കണാദന്റെ കാലത്തിനു മുമ്പു തന്നെ വൈശേഷിക ദര്‍ശനം ഉണ്ടായിരുന്നുവെന്നും പക്ഷേ പരമാണു സിദ്ധാന്തവുമായി അതിനെ യോജിപ്പിച്ച് വികസിപ്പിച്ചത് കണാദമഹര്ഷിയാണെന്നും കരുതപ്പെടുന്നു. പാശ്ചാത്യനാടുകളില്‍ അണുസിദ്ധാന്തം അംഗീകൃതമാവുന്നതിന് എത്രയോ നൂറ്റാണ്ടുകള്‍ക്കു മുമ്പ് ഒരു ഭാരതീയ മനീഷി സ്വന്തമായി പരമാണു സിദ്ധാന്തം ആവിഷ്ക്കരിച്ചിരുന്നു എന്ന് സ്മരിക്കുമ്പോള്‍ തന്നെ ഏതൊരു ഭാരതീയന്റെ അന്തരംഗമാണ് അഭിമാനപൂരിതമാവാത്തത്? കണങ്ങളെ (അണുക്കളെ) കുറിച്ചുള്ള പഠനത്തിന്റെ മഹത്ത്വം കണക്കിലെടുത്ത് അദ്ദേഹത്തിന് നല്കപ്പെട്ട ബിരുദനാമമായിരിക്കാം കണാദന്‍ എന്നുള്ളത്. കണം എന്നാല്‍ അണു, അദനം എന്നാല്‍ ഭക്ഷണം, കണാദന്‍ എന്നാല്‍ അണുഭക്ഷകന്. അദ്ദേഹത്തിന്റെ യഥാര്‍ഥ നാമധേയം കശ്യപന് എന്നായിരുന്നു.
പരമാണുവിന്റെ സ്വരൂപത്തെപ്പറ്റി ഈ ദര്‍ശനത്തിന്റെ കാഴ്ചപ്പാട് ആധുനികരുടേതില്‍ നിന്ന് ഭിന്നമാണെങ്കില്ക്കൂടി ദൃഷ്ടിഗോചര സീമയ്ക്കപ്പുറത്ത് എത്തി നില്ക്കുന്ന സൂക്ഷ്മാതി സൂക്ഷ്മദര്ശന പാടവത്തെ കേവലമായ ആര്ഷജ്ഞാനമെന്നല്ലേ പറഞ്ഞുകൂടൂ. ജനല്‍പാളിയുടെ വിടവില്‍ കൂടി, അകത്തു കടക്കുന്ന ഒരു സൂര്യരശ്മിയില്‍ കാണപ്പെടുന്ന തത്തിക്കളിക്കുന്നതായി തോന്നുന്ന, അതിസൂക്ഷ്മമായ ഒരു രജഃകണത്തിന്റെ അഥവാ പൊടിയുടെ ആറില്‍ ഒരംശത്തിനാണ് കണാദന്‍ കണ (പരമാണു) മെന്നു പറഞ്ഞിരുന്നത്.
ജാലസൂര്യമരീചിസ്ഥം യത്
സൂക്ഷ്മം ദൃശ്യതേ രജഃ
ഭാഗസ്തസ്യഷഷ്ഠോയം
പരമാണു രീതിരിതഃ
വൈശേഷിക ദര്‍ശനത്തിന് നാലാം നൂറ്റാണ്ടില്‍ പ്രശസ്ത പാദാചാര്യന് ‘പദാര്‍ഥധര്‍മസംഗ്രഹം’ എന്ന ഭാഷ്യം രചിക്കുകയുണ്ടായി. ഈ ഗ്രന്ഥത്തെ ഉപജീവിച്ച് ശ്രീചന്ദ്രന്‍ എന്ന ആചാര്യന് ‘അപദാര്ഥശാസ്ത്രം’ രചിച്ചു. ‘വ്യോമാവതി’ (വ്യോമശിവന്), ‘ന്യായകന്ദളി’ (ശ്രീധരന്), ‘കിരണാവലി’ (ഉദയനന്), ‘ലീലാവതി’ (ശ്രീവാതേശന്) എന്നീ ഭാഷാ ഗ്രന്ഥങ്ങളെല്ലാം പത്താംനൂറ്റാണ്ടിനു മുമ്പു തന്നെ ഈ ദര്‍ശനത്തെ അധികരിച്ച് എഴുതപ്പെട്ടവയാണ്.
പിന്നീടുള്ളവ പലനൂറ്റാണ്ടുകളിലായി രചിക്കപ്പെട്ട ‘സപ്തപദാര്‍ഥി’ (ശിവാദിത്യന്‍), ‘തര്‍ക്കകൗമുദി’ (ലാഗാക്ഷഭാസ്ക്കരന്), ‘ഉപാസ്ക്കരം'(ശങ്കരമിശ്രന്‍), ‘ഭാസപരിശ്ചേദം’ (വിശ്വനാഥന്), ‘സിദ്ധമുക്താവലി’, ‘അന്നഭട്ടഭാഷ്യം’, (അന്നഭട്ടന്), ‘വിവൃതി’ (ജയനാരായണന്‍), ഇവയെല്ലാം ഈ പരമ്പരയില്‍ പെട്ട പ്രശസ്ത ഭാഷ്യഗ്രന്ഥങ്ങളാണ്. ഈ ഗ്രന്ഥങ്ങള്‍, പ്രത്യേകിച്ചും ‘സപ്തപദാര്‍ഥി’, ‘തര്‍ക്കകൗമുദി’ എന്നീ രണ്ടു ഗ്രന്ഥങ്ങള്‍ വൈശേഷിക ദര്‍ശനവും ന്യായദര്‍ശനവും തമ്മിലുള്ള ബന്ധത്തെ വിശദീകരിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: