിരിക്കണം. രാഹുലും കോണ്‍ഗ്രസും ജാതിക്ക് വെള്ളം കോരാനിറങ്ങിയത് എന്തിനാകും?
കാനേഷുമാരി എന്ന കണക്കെടുപ്പ് ജനസംഖ്യ എടുക്കല്‍ മാത്രമല്ല. ഒരു ജനതയുടെ സാമ്പത്തിക-സാമൂഹ്യ-സാംസ്കാരിക അടിസ്ഥാന വിവരങ്ങളും ജനങ്ങളുടെ പൗരബോധവും രേഖപ്പെടുത്തുകയാണ് അടിസ്ഥാന സങ്കല്‍പ്പം. പക്ഷേ, സര്‍വേയില്‍ പൗരന് പറയുന്നതാണ് വസ്തുതാ വിരുദ്ധമാണെങ്കിലും അടിസ്ഥാനം. അപ്പോള്‍ സര്‍ക്കാരിന്റെ അടിസ്ഥാന വിവരം അബദ്ധ രേഖയുമാകും. ജനസംഖ്യക്കണക്കെടുപ്പില്‍ ജാതി രേഖപ്പെടുത്താറുണ്ട്. എന്നാല്‍ ആ കണക്ക് സര്‍ക്കാര്‍ പുറത്തുപറയാറില്ല. കാരണം, ഭരണഘടനയുടെ 15-ാം അനുച്ഛേദം, അത്തരത്തിലുള്‍പ്പെടെ ഒരു ഭേദഭാവവും പൗരന്മാര്ക്കിടയില് കാണിക്കാന്‍ പാടില്ല എന്ന് പറയുന്നു.
ഭരണഘടനാ നിര്‍മ്മാണ സഭയുടെ വിവിധ യോഗങ്ങളില്‍ 1946 ഡിസംബര്‍ മുതല്‍ 1949 നവംബര്‍ വരെ ഈ വിഷയം ചര്‍ച്ച ചെയ്തു. ആ ചര്‍ച്ചകളില്‍ ഡോ. ഭീം റാവ് അംബേദ്കര്‍, ജവഹര്‍ ലാല്‍ നെഹ്റു, വല്ലഭായ് പട്ടേല്‍ തുടങ്ങിയ പ്രമുഖര്‍ ജാതി അടിത്തറയിലുള്ള കണക്കെടുപ്പുള്‍പ്പെടെ എല്ലാം രാജ്യത്തെ ശിഥിലമാക്കുകയേ ഉള്ളുവെന്ന നിലപാടുകാരായിരുന്നു. മഹാത്മാ ഗാന്ധി, റാം മനോഹര്‍ ലോഹ്യ തുടങ്ങിയവരും ഈ നിലപാടാണ് എടുത്തത്.
1931ല്‍ ഭാരതത്തില്‍ ജാതിക്കണക്കെടുപ്പ് നടന്നു; ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനി ഭരണത്തില്‍. അവര്‍ക്ക് ജാതിക്കണക്ക് ആവശ്യമായിരുന്നു; ജാതിയും മതവും ദുര്‍വിനിയോഗിച്ച് ജനങ്ങളെ ഭിന്നിപ്പിക്കാനും തമ്മിലടിപ്പിക്കാനും ഭാരതം ശിഥിലമാക്കുകയും അവരുടെ പദ്ധതിയായിരുന്നു. അത് വിദേശ മിഷണറി അജണ്ടയുമായിരുന്നു. ഇന്ന് ലഭ്യമായിരിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് ഭാരതത്തില്‍ ഏകദേശം 3000 ജാതികളുണ്ട്, 25,000 ഉപ ജാതികളും.
ജാതിതിരിച്ച് ജനങ്ങളുടെ എണ്ണം അറിയേണ്ടതുണ്ടോ? അത് രാജ്യ പുരോഗതിക്ക് ആവശ്യമാണോ? എങ്കില്‍ അതെങ്ങനെ, ആര് ചെയ്യും? ആ വിവരം ജനങ്ങള്‍ക്ക് പൊതുവായി ലഭ്യമാക്കാവുന്ന വിവരമാകുമോ? ഒരുപാട് ചോദ്യങ്ങള്‍ ഇങ്ങനെയുണ്ട്. ജാതിക്കണക്ക് സര്‍ക്കാരിനോട് സുപ്രീം കോടതിയും പല കേസുകളില്‍ ചോദിച്ചിട്ടുണ്ട്. അര്‍ഹര്‍ക്ക് സര്‍ക്കാര്‍ സഹായങ്ങള്‍ ഉറപ്പാക്കാനായിരുന്നു അത്. പക്ഷേ സ്വാതന്ത്ര്യാനന്തരം ഭാരതത്തില്‍ ജാതിക്കണക്കെടുപ്പ് നടത്തിയിട്ടില്ല. കാരണം, ജാതി ഇല്ലാതാക്കി സാമൂഹ്യസമാനത ഉണ്ടാക്കാനുള്ള പരിശ്രമമായിരുന്നു സ്വാതന്ത്ര്യത്തിനു മുമ്പും പിന്‍പും നമ്മള് നടത്തിയിരുന്നത്. മതം കക്ഷിരാഷ്ട്രീയത്തില്‍ കടന്നുകയറി മേല്‍ക്കൈ നേടുംമുമ്പേ ജാതിക്കെതിരേയുള്ള പ്രവര്‍ത്തനം ശക്തമായിരുന്നു. പക്ഷേ, സമൂഹത്തില്‍ ചിലരില്‍ ജാതിചിന്ത അഭിമാനത്തിന്റെ പേരിലായാലും അഹന്തയുടെ ഭാവത്തിലായാലും പെരുകിയിരുന്നു. എങ്കിലും ഒരുവശത്ത് ജാതിബോധം കുറഞ്ഞുവന്നപ്പോഴും ജാതി അപകര്‍ഷം അനുഭവിക്കുന്നവരും കൂടിവന്നു. അതിന് കാരണം, ചിലര്‍ രാഷ്ട്രീയ താല്‍പ്പര്യത്തിനായി അത്തരം ചിന്തകള്‍ പ്രചരിപ്പിച്ചതുമാണ്.
ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, അവിടെ ജാതി സെന്‍സസ് നടത്തുകയും അതിലെ വിവരങ്ങള്‍ പരസ്യപ്പെടുത്തുകയും ചെയ്തതാണ് ഇപ്പോഴത്തെ ചര്‍ച്ചകള്‍ക്ക് തുടക്കം. ഈ വിവരങ്ങള്‍ പരസ്യമാക്കുന്നത് ജാതി-സമുദായ സ്പര്‍ദ്ധ വളരാന്‍ ഇടയാക്കുമെന്ന കാരണത്താല്‍, സുപ്രീം കോടതി ഇടപെട്ട് ബീഹാര്‍ സര്‍ക്കാരിനെ വിലക്കിയിട്ടുണ്ട്. തുടര്‍ന്ന് കോണ്‍ഗ്രസ് പാര്‍ട്ടി അവരുടെ ഔദ്യോഗിക തീരുമാനമായി ജാതി സര്‍വേ പ്രഖ്യാപിക്കുകയായിരുന്നു. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ സര്‍വേ നടത്തും, അധികാരത്തില്‍ വരുമ്പോള്‍ ദേശീയതലത്തിലും ജാതി സര്‍വേ നടത്തുമെന്നാണ് രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനം.
ബീഹാറില്‍ ജാതിവോട്ടാണ് അവിടത്തെ രാഷ്ട്രീയം നിശ്ചയിക്കുന്നത്. നിതീഷ് കുമാര്‍ ജാതിയെ എതിര്‍ത്ത റാം മനോഹര്‍ ലോഹ്യയുടെ അനുയായിയുമാണ്. ബീഹാറിലെ ‘ഭരണ മികവിന്റെയും രാഷ്ട്രീയ തന്ത്രങ്ങ’ളുടെയും അടിസ്ഥാനത്തില്‍ ഭാരത പ്രധാനമന്ത്രി സ്ഥാനത്തേക്ക് ചിലര്‍ നിതീഷിനെ ‘പൊക്കിക്കയറ്റാന്‍’ ശ്രമിച്ചിരുന്നു. പക്ഷേ, നിതീഷിന്റെ രാഷ്ട്രീയത്തിലെ മികച്ച ഘട്ടം, അദ്ദേഹം ബിജെപിയുമായി ചേര്‍ന്നകാലത്താണ്. കേന്ദ്ര റയില്‍ മന്ത്രിയായത് വാജ്പേയി സര്‍ക്കാരിലാണ്. മുഖ്യമന്ത്രിയായത് ബിജെപി പിന്തുണയിലും. ഇപ്പോള്‍ നിതീഷിന് സാഹചര്യങ്ങള്‍ മോശമാണ്. ബീഹാറിലെങ്കിലും തുടരണമെങ്കില്‍ ചില അടവു നയങ്ങള്‍ വേണം. അതിനാണ് ബീഹാറില്‍ ജാതി സര്‍വേയും ഫലം പുറത്തുവിടലും. ലാലു-നിതീഷ് കൂട്ടിന് പോലും ബീഹാറില്‍ ബിജെപിയെ ചെറുക്കാന്‍ ജാതി വേണമെന്നാണ് സ്ഥിതി. നിതീഷിന്റെ ഈ ബിജെപി വിരുദ്ധ തന്ത്രം ദേശീയ തലത്തില്‍ പരീക്ഷിക്കാനാണ് രാഹുല്‍ ഗാന്ധി ജാതി സര്‍വേ പ്രഖ്യാപനം ഘോഷിച്ചത്. ഇതിന് താത്ത്വിക അടിത്തറ നല്കാന് ചില രാഷ്ട്രീയ പണ്ഡിതന്മാര് ‘മണ്ഡല്-കമണ്ഡല്‍’ തന്ത്രത്തിന്റെ റിവേഴ്സായി ‘കമണ്ഡല്‍-മണ്ഡല്’ എന്നൊക്കെ പറയുന്നുണ്ട്. മണ്ഡല് കമ്മീഷന് രാഷ്ട്രീയത്തെ അതിജീവിക്കാനാണ് ബിജെപി അയോദ്ധ്യാവാദം ഉയര്‍ത്തിയതെന്ന് പഴയ ‘മണ്ടന്‍ കാഴ്ചപ്പാടി’ന്റെ ചുവടുപിടിച്ചാണിത്.
പക്ഷേ, രാഹുലിന്റെ പ്രഖ്യാപനം ഭരണഘടനയേയും സുപ്രീം കോടതിയേയും സ്വന്തം പാരമ്പര്യത്തെയും ലംഘിക്കുന്നതായി. ‘എന്റെ അമ്മുമ്മ ഇന്ദിരാഗാന്ധി ഭരണഘടനപോലും മരവിപ്പിച്ചല്ലേ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്? എന്റെ അച്ഛന് സുപ്രീം കോടതി വിധി മറികടക്കാന്‍ മുസ്ലിം ജീവനാംശക്കേസില്‍ നിയമ നിര്‍മാണം നടത്തിയിട്ടുണ്ടല്ലോ?’ എന്നിങ്ങനെ ചിന്തിച്ചായിരിക്കാം മുതുമുത്തച്ഛന് നെഹ്റുവും എതിര്‍ത്ത ജാതിയെ വാഴിക്കാന്‍ തീരുമാനിച്ചത്. അവരൊക്കെ അധികാരത്തിലായിരുന്നപ്പോഴാണതൊക്കെ ചെയ്തതെന്നതുപോലും ചിന്തിക്കാന്‍ കഴിയാത്തതാണ് ‘നവകാല ഗാന്ധി’യുടെ ബുദ്ധി ഇപ്പോള്‍.
പക്ഷേ, ജാതിരാഷ്ട്രീയം ഉണ്ടാക്കിയ രാഷ്ട്രീയ ദുരന്തങ്ങള്‍ ചരിത്രമാണ്. ബിജെപിയുടെ ആദ്യരൂപമായ ജനസംഘം അംഗമായിരിക്കെ പ്രധാനമന്ത്രി മൊറാര്‍ജി ദേശായിയാണ് 1979ല്‍ പിന്നാക്ക വിഭാഗത്തിന്റെ സാമ്പത്തിക സാമൂഹ്യ സ്ഥിതി പഠിക്കാന്‍ ബി.പി. മണ്ഡലിനെ കമ്മീഷനാക്കിയത്. ആ മണ്ഡല് കമ്മീഷന്റെ രാഷ്ട്രീയ ദുരുപയോഗമാണ് ആദ്യം സംവരണ പ്രക്ഷോഭവും പിന്നെ രാഷ്ട്രീയ ദുരന്തവുമായി വി.പി. സിങ് നേതൃത്വം കൊടുത്ത രാഷ്ട്രീയ പ്രസ്ഥാനത്തെ കൊന്നുകളഞ്ഞത്. 2010 ല്‍ പാര്‍ലമെന്റില്‍ വിശദ ചര്‍ച്ച നടത്തി, 2011 ല്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ഉത്തരവിട്ടതാണ് ജാതി സെന്‍സസ് നടത്താന്‍. പല കാരണങ്ങളാല്‍ ഇതുവരെ നടന്നില്ല. അതായത് ജാതി സെന്‍സസ് നടത്തുന്നതിന് തടസമില്ല.
ഇതേ മന്‍മോഹന്‍സിങ് നിയോഗിച്ച സച്ചാര്‍ കമ്മീഷന്റെ റിപ്പോര്‍ട്ടും തുടര്‍നടപടികളുമുണ്ട്, അത് മുസ്ലിം സമൂഹത്തിന്റെ സാമ്പത്തിക-സാമൂഹ്യ സ്ഥിതി പഠിക്കാനായിരുന്നു. പക്ഷേ സര്‍വേ നടത്തുമ്പോള്‍, അത് പണ്ട് ബഹുജന്‍ സമാജ് വാദി പാര്‍ട്ടി നേതാവ് കാന്‍ഷി റാം ഉയര്‍ത്തിയ ആവശ്യത്തിനു വേണ്ടിയാകരുത്; ‘ജിസ് കീ ജിത്നീ സംഖ്യാ ഭാരീ, ഉസ്കീ ഉത്നീ ഹിസ്സേദാരീ’ (ആര്‍ക്കാണോ കൂടുതല്‍ അംഗബലം, അവര്‍ക്ക് കൂടുതല്‍ പങ്കാളിത്തം) എന്നാകരുത്. ജനസംഖ്യാനുപാതികമായി എല്ലാത്തലത്തിലും പ്രാതിനിധ്യം എന്ന അപകടവാദം ഇന്ന് ഉയര്‍ത്തുന്ന നിക്ഷിപ്ത താല്പര്യക്കാര്ക്ക് അനുകൂലമാകരുത്. ജാതി അറിയുന്നെങ്കില്‍, അതിനൊപ്പം സാമ്പത്തിക-സാമൂഹ്യ സ്ഥിതിയും അറിഞ്ഞെടുക്കേണ്ടത് ആവശ്യമാണ്. അപ്പോള്‍, നരേന്ദ്രമോദി സര്‍ക്കാര്‍ കണ്ടെത്തിയ ‘സാമ്പത്തിക പിന്നാക്ക വിഭാഗങ്ങള്‍ക്ക്’ (ഇഡബ്ല്യുഎസ്) അര്‍ഹമായ ആനുകൂല്യങ്ങള്‍ നല്‍കാനാകും. അവരുടെ ജാതി ഏതായാലും അവര്‍ക്ക് നേട്ടമുണ്ടാകും, സാമൂഹ്യ സമനിലയിലേക്കുള്ള മികച്ച കാല്‍വെപ്പുമാകും.
പക്ഷേ, ഒമ്പത് പതിറ്റാണ്ടിന് ശേഷം ജാതി സര്‍വേ നടത്തുമ്പോള്‍ ഉയരുന്ന ഒട്ടേറെ ചോദ്യങ്ങളുണ്ട്: നമ്മുടെ ചിന്തയും പ്രവൃത്തിയും പിന്നാക്കം പോവുകില്ലേ? ജാതിയെ എതിര്‍ത്ത ആചാര്യന്മാരെ തള്ളിപ്പറയുകയല്ലേ? ഹിന്ദു മതത്തിലെ മാത്രമല്ല ഇസ്ലാമിക, ക്രിസ്തു മതവിഭാഗങ്ങളിലെ ജാതിക്കണക്കും വരുന്നത് ആ മത വിഭാഗത്തിന്റെ ഐക്യരൂപഭാവങ്ങളെ ബാധിക്കില്ലേ? ജാതിഇല്ലാതാക്കാന്‍ മിശ്ര വിവാഹം നടത്തിയവര്‍ക്ക് എന്തു മറുപടി നല്‍കും? ജാതി ഇല്ലെന്നു പറയുന്നവര്‍ ഏത് വിഭാഗത്തില്‍ പെടും? ജാതി സംവരണത്തോതിലും ഘടനയിലും മാറ്റം വരില്ലേ? ഒരര്‍ത്ഥത്തില്‍ ഭരണഘടനയുടെ അടിസ്ഥാന സങ്കല്‍പ്പത്തെ റദ്ദാക്കുന്നതാകുമെന്ന വാദത്തിന് എന്തു മറുപടി നല്‍കും? ചോദ്യങ്ങള്‍ ഇനിയുമേറെയുണ്ട്…
പിന്കുറിപ്പ്:
‘മാസാണ്’ അല്ല, ‘കൊലമാസാണ്’ എന്നൊക്കെയാണ് മികവിനും സാഹസികതയ്ക്കുമൊക്കെ നവകാല ഭാഷാ പ്രയോഗങ്ങള്‍. അതിന് ‘ഹമാസാണ്’ എന്ന് മാറിയേക്കുമോ. കാരണം ‘കൊല’യും ‘ചാകലും’ ഒന്നിച്ചതാണല്ലോ അത്. ‘ഹമാസ് ഐഎസ്ഐഎസ്തന്നെയാണ്’ എന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു പ്രഖ്യാപിച്ച സ്ഥിതിക്ക് ഗാസാ ഇടുക്കായിരിക്കില്ല, അവസാന യുദ്ധത്തറയെന്ന് ലോകം ആശങ്കപ്പെടേണ്ടതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: