പിറന്നാള്‍ ദിനത്തില്‍ മാതാ അമൃതാനന്ദമയി ദേവിക്ക് ആദരമായി ബോസ്റ്റണ്‍ ഗ്ലോബല്‍ ഫോറത്തിന്റെ ലോക നേതൃ പുരസ്കാരം സമ്മാനിച്ചു. ജന്മദിനാഘോഷ വേദിയില്‍ വച്ച് ബോസ്റ്റണ്‍ ഗ്ലോബല്‍ ഫോറം സ്ഥാപകന്‍ ഡോ.തുആന് എന്‍ ഗുയെന്‍ ആണ് പുരസ്കാരം സമ്മാനിച്ചത്.
ലോകസമാധാനത്തിനും ആത്മീയതയ്ക്കും വിലമതിക്കാനാകാത്ത സംഭാവനകള്‍ നല്കിയ മാതാ അമൃതാനന്ദമയി ദേവിക്ക് ഈ പുരസ്കാരം സമ്മാനിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് തുആന് എന്‍ ഗുയെന്‍ പറഞ്ഞു. ലോകത്തിന്റെ സമാധാനത്തിനും സുരക്ഷയ്ക്കുമായി പ്രവര്‍ത്തിക്കുന്ന നേതാക്കളെയും പണ്ഡിതന്മാരെയും ഏകോപിപ്പിക്കുന്ന, യുഎസിലെ മസാച്യുസെറ്റ്സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര സംഘടനയാണ് ബോസ്റ്റണ്‍ ഗ്ലോബല്‍ ഫോറം.
ആശംസകള്‍ നേര്‍ന്ന് പ്രമുഖര്‍
കൊല്ലം: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രമുഖര്‍ മാതാ അമൃതാനന്ദമയി ദേവിക്ക് 70-ാം ജന്മദിനത്തില് നേരിട്ടും വീഡിയോ സന്ദേശങ്ങളിലൂടെയും ആശംസകള്‍ നേര്‍ന്നു. നടന് മോഹന്‍ലാല്‍ ജന്മദിനാഘോഷവേദിയിലെത്തി മാതാ അമൃതാനന്ദമയി ദേവിയെ ഹാരമണിയിച്ച് പിറന്നാള്‍ ആശംസകള്‍ അറിയിച്ചു. കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്, നിതിന്‍ ഗഡ്കരി, യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്, നടന്മാരായ മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, ദിലീപ്, കെ.എസ്. ചിത്ര, ശങ്കര്‍ മഹാദേവന് തുടങ്ങിയ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള പ്രമുഖര്‍ വീഡിയോ സന്ദേശത്തിലൂടെ അമ്മയ്ക്ക് ആശംസകള്‍ നേര്‍ന്നു.
ഭാരതീയ സംസ്കാരത്തിന്റെ പ്രകീര്‍ത്തനം: ആരിഫ് മുഹമ്മദ് ഖാന്
അമൃതവര്‍ഷം എന്നാല്‍ അമ്മയുടെ ജന്മദിനാഘോഷം മാത്രമല്ല പുരാതന ഭാരതീയ സംസ്കാരത്തിന്റെ പ്രകീര്‍ത്തനം കൂടിയാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പറഞ്ഞു. അമ്മയെന്നാല്‍ ഭാരതീയ ആധ്യാത്മിക പാരമ്പര്യത്തിന്റെ പ്രതീകം കൂടെയാണ്. ഇന്ത്യന്‍ അധ്യത്തികതയെന്നാല് സത്യത്തെ അറിയുകയാണ്, സത്യത്തെ അനുഭവിക്കുകയാണ്. അമ്മക്ക് ആരോടും വിവേചനമില്ല. അമ്മയെന്നാല്‍ ഓരോരുത്തരുടെയും ആവേശത്തിന്റെ ഉറവിടം കൂടെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അമ്മയുടെ കരുതല്‍ പോലെ: മഹേന്ദ്രനാഥ് പാണ്ഡെ
ഒരമ്മ തന്റെ മക്കളെ എങ്ങനെയാണോ സ്നേഹത്തോടെയും കരുതലോടെയും വളര്‍ത്തുന്നത് അതു പോലെയാണ് മാതാ അമൃതാനന്ദമയി ദേവി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സങ്കടങ്ങളുമായെത്തുന്ന മക്കളുടെ കണ്ണുനീരൊപ്പുന്നതെന്ന് കേന്ദ്ര ഘന വ്യവസായ വകുപ്പ് മന്ത്രി മഹേന്ദ്രനാഥ് പാണ്ഡെ പറഞ്ഞു. ഭാരതത്തിന്റെ സംസ്കാരവും പാരമ്പര്യവും ലോകം മുഴുവന്‍ എത്തിക്കുന്നതിനായി അമ്മ അക്ഷീണം പ്രയത്നിച്ചുകൊണ്ടിരിക്കുകയാണ്. അനുകമ്പയുടെ ആള്‍രൂപമായ അമ്മയുടെ ജീവിതം ദരിദ്രരെയും അശരണരെയും നിരാലംബരെയും സേവിക്കുന്നതിനായി സമര്‍പ്പിക്കപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തിനു പ്രചോദനം: അശ്വനി കുമാര്‍ ചൗബേ
സമൂഹത്തെ എങ്ങനെ നിസ്വാര്‍ത്ഥമായി സേവിക്കണം എന്ന കാര്യത്തില്‍ മാതാ അമൃതാനന്ദമയി ദേവി ലോകത്തിനാകെ പ്രചോദനമാണെന്ന് കേന്ദ്രസഹമന്ത്രി അശ്വിനി കുമാര്‍ ചൗബേ പറഞ്ഞു.
ഭാരതീയ പാരമ്പര്യം: വി. മുരളീധരന്
മുഴുവന്‍ ലോകത്തിന്റെ നന്മ ആഗ്രഹിക്കുന്ന സമൂഹമാണ് നമ്മുടേത്. ആ ഭാരതീയ പാരമ്പര്യമാണ് അമ്മയിലൂടെ നിലനിന്നു പോകുന്നതെന്ന് കേന്ദ്രമന്ത്രി വി മുരളീധരന് പറഞ്ഞു. സാധാരണക്കാരന് വേണ്ടി പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് അമ്മ നല്കുന്ന പിന്തുണ എത്ര നന്ദി പറഞ്ഞാലും മതിയാവില്ലെന്നും അദ്ദേഹം പറഞ്ഞു.
സേവന പദ്ധതികളുടെ ഉദ്ഘാടനം
കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ അമൃതശ്രീ പദ്ധതി വിപുലീകരണ പദ്ധതിയുടെ ഉദ്ഘാടനവും, രാജ്യമെമ്പാടുമായി അമൃതശ്രീ തൊഴില്‍ നൈപുണ്യ വികസനകേന്ദ്രങ്ങളില്‍ നിന്നായി പരിശീലനം പൂര്‍ത്തിയാക്കിയ ആദ്യബാച്ചിലെ 5000 സ്ത്രീകള്‍ക്കുള്ള ബിരുദദാന വിതരണവും, 300 പേര്‍ക്ക് നല്കുന്ന സൗജന്യ ചികിത്സാ പദ്ധതിയുടെ ഉദ്ഘാടനവും ചടങ്ങിന്റെ ഭാഗമായി നടന്നു, 54 സമൂഹ വിവാഹങ്ങള്‍ അമ്മയുടെ പിറന്നാളിന്റെ സൗന്ദര്യം കൂട്ടി. നിര്‍ധനരായ നാല് ലക്ഷം പേര്‍ക്കാണ് പിറന്നാള്‍ സമ്മാനമായി വസ്ത്രങ്ങള്‍ വിതരണം ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: