ന്യൂദല്‍ഹി: നിലവിലെ ചാമ്പ്യന്മാര് ഇംഗ്ലണ്ട് ഇന്ന് മൂന്നാം അങ്കത്തിനിറങ്ങുന്നു. അഫ്ഗാന് ആണ് എതിരാളികള്‍. ന്യൂദല്‍ഹി അരുണ്‍ ജയ്റ്റ്ലി സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് രണ്ടിനാണ് മത്സരം.
ഉദ്ഘാടന മത്സരത്തില്‍ ന്യൂസിലാന്‍ഡില്‍ നിന്നേറ്റ തോല്‍വിയുടെ ക്ഷീണത്തില്‍ നിന്നും ജോസ് ബട്ട്ലറും സംഘവും കഴിഞ്ഞ മത്സരത്തോടെ ഉണര്‍ന്നെണീറ്റിട്ടുണ്ട്. ധര്‍മ്മശാലയില്‍ നടന്ന പോരാട്ടത്തില്‍ 137 റണ്‍സിനായിരുന്നു 13-ാം ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ ആദ്യവിജയം. ഓപ്പണര്‍ ഡേവിഡ് മലാന്റെ സെഞ്ചുറിയായിരുന്നു ഇംഗ്ലണ്ട് ഇന്നിങ്സിന്റെ ഹൈലൈറ്റ്. 107 പന്തുകളില്‍ 140 റണ്‍സെടുത്താണ് താരം തിളങ്ങിയത്. ജോ റൂട്ടും 82 റണ്‍സുമായി തിളങ്ങി.
ആദ്യമത്സരത്തില്‍ കരുത്തരായ ന്യൂസിലാന്‍ഡിനെ എതിരിടേണ്ടി വന്ന ഇംഗ്ലണ്ടിന് കഴിഞ്ഞ കളിയില്‍ താരതമ്യേന ദുര്‍ബലരായ ബംഗ്ലാദേശിനെ കിട്ടിയത് ടൂര്‍ണമെന്റില്‍ തിരിച്ചുവരവിനുള്ള അവസരമായി. ഇന്നത്തെ മത്സരം അഫ്ഗാനോടായതിനാല് ഇംഗ്ലണ്ടിന് കുറേക്കൂടി ആത്മവിശ്വാസം വീണ്ടെടുക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍.
അഫ്ഗാനിസ്ഥാന് കളിച്ച രണ്ട് മത്സരങ്ങളിലും നേരിട്ടത് അയല്ക്കാരെയായിരുന്നു. രണ്ടിലും പരാജയപ്പെട്ടു. പോയിന്റ് പട്ടികയില്‍ ഏറ്റവും താഴെ നില്ക്കുന്ന ടീം ആണ്. ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനോട് ആറ് വിക്കറ്റിന് പരാജയപ്പെട്ടു. രണ്ടാം മത്സരത്തില്‍ ഭാരതത്തിനോട് എട്ട് വിക്കറ്റിനും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: