തിരുവനന്തപുരം: തലസ്ഥാന നഗരത്തില്‍ മയക്കുമരുന്ന് വസ്തുക്കളുള്‍പ്പെടെയുള്ള ലഹരി മരുന്നുകള്‍ ഉപയോഗിച്ച് പൊതുനിരത്തില്‍ കറങ്ങുന്നവര്‍ക്ക് ഇനി പിടിവീഴും. പൂട്ടാന്‍ ഉമിനീര് പരിശോധനാ യന്ത്രവുമായി പോലീസ്. പരീക്ഷണാടിസ്ഥാനത്തില്‍ തലസ്ഥാനത്തിറക്കിയ യന്ത്രത്തിലൂടെ പലരും കുടുങ്ങി. പരിശോധനയ്ക്കിടെ ഒരു വാഹന മോഷ്ടാവും കുടുങ്ങി.
മദ്യപിച്ച് വാഹനമോടിച്ചാല്‍ ബ്രീത്ത് അനലൈസറിലൂടെയാണ് കണ്ടെത്തുന്നത്. എന്നാല്‍ ലഹരി മരുന്നുപയോഗിച്ചെന്ന് ഇതിലൂടെ തിരിച്ചറിയാന്‍ പ്രയാസമാണ്. സംശയത്തിന്റെ അടിസഥാനത്തില്‍ ഒരാളെ കൊണ്ടുപോയി വൈദ്യപരിശോധന നടത്തി ഫലം ലഭിക്കണം. ഇതിനുള്ള പരിഹാരമായാണ് പുതിയ മെഷീന്.
ലഹരി മരുന്നുകള്‍ ഉപയോഗിക്കുന്നവരെ കണ്ടെത്താന്‍ സിറ്റി പോലീസ് ‘മൊബൈല്‍ ടെസ്റ്റ് സിസ്റ്റം’ എന്ന പ്രത്യേകസംവിധാനമാണ് ഏര്‍പ്പെടുത്തിയതെന്ന് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ നാഗരാജു ചകിലം അറിയിച്ചു. ഡെപ്യൂട്ടി പോലീസ് കമ്മീഷണറുടെ (ക്രമസമാധാനം ആന്‍ഡ് ട്രാഫിക്) മേല്‍നോട്ടത്തില്‍ നര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പരിശോധനകള്‍ നടത്തുന്നത്.
മൊബൈല്‍ ടെസ്റ്റ് സിസ്റ്റം എന്ന ഉപകരണം ഉപയോഗിച്ച് നഗരത്തിലെ വിവിധ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് കഴിഞ്ഞ ദിവസം മുതല്‍ ആരംഭിച്ച പരിശോധനയില്‍ നിരവധി പേരാണ് പിടിയിലായത്. എംഡിഎംഎ, ലഹരിഗുളികകള്‍, കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ ഉപയോഗിച്ചവരെയാണ് ഈ സംവിധാനം വഴി കണ്ടെത്താനാകുന്നത്. ലഹരി മരുന്ന് ഉപയോഗിച്ച് അമിതവേഗതയിലും അപകടകരമായ രീതിയിലും വാഹനം ഓടിക്കുന്നവരെ കണ്ടെത്തി സംവിധാനം ഉപയോഗിച്ച് പരിശോധന നടത്തി നിയമനടപടി സ്വീകരിക്കും. സാമൂഹ്യവിരുദ്ധര്‍ കൂട്ടംകൂടി ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നുവെന്ന് കണ്ടത്തിയിട്ടുള്ള സ്ഥലങ്ങളും ബസ്സ്റ്റാന്‍ഡുകളും കേന്ദ്രീകരിച്ച് പരിശോധനകള്‍ ശക്തമാക്കും.
സംശയമുള്ള ഒരാളുടെ ഉമിനീരെടുത്ത് മെഷീനില്‍ വെയ്ക്കും. അഞ്ച് മിനിറ്റിനുള്ളില്‍ ഫലമറിയാം. രണ്ട് ദിവസം മുമ്പ് ലഹരി ഉപയോഗിച്ചാല്‍ പോലും മെഷീന് പിടികൂടും. പരീക്ഷണാടിസ്ഥത്തിലാണ് ബെംഗളൂരു ആസ്ഥാനമായ കമ്പനിയുമായി സഹകരിച്ചുള്ള പരിശോധന. വിജയകരമെങ്കില്‍ മെഷീന് വാങ്ങാന്‍ പോലീസ് ശുപാര്‍ശ നല്‍കുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു.
പുത്തരിക്കണ്ടത്ത് പരിശോധന നടത്തുന്നതിനിടെയാണ് വാഹന മോഷ്ടാവ് പെട്ടത്. സംശയാസ്പദമായി കണ്ടെത്തിയ യുവാവിന്റെ പോക്കറ്റിലെ താക്കോല്‍ കണ്ട് പോലീസ് ചോദ്യം ചെയ്തപ്പോഴാണ് വലിയതുറയില്‍ നിന്നും മോഷ്ടിച്ച ബൈക്ക് മറ്റൊരു സ്ഥലത്ത് ഒളിപ്പിച്ചത് കണ്ടെത്തിയത്.
ലഹരിമരുന്ന് ഉപയോഗിക്കുന്നവരെയും കച്ചവടം ചെയ്യുന്നവരെയും കണ്ടെത്തുന്നതിന് പോലീസിനെ സഹായിക്കാനായി പൊതുജനങ്ങള്‍ക്ക് യോദ്ധാവ് എന്ന പോല്‍ ആപ്പിലൂടെയും 99959 66666 എന്ന മൊബൈല്‍ നമ്പരിലേക്കും സന്ദേശങ്ങള്‍ അയയ്ക്കാം. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആന്റി നര്‍ക്കോട്ടിക് സെല്ലിലെ 9497927797 എന്ന നമ്പരിലേക്കും വിവരങ്ങള്‍ അറിയിക്കാം. വിവരങ്ങള്‍ അറിയിക്കുന്നവരുടെ പേരുകളും വിലാസവും വെളിപ്പെടുത്തില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: