തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ ആരോപണവിധേയനായ സെക്രട്ടേറിയറ്റിലെ അഡീഷണല്‍ സെക്രട്ടറിക്ക് ഐഎഎസ് നല്‍കുന്നതിനായി സംസ്ഥാന സര്‍ക്കാരിന്റെ ശിപാര്‍ശ. മാരിടൈം ബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി ഡെപ്യൂട്ടേഷനില്‍ ജോലി ചെയ്യുന്ന ഷൈന്‍ എ. ഹക്കിന് വേണ്ടിയാണ് കേന്ദ്രസര്‍ക്കാരിന് കേരളം സെലക്ട് ലിസ്റ്റ് നല്‍കിയിരിക്കുന്നത്. നിലവില്‍ രണ്ടുപേര്‍ക്കാണ് ഐഎഎസ് ലഭിക്കാന്‍ അര്‍ഹത. ഹക്ക് ഉള്‍പ്പെടെ സിപിഎം അനുകൂലികളായ പത്ത് പേരുടെ പട്ടികയാണ് കേന്ദ്രത്തിന് കൈമാറിയത്.
പ്രോട്ടോക്കോള്‍ ഓഫീസര്‍ ആയിരിക്കെ ഷൈന്‍ എ. ഹക്കിനെതിരെ നിരവധി ആരോപണങ്ങളും പരാതികളും ഉയര്‍ന്നിരുന്നു. കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന നിരവധി പദ്ധതികള്‍ സംബന്ധിച്ച് പ്രധാനമന്ത്രിയെ സമൂഹമാധ്യങ്ങള്‍ വഴി ഹക്ക് അധിക്ഷേപിച്ചിരുന്നു. മുന്‍ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിനെ സ്ത്രീലമ്പടന്‍ എന്നുവരെ സമൂഹമാധ്യമങ്ങള്‍ വഴി ഇയാള്‍ അധിക്ഷേപിച്ചു.
ബിജെപി തിരുവനന്തപുരം നഗരസഭാ കൗണ്‍സില്‍ പാര്‍ട്ടി ലീഡറായിരുന്ന അഡ്വ.വി.ജി. ഗിരികുമാര്‍ ഇയാള്‍ക്കെതിരെ ചീഫ് സെക്രട്ടറിക്ക് പരാതി നല്കി. ഹക്ക് ചീഫ് പ്രോട്ടോക്കോള്‍ പദവിയില്‍ ഇരുന്നാല്‍ പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ കേരളം സന്ദര്‍ശിക്കുമ്പോള്‍ സുരക്ഷ അപകടത്തിലാകുമെന്ന് ബിജെപി തിരുവനന്തപുരം മുന്‍ ജില്ലാ പ്രസിഡന്റ് എസ്. സുരേഷ് സംസ്ഥാന സര്‍ക്കാരിനും കേന്ദ്ര സര്‍ക്കാരിനും പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് ഇയാളെ ചീഫ് പ്രോട്ടോക്കോള്‍ ഓഫീസര്‍ പദവിയില്‍ നിന്നും മാറ്റി. എന്നാല്‍ ഭരണ സ്വാധീനം ഉപയോഗിച്ച് ജോയിന്റ് പ്രോട്ടോക്കോള്‍ ഓഫീസര്‍ പദവിയിലേക്ക് ഹക്കിനെ നിയമിച്ചു.
സമൂഹമാധ്യമങ്ങളിലെ വിമര്‍ശനത്തില്‍ വിശദീകരണം ചോദിച്ച ചീഫ് സെക്രട്ടറിക്ക് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നായിരുന്നു ഹക്കിന്റെ മറുപടി. തൃപ്തികരമായ മറുപടി ഹക്കില്‍ നിന്നും തേടാതെ പരാതി സര്‍ക്കാര്‍ അവസാനിപ്പിച്ചു.
പ്രോട്ടോക്കോള്‍ ഓഫീസര്‍ പദവിയിലിരിക്കെ ഹക്കിനെതിരെ ഗുരുതരആരോപണവും ഉയര്‍ന്നു. സ്വപ്ന സുരേഷുമായി ബന്ധപ്പെട്ട് സ്വര്‍ണക്കടത്ത് കേസില്‍ വിമാനത്താവളത്തിലെ കേരള പോലീസിന്റെ പരിശോധന വീഴ്ച സംബന്ധിച്ച് പ്രോട്ടോക്കോള്‍ ഓഫീസര്‍ക്ക് അറിയാമായിരുന്നു എന്നായിരുന്നു ആരോപണം. ഇത് സംബന്ധിച്ച് കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്തിയിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്റെ അടുത്ത അനുയായിയാണ് ഹക്ക്. മുഖ്യമന്ത്രി പ്രത്യേക താല്‍പ്പര്യം എടുത്താണ് ഹക്കിനെ സംരക്ഷിക്കുന്നതും ഇപ്പോള്‍ ഐഎഎസ് നല്കാന് ശിപാര്‍ശ നല്കിയതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: