ന്യൂദല്‍ഹി: ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍ വധശ്രമ കേസില്‍ കുറ്റക്കാരനെന്ന വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. ഫൈസലിന് എം പി സ്ഥാനത്ത് തുടരാമെന്നും സുപ്രീംകോടതി അറിയിച്ചു.
കേരള ഹൈക്കോടതി ഉത്തരവിനെതിരെ മുഹമ്മദ് ഫൈസല്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സ്റ്റേ അനുവദിച്ചത്. കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചു. നാലാഴ്ചക്ക് ശേഷം കേസില്‍ വാദം കേള്‍ക്കുമെന്നും ജസ്റ്റിസ് ഹൃഷികേശ് റോയ്, സജ്ജയ് കരോള്‍ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഫൈസലിനായി കപില്‍ സിബല്‍, കെ.ആര് ശശി പ്രഭു എന്നിവരാണ് കോടതിയില്‍ ഹാജരായത്.
മുഹമ്മദ് ഫൈസലിന് വധശ്രമക്കേസില്‍ കവരത്തി കോടതി ശിക്ഷ വിധിച്ചതോടെയായിരുന്നു ആദ്യം അയോഗ്യനാക്കപ്പെട്ടത്. പിന്നീട് സുപ്രീം കോടതിയെ സമീപിച്ച് ശിക്ഷാ വിധിക്ക് സ്റ്റേ നേടി. ഇതിന് ശേഷം എംപി സ്ഥാനം പുനഃസ്ഥാപിച്ചു.
കേസ് പിന്നീട് ഹൈക്കോടതിയിലെത്തി. എന്നാല്‍ ശിക്ഷാ വിധി ഹൈക്കോടതി സ്റ്റേ ചെയ്യാതിരുന്നതോടെ വീണ്ടും അയോഗ്യനായി. പിന്നാലെ സുപ്രീംകോടതിയെ സമീപിച്ചാണ് ഇപ്പോള്‍ സ്റ്റേ നേടിയത്. വധശ്രമക്കേസില്‍ മുഹമ്മദ് ഫൈസലിനെ പത്തു വര്‍ഷമാണ് ശിക്ഷിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: