ന്യൂദൽഹി: സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വീട്ടിൽ റെയ്ഡ്. യെച്ചൂരിയുടെ വീട്ടിൽ ന്യൂസ് ക്ലിക്ക് പ്രതിനിധി താമസിക്കുന്നത് കണക്കിലെടുത്താണ് പരിശോധന. സർക്കാർ യെച്ചൂരിക്ക് നൽകിയ ദൽഹിയിലെ വസതിയിലാണ് പരിശോധന. എഴുത്തുകാരി ഗീത ഹരിഹരൻ, സാഹിത്യകാരൻ ഹാഷ്മി എന്നിവരുടെ വസതികളിലും റെയ്ഡ് നടക്കുന്നുണ്ട്.
റെയ്ഡിൽ രണ്ടുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സയൻസ് ഫോറം ഭാരവാഹി ഡി രഘുനാഥൻ, സ്റ്റാൻഡ് അപ് കൊമേഡിയൻ സഞ്ജയ് രജൗര എന്നിവരാണ് കസ്റ്റഡിയിലായത്. ചൈനീസ് ഫണ്ടിംഗുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന. പ്രകാശ് കാരാട്ടിന്റെ ഇ മെയിൽ സന്ദേശങ്ങളും പരിശോധിക്കുന്നുണ്ട്. ദൽഹി, നോയിഡ, ഗാസിയാബാദ് അടക്കം മുപ്പതോളം ഇടങ്ങളിലാണ് പരിശോധന നടക്കുന്നത്. ലാപ്ടോപ്പുകളും മൊബൈൽ ഫോണുകളുമൊക്കെ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
ന്യൂസ്ക്ലിക്കിനെതിരെ യുഎപിഎ നിയമപ്രകാരം ദൽഹി പോലീസ് കേസെടുത്തിട്ടുണ്ട്. നേരത്തെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റും പോർട്ടലിനെതിരെ കേസ് ഫയൽ ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് നടത്തിയ തെരച്ചിലിനു പിന്നാലെ നിരവധി രേഖകൾ കണ്ടെടുത്തിരുന്നു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 38.05 കോടി രൂപയുടെ വിദേശ ഫണ്ടിംഗ് തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തൽ. ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ന്യൂസ് പോർട്ടൽ ഈ ഫണ്ട് ഉപയോഗിച്ചെന്നും കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: