തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനു കീഴിലെ പൊതുമേഖലാ സ്ഥാപനമായിരുന്നിട്ടും കെഎസ്ആര്‍ടിസിയെ കമ്പനിവല്ക്കരിക്കുന്ന ഇടതുസര്‍ക്കാര്‍ നയം തിരുത്തണമെന്ന് കെഎസ്ടി എംപ്ലോയീസ് സംഘ്.
സംസ്ഥാനത്തെ അഭ്യസ്തവിദ്യരുടെ ആശാകേന്ദ്രമായ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനം കഴിഞ്ഞ അഞ്ചു വര്‍ഷത്തിലധികമായി നിയമനം നടത്തുന്നില്ല. തൊഴിലില്ലായ്മ ചൂഷണം ചെയ്ത്, കെ സ്വിഫ്റ്റ് കമ്പനിയില്‍ നിയമനം നടത്തി നിലവിലെ തൊഴില്‍ നിയമങ്ങളേയും നിയമന ഏജന്‍സികളേയും നോക്കുകുത്തിയാക്കുന്നു.
കെഎസ്ആര്‍ടിസിക്ക് അവകാശപ്പെട്ട ബജറ്റു വിഹിതവും കേന്ദ്ര സഹായവും കെ സ്വിഫ്റ്റ് കമ്പനിക്ക് മാത്രമായി വകമാറ്റുന്നു. കെഎസ്ആര്‍ടിസിക്ക് പുതിയ ബസ്സുകള്‍ 2016 ന് ശേഷം വാങ്ങിയിട്ടില്ല. ഭാരതത്തിലെ വിവിധ ആര്‍ടിസികളെ അതറ സംസ്ഥാന സര്‍ക്കാര്‍ സഹായത്തില്‍ നിലനിര്‍ത്തുന്നത് കേരളവും മാതൃകയാക്കണം. എംപ്ലോയീസ് സംഘിന്റെ ജനറല്‍ ബോഡി യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് ബിഎംഎസ് ദക്ഷിണ ക്ഷേത്രീയ സഹ സംഘടനാ സെക്രട്ടറി എം.പി.രാജീവന് പറഞ്ഞു.
പരിഷ്ക്കരണത്തിന്റെ പേരില്‍ സ്വകാര്യവല്‍ക്കരണം അജണ്ടയാക്കി സര്‍ക്കാര്‍ അംഗീകരിച്ച ഖന്ന റിപ്പോര്‍ട്ടിലെ എല്ലാ ശിപാര്‍ശകളും നടപ്പാക്കിയിട്ടും സ്ഥാപനത്തിന് സ്വന്തം കാലില്‍ നില്ക്കാനാവുന്നില്ല. ശമ്പളം ഗഡുക്കളാക്കുന്നു. ജീവനക്കാരുടെ വിഷയങ്ങളില്‍ കോടതി ഉത്തരവുകളെപ്പോലും അവഗണിക്കുന്നതിലെ ജീവനക്കാരുടെ പ്രതിഷേധവും ശക്തമാണ്. രാജ്യം എല്ലാ കാര്യങ്ങളിലും മുന്നോട്ടു കുതിക്കുമ്പോള്‍ കേരളം ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനത്തെപ്പോലും സംരക്ഷിക്കാനാവാതെ പിന്നാക്കം പോവുന്ന നയം തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് ജി.കെ. അജിത് അധ്യക്ഷത വഹിച്ചു. ദേശീയ സംഘടനാ സെക്രട്ടറി ബി. സുരേന്ദ്ര, ബിഎംഎസ് ദക്ഷിണ മധ്യ ക്ഷേത്രീയ സംഘടനാ സെക്രട്ടറി എസ്. ദുരൈരാജ് എന്നിവര്‍ വിവിധ തൊഴില്‍ വിഷയങ്ങളെ അധികരിച്ച് പ്രഭാഷണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: