തൃശൂര്‍: കുരുന്നുകള്‍ക്ക് ആദ്യാക്ഷരത്തിന്റെ അമൃത് പകരാന്‍ തൃശൂര്‍ ജില്ലയിലെ വിവിധ ക്ഷേത്രങ്ങള്‍ ഒരുങ്ങി. ഒക്ടോബര്‍ 24നാണ് വിജയദശമി. അന്ന് രാവിലെ മുതലാണ് ക്ഷേത്രങ്ങളില്‍ എഴുത്തിനിരുത്ത് തുടങ്ങുക.
ജില്ലയിലെ പ്രധാനമായും എഴുത്തിനിരുത്തിന് പേര് കേട്ട രണ്ട് ക്ഷേത്രങ്ങള്‍ ഗുരുവായൂരും തിരുവുള്ളക്കാവുമാണ്. കേരളത്തിന്റെ നാനാഭാഗത്തുനിന്നും കുട്ടികളും രക്ഷിതാക്കളും ഒഴുകിയെത്തുമെന്നതിനാല്‍ തിരക്ക് നിയന്ത്രിച്ച് കാര്യങ്ങള്‍ ഭംഗിയായി നടക്കാനുള്ള ഒരുക്കങ്ങള്‍ നടക്കുകയാണ്.
ജില്ലയിലെ ഏതാണ്ടെല്ലാ ക്ഷേത്രങ്ങളിലും വിപുലമായ നവരാത്രി ആഘോഷങ്ങളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. സംഗീതക്കച്ചേരികള്‍ ഉള്‍പ്പെടെ കലാപരിപാടികളും ഒമ്പത് ദിവസത്തെ നവരാത്രി ആഘോഷത്തിന്റെ ഭാഗമായി അരങ്ങേറും. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നൃത്തവും പാട്ടുമായി ധാരാളം കുട്ടികള്‍ ഗുരുക്കന്മാര്ക്കൊപ്പം അവരുടെ വിദ്യകള്‍ അരങ്ങേറ്റാനെത്തും. ഒക്ടോബര്‍ 22ന് വൈകീട്ടാണ് പൂജവെയ്പ്.
തിരുവുള്ളക്കാവില്‍
ജില്ലയില്‍ അക്ഷരമെഴുത്തിന് പ്രാധാന്യമുള്ള തിരുവുള്ളക്കാവ് ക്ഷേത്രത്തില്‍ 24ന് പുലര്‍ച്ചെ നാല് മണിയോടെ എഴുത്തിനിരുത്ത് ആരംഭിക്കും. ഉച്ചവരെ നടത്തിയ ശേഷം ഇടവേള. പിന്നീട് വൈകീട്ട് അഞ്ച് മുതല്‍ ആറ് വരെ വീണ്ടും എഴുത്തിനിരുത്ത് നടക്കും.
തിരുവുള്ളക്കാവിലെ വാര്യത്തെ ശ്രീധരവാര്യരാണ് എഴുത്തിനിരുത്തിന് നേതൃത്വം നല്‍കുക. അമ്പതില്‍പ്പരം ആചാര്യന്മാര് കുട്ടികളെ അക്ഷരലോകത്തെത്തിക്കാന്‍ ഉണ്ടാകും. കുട്ടികളെ അക്ഷരമെഴുതിച്ച ഉണക്കലരി നല്‍കും. ഇതിന് പുറമെ അപ്പം, പായസം, തിരുമധുരം, കദളിപ്പഴം, പ്രസാദം എന്നിവയും കുട്ടികള്‍ക്ക് നല്‍കും. ആയുര്‍വേദ വിധിപ്രകാരം തയ്യാറാക്കിയ സാരസ്വതഘൃതവും നല്‍കും. ഇത് മുന്‍കൂട്ടി ക്ഷേത്രത്തില്‍ വിളിച്ച് ബുക്ക് ചെയ്താല്‍ നന്ന്. ഫോണ്‍ 04872348444
ഗുരുവായൂരില്‍
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ എഴുത്തിനിരുത്തുക 13 കീഴ്ശാന്തിയില്ലങ്ങളിലെ മുതിര്‍ന്ന അംഗങ്ങളാണ്. ഗുരുവായൂരില്‍ ബുക്ക് ചെയ്യാന്‍ വേണ്ടി വിളിക്കേണ്ട നമ്പര്‍ 0487 2556280
തൃശൂര്‍ തെക്കേമഠം, കൂര്‍ക്കഞ്ചേരി മഹേശ്വര ക്ഷേത്രം, വടക്കാഞ്ചേരി ഉത്രാളിക്കാവ്, തൃശൂര്‍ പാറമേക്കാവ് ക്ഷേത്രം, തൃശൂര്‍ വടക്കുന്നാഥക്ഷേത്രം, കൊടുങ്ങല്ലൂര്‍ ശ്രീകുരുംബഭഗവതിക്ഷേത്രം, തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രം, പഴയന്നൂര്‍ ഭഗവതിക്ഷേത്രം, കാവീട് കാരയൂര്‍ സരസ്വതിക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിലും എഴുത്തിനിരുത്ത് നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: