ന്യൂദല്‍ഹി: ദുബായ് കേന്ദ്രമായി ഇന്ത്യക്കാര്‍ നടത്തുന്ന മഹാദേവ് ഓണ്‍ലൈന്‍ ബെറ്റിംഗ് ആപിന്റെ കോടികളുടെ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിന്റെ ഭാഗമായി ബോളിവുഡ് നടന് രണ്‍ബീര്‍ കപൂറിനെ വിളിപ്പിച്ച് ഇഡി.
ഒക്ടോബര്‍ ആറിന് ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മഹാദേവ് ഗെയിമിങ്ങ് ആപിന്റെ പിന്നിലെ മുഖ്യപ്രതിയായ സൗരഭ് ചന്ദ്രകാറുമായുള്ള ബന്ധമെന്താണെന്ന് ചോദിച്ചറിയാനാണ് രണ്‍ബീര്‍ സിങ്ങിനെ വിളിപ്പിച്ചിരിക്കുന്നത്.
സൗരബ് ചന്ദ്രകാറിന്റെ വിവാഹവുമായി ബന്ധപ്പെട്ട് ബോളിവുഡില്‍ നിന്നും താരങ്ങളെ ദുബായില്‍ എത്തിച്ചിരുന്നു. ഇതിനായി 260 കോടി രൂപയാണ് സൗരബ് ചന്ദ്രകാറിന്റെ മഹാദേവ് ബെറ്റിംഗ് ആപ് ചെലവഴിച്ചത്. ഒരു ഇവന്റ് മാനേജ്മെന്റ് കമ്പനി വഴിയാണ് താരങ്ങള്‍ക്കുള്ള പ്രതിഫലം ഏര്‍പ്പാടാക്കിയിരുന്നത്. ഇത് ഹവാല ഇടപാട് വഴിയാണ് താരങ്ങള്‍ക്ക് എത്തിച്ചത്.
ബോളിവുഡ് താരങ്ങളായ ടൈഗര്‍ ഷ്രോഫ്, ഭാരതി സിങ്ങ്, സണ്ണി ലിയോണ്‍, ഭാഗ്യശ്രീ, പുള്‍കിത് സമ്രാട്ട്, കൃതി ഖാര്ബാന്ഡ, നുഷ്റത്ത് ബറൂച്ച, ആരിഫ് അസ്ലാം, അലി അസ്ഗര്‍, കൃഷ്ണ അഭിഷേക് എന്നിവരാണ് ദുബായിലെ വിവാഹച്ചടങ്ങില്‍ പങ്കെടുത്തത്.
മഹാദേവ് ഓണ്‍ലൈന്‍ ബെറ്റിംഗ് ആപിന്റെ പേരില്‍ കള്ളപ്പണം വെളുപ്പിക്കല്‍
ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മഹാദേവ് ബെറ്റിംഗ് ആപിന് പിന്നില്‍ ഛത്തീസ് ഗഡില്‍ നിന്നുള്ള സൗരഭ് ചന്ദ്രകാറും രവി ഉപ്പലുമാണ് പ്രവര്‍ത്തിക്കുന്നത്. മഹാദേവ് ആപുമായി ബന്ധപ്പെട്ടുള്ള കള്ളംപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ഇഡി കൊല്‍ക്കൊത്ത, മുംബൈ, ഭോപാല്‍ എന്നിവിടങ്ങളില്‍ തിരച്ചില്‍ നടത്തിയിരുന്നു. ഈ അന്വേഷണത്തില്‍ വന്‍തുകയുടെ തിരിമറികള്‍ സംബന്ധിച്ച കുറ്റപ്പെടുത്താവുന്ന തെളിവുകള്‍ ഇഡി പിടിച്ചെടുത്തിട്ടുണ്ട്. ഏകദേശം 417 കോടിയുടെ സ്വത്ത് മരവിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: