ഗാസ:ഹമാസ് നടത്തിയ മിന്നലാക്രമണത്തെ തുടര്‍ന്ന് കനത്ത തിരിച്ചടിയുമായി ഇസ്രായേല്‍. ഹമാസിന്റെ ആക്രമണത്തിന് പിന്നാലെ യുദ്ധം പ്രഖ്യാപിച്ച ഇസ്രായേല്‍ നടത്തിയ പ്രത്യാക്രമണത്തില്‍ ഇതിനകം ഇരുന്നൂറിലധികം പാലസ്തീന്‍കാര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്.
1600ലധികം പേര്‍ക്ക് പരിക്കേറ്റതായാണ് വാര്‍ത്ത.ഹമാസിന്റെ 17 കേന്ദ്രങ്ങള്‍ തകര്‍ത്തതായി ഇസ്രായേല്‍ അവകാശപ്പെട്ടു.
ഇന്ന് രാവിലെ പലസ്തീന് തീവ്രവാദ സംഘടന ഹമാസ് നടത്തിയ മിന്നലാക്രമണത്തില്‍ സൈനികരടക്കം 40ല്‍ പരം ഇസ്രായേലികള്‍ കൊല്ലപ്പെട്ടിരുന്നു. 545 പേര്‍ക്ക് പരിക്കേറ്റു. ദക്ഷിണ ഇസ്രായേലിലെ വിവിധ നഗരങ്ങളിലേക്കും ഗാസയിലെ സൈനിക താവളത്തിലേക്കും ആയുധധാരികള്‍ ഇരച്ചുകയറി ആക്രമണം നടത്തുകയായിരുന്നു.
ഇരുപത് മിനിട്ടിനിടെ ഇസ്രായേലിനെതിരെ 5000ല്‍ അധികം റോക്കറ്റുകള്‍ തൊടുത്തതായാണ് ഹമാസ് അവകാശപ്പെട്ടത്. ഇസ്രായേലിന്റെ സൈനികരുള്പ്പെടെയുളളവരെ ബന്ദികളാക്കിയതായും റിപ്പോര്‍ട്ടുണ്ട്. ശക്തമായി തിരിച്ചടിക്കുകയാണ് ഇസ്രായേല്‍.
ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇസ്രായേലിന് പിന്തുണ പ്രഖ്യാപിച്ചു. യൂറോപ്യന്‍ കമ്മിഷന്, അമേരിക്ക, ഫ്രാന്‍സ്, ബ്രിട്ടന്, ജര്‍മ്മനി, സ്പെയിന്, ബെല്‍ജിയം, ഗ്രീസ് , ഇറ്റലി,പോളണ്ട്, ചെക്ക് റിപ്പബ്ലിക്, യുക്രെയിന് എന്നീ രാജ്യങ്ങളും ആക്രമണത്തിനെതിരെ രംഗത്തെത്തി. അതേസമയം ഹമാസിന് ഇറാനും ഖത്തറും പിന്തുണയുമായി രംഗത്തെത്തി. ഇസ്രായേലിനെതിരായ സൈനിക നീക്കത്തില്‍ നിന്ന് പിന്‍വാങ്ങണമെന്ന് സൗദി അറേബ്യ ആവശ്യപ്പെട്ടു. ഇരുരാജ്യങ്ങളും അക്രമത്തില്‍ നിന്ന് പിന്‍വാങ്ങണമെന്ന് റഷ്യ, തുര്‍ക്കി, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങള്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: