ന്യൂദല്‍ഹി: ഇസ്രായേല്‍-ഹമാസ് യുദ്ധഭൂമിയില്‍ നിന്ന് ഭാരതീയരെ തിരിച്ചെത്തിക്കാനുള്ള ഓപ്പറേഷന് അജയ്യുടെ ഭാഗമായ ആദ്യവിമാനം ദല്‍ഹിയിലെത്തി. ഇന്നലെ രാവിലെ ആറോടെയാണ് എയര്‍ ഇന്ത്യ വിമാനം ദല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയത്. ഏഴു മലയാളികളുള്‍പ്പെടെ 212 പേരാണ് ടെല്‍അവീവില്‍ നിന്നുള്ള ആദ്യ വിമാനത്തിലുണ്ടായിരുന്നത്. സംഘത്തെ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു.
യുദ്ധം സംബന്ധിച്ചും ഇസ്രായേലിലെ ഭാരതീയരെക്കുറിച്ചുമുള്ള വിശദാംശങ്ങള്‍ അദ്ദേഹം ചോദിച്ചറിഞ്ഞു. സംഘത്തെ സുരക്ഷിതമായെത്തിച്ച വിമാന ജീവനക്കാരോട് മന്ത്രി നേരിട്ടു നന്ദി പറഞ്ഞു.
പ്രതിസന്ധി ഘട്ടങ്ങളില്‍ ലോകത്തെവിടെയുമുള്ള ഭാരതീയര്‍ക്കൊപ്പം നരേന്ദ്ര മോദി സര്‍ക്കാരുണ്ടാകുമെന്ന് രാജീവ് ചന്ദ്രശേഖര്‍ പ്രതികരിച്ചു. മടങ്ങാനാഗ്രഹിക്കുന്ന എല്ലാവരെയും സുരക്ഷിതരായെത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇസ്രായേലില്‍ നിന്ന് മടങ്ങിയെത്തിയവരെ രാജ്യത്തിനുവേണ്ടി പ്രധാനമന്ത്രിയുടെ പ്രതിനിധിയായി സ്വീകരിക്കാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ഥ്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിദേശത്തുള്ള ഭാരതീയരുടെ സുരക്ഷയ്ക്ക് നരേന്ദ്ര മോദി സര്‍ക്കാര്‍ എപ്പോഴും പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന് പറഞ്ഞു.
വിദേശകാര്യ മന്ത്രാലയം സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയും ആവശ്യമായ വിവരങ്ങളും സഹായവും നല്‍കുകയും ചെയ്യുന്നത് തുടരുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഓപ്പറേഷന് അജയ്യുടെ ഭാഗമായി വിദേശകാര്യ മന്ത്രാലയം ആരംഭിച്ച കണ്ട്രോള് റൂം സന്ദര്‍ശിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഓപ്പറേഷന് അജയ്യുടെ ഭാഗമായ രണ്ടാമത്തെ വിമാനം ഇന്ന് രാവിലെ ദല്‍ഹിയിലെത്തും. സംഘത്തില്‍ പതിനാറ് മലയാളികളുണ്ട്. എംബസി വഴി രജിസ്റ്റര്‍ ചെയ്തവരെയാണ് ഓപ്പറേഷന് അജയ്യിലൂടെ നാട്ടിലെത്തിക്കുന്നത്. ഭാരതീയരെ തിരിച്ചെത്തിക്കാന്‍ ആവശ്യമെങ്കില്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കു പുറമേ മറ്റു മാര്‍ഗങ്ങളും ഭാരതം പരിഗണിക്കും. ദല്‍ഹിയിലെത്തുന്ന മലയാളികള്‍ക്ക് സൗകര്യമൊരുക്കാന്‍ ദല്‍ഹി കേരള ഹൗസില്‍ ഹെല്പ് ഡെസ്കും കണ്ട്രോള് റൂമും തയാറാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: