കൊച്ചി: മൂന്നാറിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്ന നടപടികള്‍ പുരോഗമിക്കുന്ന സാഹചര്യത്തില്‍ ഇടുക്കി ജില്ലാ കളക്ടറെ ഉത്തരേന്ത്യയിലെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കുന്നത് ഹൈക്കോടതി തടഞ്ഞു. കോടതിയുടെ തുടര്‍ ഉത്തരവില്ലാതെ ജില്ലാ കളക്ടറെ മാറ്റരുതെന്നും ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പന് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റെ ഉത്തരവില്‍ പറയുന്നു.
മൂന്നാറിലെ കൈയേറ്റങ്ങളും അനധികൃത നിര്‍മാണങ്ങളും തടയണമെന്നാവശ്യപ്പെട്ട് തൃശ്ശൂരിലെ വണ്‍ എര്‍ത്ത് വണ്‍ ലൈഫ് എന്ന സംഘടനയടക്കം നല്കിയ ഹര്‍ജികളിലാണ് ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്. മൂന്നാറില്‍ 300 ലേറെ കൈയേറ്റങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെങ്കിലും 70 ല്‍പരം കേസുകളിലാണ് അപ്പീല്‍ നിലവിലുള്ളതെന്നും ഇതു രണ്ടുമാസത്തിനകം തീര്‍പ്പാക്കുമെന്നും കളക്ടര്‍ നേരത്തെ കോടതിയില്‍ അറിയിച്ചിരുന്നു.
ഇതിനുള്ള നടപടികള്‍ തുടരുന്നതിനിടെ കളക്ടറെ ഉത്തരേന്ത്യയിലെ ഇലക്ഷന് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ടെന്ന് അമിക്കസ് ക്യൂറി കഴിഞ്ഞതവണ ഹര്‍ജി പരിഗണിച്ചപ്പോള്‍ ഹൈക്കോടതിയില്‍ അറിയിച്ചു. കളക്ടറെ ഈ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ടെങ്കില്‍ അതു പുനഃപരിശോധിക്കാന്‍ സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. ഹര്‍ജി ഇന്നു വീണ്ടും പരിഗണിച്ചേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: