തൃശ്ശൂര്‍: പുത്തന്‍പീടിക നടുറോഡില്‍ ഗുണ്ടയുടെ പരാക്രമം. നിരവധി ക്രിമിനല്‍കേസുകളില്‍ പ്രതിയായ വെങ്കിടങ്ങ് സ്വദേശി സിയാദാണ് നടുറോഡില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. പോലീസ് സംഘത്തിന് നേരേ അസഭ്യവര്‍ഷം നടത്തിയ ഇയാള്‍ കത്തിവീശി പോലീസിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഒടുവില്‍ അന്തിക്കാട് പോലീസ് ബലംപ്രയോഗിച്ചാണ് സിയാദിനെ കീഴ്പ്പെടുത്തി കസ്റ്റഡിയിലെടുത്തത്.
ഞായറാഴ്ച വൈകിട്ട് പുത്തൻപീടികയിലെ കള്ളുഷാപ്പിന് മുന്നിലായിരുന്നു സംഭവം. മദ്യപിച്ച് ലക്കുക്കെട്ട സിയാദ് നടുറോഡില്‍ പരാക്രമം കാണിക്കുന്ന വിവരമറിഞ്ഞാണ് പോലീസ് സ്ഥലത്തെത്തിയത്. എന്നാല്‍, സ്ഥലത്തെത്തിയ പോലീസ് സംഘത്തോടും ഇയാള്‍ കയര്‍ത്തു. പോലീസ് വാഹനത്തില്‍ കയറാന്‍ കൂട്ടാക്കാതിരുന്ന പ്രതി, പോലീസുകാരെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. താന്‍ 32 കേസുകളില്‍ പ്രതിയാണെന്ന് വീരവാദം മുഴക്കിയ പ്രതി, വീട്ടില്‍ പെണ്ണും കുട്ടികളുമില്ലേ എന്ന് ചോദിച്ചാണ് പോലീസുകാരെ ഭീഷണിപ്പെടുത്തിയത്. ഇതിനുപുറമേ തുടര്‍ച്ചയായി അസഭ്യം പറയുകയും ചെയ്തു. തുടര്‍ന്ന് പോലീസ് ഇയാളെ പിടികൂടാന്‍ ശ്രമിച്ചതോടെയാണ് കത്തിവീശിയത്.
തൃശൂർ പാവറട്ടി സ്റ്റേഷനിൽ മാത്രം 32 ക്രിമിനൽ കേസുകളാണ് ഗുണ്ടാസംഘത്തിൽ ഉൾപ്പെട്ട സിയാദിന്റെ പേരിലുള്ളത്. വധശ്രമം ഉൾപ്പെടെയുള്ള കേസുകളിൽ പ്രതിയായ ഇയാളെ നേരത്തേ കാപ്പ ചുമത്തി നാടുകടത്തിയിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഇതിന്റെ കാലയളവ് പൂർത്തിയായതിന് പിന്നാലെയാണ് ഇയാൾ നാട്ടിൽ തിരിച്ചെത്തിയത്. ഞായറാഴ്ച വൈകിട്ട് അന്തിക്കാട് പോലീസ് കസ്റ്റഡിയിലെടുത്ത സിയാദിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. ഇയാളെ റിമാൻഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: