ലഖ്നൗ: വിവിധ രാജ്യങ്ങളില്‍ സംഘര്‍ഷങ്ങള്‍ നടക്കുന്ന ഈ കാലഘട്ടത്തില്‍ സനാതന ധര്മത്തിന് മാത്രമേ ലോകത്ത് സമാധാനം ഉറപ്പ് നല്‍കാനാകൂവെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സനാതന ധര്മത്തിലൂടെ ഋഷിമാര്‍ ഏത്
പ്രശ്നത്തെയും നേരിടുമെന്നും പൊതുപ്രവര്‍ത്തനത്തില്‍നിന്ന് അവരെ പിന്തിരിപ്പിക്കാന് സാധിക്കില്ലെന്നും യോഗി പറഞ്ഞു. റോഹ്തകിലെ ബാബ മസ്ത്നാഥ് മഠത്തില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ജനങ്ങളുടെ ക്ഷേമം ഉറപ്പുവരുത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഏക് ഭാരത് ശ്രേഷ്ഠ ഭാരത് പരിപാടി ഈ ലക്ഷ്യം വച്ചുകൊണ്ടുള്ളതാണ്. ഇതിനെക്കുറിച്ചുള്ള അറിവ് എല്ലാ ഗ്രാമങ്ങളിലും എത്തിക്കുമെന്നും യോഗി പറഞ്ഞു.
അഫ്ഗാനിസ്ഥാന്, ഉക്രൈന്, ഗാസ എന്നിവിടങ്ങളില്‍നിന്നെല്ലാം ജനം ഓടി രക്ഷപ്പെടുകയാണ്. എല്ലാ രാജ്യത്തെയും ദുരിതത്തിലായ മനുഷ്യര്‍ ഭാരതത്തിലേക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിയിലേക്കുമാണ് ഉറ്റുനോക്കുന്നത്. ഭാരതം മാത്രമാണ് ഏക പ്രതീക്ഷയെന്ന് അവര്‍ വിശ്വസിക്കുന്നു. ഭാരതത്തിലെ 140 കോടി ജനത ഒന്നിച്ച് ഒറ്റ ശക്തിയായി മാറുകയാണ്, യോഗി പറഞ്ഞു. ഭാരതത്തിന്റെ ഐക്യത്തിനായി പ്രവര്‍ത്തിക്കുന്ന ഋഷിമാരെ അദ്ദേഹം പ്രശംസിച്ചു.
രാമക്ഷേത്രത്തിനായുള്ള പ്രക്ഷോഭത്തിലുള്‍പ്പെടെ ഋഷിമാര്‍ വലിയ പങ്ക് വഹിച്ചു. ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ഋഷിമാര്‍ എത്തിയിട്ടുണ്ട്. ഇവിടെ ജാതിയുടെയോ മതത്തിന്റെയോ വേര്‍തിരിവ് ഇല്ല. എല്ലാ വിഭാഗം ആരാധനകളും പാരമ്പര്യങ്ങളും വിശ്വാസങ്ങളും സനാതന ധര്‍മത്തിന്റെ അന്തഃസത്ത മനസിലാക്കാനാണ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: