ഏഷ്യന്‍ ഗെയിംസ് ഞായറാഴ്ച സമാപിച്ചു.തിങ്കളാഴ്ച തന്നെ മീഡിയ വില്ലേജില്‍ നിന്ന് മാധ്യമ പ്രവര്‍ത്തകര്‍ ഒഴിയണമെന്ന് സംഘാടകര്‍ നേരത്തെ നിര്‍ദേശിച്ചിരുന്നു. ഇന്നലെ മുന്നറിയിപ്പ് ആവര്‍ത്തിച്ചു. കൂടുതല്‍ ദിവസം ചൈനയില്‍ കഴിയണമെങ്കില്‍ ഹോട്ടലിലേക്കു മാറാം. പക്ഷേ, അധികൃതരെ അറിയിക്കണമെന്ന് മാത്രമല്ല, അവര്‍ നിര്‍ദേശിക്കുന്ന ഹോട്ടലിലേ താമസിക്കാന്‍ സാധിക്കൂ. പക്ഷേ, അതും നീളാന്‍ അനുവദിക്കുമെന്നു തോന്നുന്നില്ല. നേരത്തെ ഈ നിര്‍ദേശം കിട്ടിയിരുന്നതിനാല്‍ ഞാന്‍ നാട്ടില്‍ നിന്നു തന്നെ അക്കോമഡേഷന്‍ വിഭാഗത്തിന് ഒരു മെയില്‍ അയച്ചിരുന്നു.മാറേണ്ട സമയം ചോദിച്ച് .മറുപടി ഉടനെ വന്നു. ‘രാത്രി 11 നു മുമ്പ്,പ്ലീസ്.’
ഇന്ത്യ 28 സ്വര്‍ണം ഉള്‍പ്പെടെ 107 മെഡല്‍ സ്വന്തമാക്കിയത് ഇവിടെ പരക്കെ ചര്‍ച്ചയായി. മറ്റു രാജ്യക്കാര്‍ ചോദിച്ചു തുടങ്ങി. അഭൂതപൂര്‍വമായ കുതിപ്പിന്റെ കാരണം മാധ്യമ പ്രവര്‍ത്തകര്‍ മാത്രമല്ല ,പരിശീലകരും ഒഫിഷ്യല്‍സും തിരക്കുന്നു. ബാഡ്മിന്റന്‍, സ്ക്വാഷ് ഷൂട്ടിങ്എന്നിവയില് വലിയ കുതിപ്പ് സാധ്യമായി.കബഡിയില്‍ ആധിപത്യം വീണ്ടെടുത്തു.
വോളിബോള്‍ ,ബാസ്ക്കറ്റ്ബോള്‍ ടീമുകളെയൊക്കെ അയയ്ക്കാതെ മറ്റ് ഇനങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കരുതോയെന്ന് ഒരു വിദേശ പരിശീലകന് അഭിപ്രായപ്പെട്ടു.
നീരജ് ചോപ്രയ്ക്കു പുറമെ ദീപിക പള്ളിക്കലും ഏഷ്യന്‍ ഗെയിംസ് ടാബ്ളോയിഡില് സ്ഥാനം പിടിച്ചു.സ്ക്വാഷ് മിക്സ്ഡ് ഡബിള്‍സിലെ സുവര്‍ണ നേട്ടം ഇന്ത്യയില്‍ കൂടുതല്‍ വനിതകള്‍ സ്പോര്‍ട്സിലേക്കു വരുവാന്‍ ഇടയാക്കുമെന്ന് ഏഷ്യന്‍ ഗെയിംസ് മുഖപത്രം എഴുതി .സ്ക്വാഷിലെ ഇന്ത്യന്‍ കുതിപ്പ് ശ്രദ്ധിക്കപ്പെട്ടുവെന്നു സാരം.
ക്രിക്കറ്റില്‍ മഴമൂലം കളി മുടങ്ങിയപ്പോള്‍ സ്വര്‍ണമെഡല്‍ പങ്കുവയ്ക്കേണ്ടതിനു പകരം റാങ്ക് നോക്കി ഇന്ത്യക്ക് സ്വര്‍ണവും അഫ്ഗാനിസ്ഥാന് വെള്ളിയും നല്കിയ നടപടി സ്പോര്‍ട്സ് മാന്‍ സ്പിരിറ്റിനു ചേര്‍ന്നതല്ല എന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.ഒരു ടീമിനുള്ള സ്വര്‍ണവും വെള്ളിയും ഓടും മെഡലുകളേ സംഘാടകര്‍ കരുതിയിരുന്നുള്ളൂ എന്ന് അറിയുന്നു.
റാങ്കിങ് നോക്കിയാണത്രെ ഇന്ത്യക്കു സ്വര്‍ണം നല്‍കിയത്. പക്ഷേ, റാങ്ക് ഒന്നാം നിര ടീമിനല്ലേ? ഇവിടെ മത്സരിച്ചത് ബി ടീമാണ്.
പക്ഷേ, ഇക്കാര്യത്തില്‍ കളിക്കാര്‍ നിരപരാധികളാണ്. അവര്‍ കളിച്ച ജയിക്കാനാണ് എത്തിയത്.മെഡല്‍ നിര്‍ണയത്തില്‍ ഇന്ത്യക്കു റോള്‍ ഇല്ല.
ജക്കാര്‍ത്തയില്‍ സെമിയില്‍ ഇറാനോട് തോറ്റ ഇന്ത്യന്‍ കബഡി പുരുഷ ടീം ഇത്തവണ സ്വര്‍ണം വീണ്ടെടുത്തത് കേരളത്തില്‍ നിന്നുള്ള കോച്ച് ഇ.ഭാസ്ക്കരനു നേട്ടമായി.
ഫൈനലില്‍ ഇറാനെയാണു തോല്പിച്ചത്. മാത്രമല്ല, നേരത്തെ ഭാസ്കരന് ഇന്ത്യയുടെ പുരഷ, വനിതാ ടീമുകളെ ഒരാ തവണ പരിശീലിപ്പിച്ചപ്പോഴും ഏഷ്യന്‍ ഗെയിംസ് സ്വര്‍ണം ഇന്ത്യക്കായിരുന്നു. മൂന്നു തവണ ഇന്ത്യക്കു സുവര്‍ണ വിജയം ഒരുക്കിയ കോച്ച് എന്ന് ഭാസ്ക്കരന്‍ അഭിമാനിക്കാം.
അടുത്ത ഏഷ്യന്‍ ഗെയിംസ് ജപ്പാനിലാണ്. മൂന്നു വര്‍ഷം മാത്രം അകലെ. പക്ഷേ, ഒളിംപിക് കൗണ്‍സില്‍ ഓഫ് ഏഷ്യ പ്രസിഡന്റ് രാജാ രണ്‍ധീര്‍ സിങ് പറഞ്ഞു പോലെ ചൈന സംഘാടക മികവിന്റെ ബാര്‍ ഒത്തിരി ഉയരത്തിലാക്കി. അതു മറികടക്കാന്‍ ഏറെ കഷ്ടപ്പെടേണ്ടി വരും.1994ല്‍ ഹിരോഷിമയില്‍ കുറ്റമറ്റ രീതിയില്‍ ഏഷ്യന്‍ ഗെയിംസ് നടത്തിയ ചരിത്രം ജപ്പാനുണ്ട്.പക്ഷ, ചെറിയ രാജ്യങ്ങള്‍ക്കു ബുദ്ധിമുട്ടാകും. 2018ല്‍ വിയറ്റ്നാം പിന് വാങ്ങിയതിനെ തുടര്‍ന്നാണ് ഇന്തൊനീഷ ഏറ്റെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: