‘അജ്ഞാനാന്തര്ഗഹനപതിതാനാത്മവിദ്യോപദേശൈഃ
ത്രാതും ലോകാന് ഭവദവശിഖാ താപപാപച്യമാനാന്
മുക്ത്വാമൗനം വടവിടപിതനോര് മൂലതോ നിഷ്പതന്തീ
ശംഭോര്മൂര്ത്തിശ്ചരതി ഭുവനേ ശങ്കരാചാര്യരൂപാ
ചുറ്റും കനം വച്ചു വരുന്നത് ഇരുട്ടാണ്. മനുഷ്യന് മനുഷ്യനെ തിരിച്ചറിയാനാകാത്ത ഘോരമായ അന്ധകാരം. ചുറ്റുപാടുനിന്നും കേള്‍ക്കുന്ന ശബ്ദങ്ങളില്‍ പലതും കെട്ടകാലത്തിന്റെ രോദനങ്ങളാണ്. സ്വാര്‍ത്ഥതയും കപടതയുമാണ് മനുഷ്യമനസ്സുകളില്‍ കുടിപാര്‍ക്കുന്നത്. ഭയവും ആശങ്കയുമാണ് സമൂഹത്തെ മഹാവ്യാധി പോലെ ബാധിച്ചിരിക്കുന്നത്. വെട്ടിപ്പിടിക്കലുകളിലും കീഴടക്കലുകളിലും ലോകം ഭ്രമിച്ചിരിക്കുന്നു. ഇതാണ് ഋഷിമാര്‍ സംസാരമെന്ന് പേരിട്ട് വിളിച്ച അനുഭവങ്ങളുടെ മായികലോകം. മനുഷ്യന്റെ കര്‍മ്മങ്ങള്‍ക്ക് വിളനിലമായ ഭൂമി. ഇവിടെ അജ്ഞാനമാകുന്ന കൂരിരുട്ടിലും കാട്ടുതീയിലും പെട്ട് ജീവന്മാര് മുന്നോട്ടു പോകാനുള്ള വഴിയറിയാതെ ഉഴറുന്നു, വെന്തുനീറുന്നു.
പക്ഷെ മനുഷ്യന്റെ ഈ ദൈന്യതയില്‍ നിന്നും കരകയറ്റുവാനുള്ള ഒരു അപൂര്‍വ്വ രസായനക്കൂട്ടുണ്ട് ഭാരതത്തിന്റെ ആര്ഷജ്ഞാനസഞ്ചയത്തില്. ഋഷിമാര്‍ തപസിലൂടെ നേടിയ സാന്ത്വനത്തിന്റെ അമൃതൗഷധം. ആത്യന്തികമായ സ്വാതന്ത്യത്തിന്റെ ജീവിത ദര്‍ശനം. കൂരിരുട്ടില്‍ പ്രതീക്ഷയേകുന്ന പ്രകാശത്തിന്റെ സാധ്യത. അത് ആത്മജ്ഞാനമെന്ന ജീവിത ദര്‍ശനമാണ്. ആ വെളിച്ചം നുകരാനായാല്‍ ജീവിതം തേജോമയമാകും.
ഭവരോഗമകന്ന് സര്വതന്ത്രസ്വതന്ത്രരാകും. ഇരുട്ട് കൂമ്പാരം കൂട്ടുമ്പോഴും ഉള്ളില്‍ സദാ ജ്വലിക്കുന്ന ഈ പ്രകാശമുള്ളപ്പോള്‍ മനുഷ്യന് ആശങ്കപ്പെടുന്നതെങ്ങിനെ!
ലോകത്തിന്റെ ഇരുളകറ്റാന്‍ കരുത്തുള്ള ഒരു ചിന്ത ഭാരതത്തിന്റെ അടിസ്ഥാന ആശയമായി തിരിച്ചറിഞ്ഞ ഋഷിമാര്‍ ആ ദര്‍ശനത്തിന്റെ പ്രയോക്താക്കളായി മാറി. കാലം ആവശ്യപ്പെട്ട നിര്‍ണായകമായ പ്രതിസന്ധിഘട്ടങ്ങളിലെല്ലാം തന്നെ ആര്‍ഷജ്ഞാനത്തിന്റെ അക്ഷയ സ്രോതസ്സുകള്‍ ഋഷിമാരിലൂടെ പുനര്‍ജ്ജനിച്ചിട്ടുണ്ട്. അജ്ഞാനാന്ധകാരത്തില്‍ നിന്നും ലോകത്തെ ജ്ഞാനോദയത്തിലേക്ക് ഉപനയിക്കാനായി വടവൃക്ഷച്ചുവട്ടില് ധ്യാനനിരതനായിരുന്ന ഗുരു ശ്രീദക്ഷിണാമൂര്‍ത്തി മൗനം വിട്ടുണര്‍ന്ന് ശങ്കരാചാര്യ രൂപത്തില്‍ ഭാരതം മുഴുവന്‍ സഞ്ചരിക്കാനാരംഭിച്ചുവത്രേ. അതാണ് ശ്രീശങ്കര ദിഗ്വിജയയാത്ര.
ലോകദാര്‍ശനികതയുടെ കൊടുമുടിപ്പൊക്കത്തിനുമപ്പുറത്തേക്ക് ഒരു യാത്ര…
പ്രപഞ്ചത്തെ മുഴുവന്‍ ഒന്നെന്ന് തിരിച്ചറിഞ്ഞ ദാര്‍ശനിക കരുത്തിന്റെ യാത്ര…
ലോകത്തിന് മുന്നില്‍ ഭാരതത്തിന്റെ ദര്‍ശനപ്പെരുമ വിളംബരം ചെയ്ത ദിഗ്വിജയയാത്ര…
കാലടിയില്‍ നിന്നാരംഭിച്ച് കേദാരനാഥത്തിന്റെ ശാന്ത സ്ഥലികളിലേക്ക് നടന്നുകയറും വരെ ജ്ഞാനസഞ്ചാരത്തിന്റെ മഹാത്ഭുതങ്ങള്‍ക്ക് ലോകം സാക്ഷ്യം വഹിച്ചു.
സര്‍വസംഗപരിത്യാഗിയായ സംന്യാസിയും വശ്യവചസ്സായ കവിയും സംഗമിക്കുകയാണ് ശ്രീ ശങ്കരാചാര്യനില്. ഭാരതം മുഴുവന്‍ സഞ്ചരിച്ച് ഭൂമിശാസ്ത്രപരമായ അതിര്‍ത്തികള്‍ക്കപ്പുറം ഭാരതത്തെ ദാര്‍ശനികമായി സമന്വയിപ്പിക്കുകയായിരുന്നു ആചാര്യന്.
ആ യാത്ര ഭാരതത്തിന്റെ സ്വത്വം തേടിയുള്ള അന്വേഷണമായിരുന്നു. മനുഷ്യനെ അവന്റെ ജനിതകവും സാമൂഹികവും സാംസ്കാരികവുമായ എല്ലാ വിഭാഗീയതകള്‍ക്കുമപ്പുറം ഭാരതമെന്ന വിശാലമായ ആത്മീയ സ്വത്ത്വത്തില്‍ ചേര്‍ത്തു നിര്‍ത്തിയ നവചേതനയുടെ ഉണര്‍വായിരുന്നു ശ്രീശങ്കരാചാര്യരുടെ ഭാരതയാത്ര.
ഭാരതത്തെ അഖണ്ഡമായി സംഗ്രഥനം ചെയ്ത, ഭാരതനവോത്ഥാനത്തിന്റെ രാജശില്പിയാണ് ശ്രീശങ്കരാചാര്യര്‍. ലോകത്തെ ഇരുട്ടിലാഴ്ത്തിയ അശാന്തിക്കുമേല്‍ ജ്ഞാനപ്രകാശം ചൊരിഞ്ഞു കൊണ്ടുള്ള ആ സഞ്ചാരം ഭാരതത്തിന്റെ ആത്മീയ അഖണ്ഡതയുടെ തായ് വേരുകള്‍ തേടുന്നതായിരുന്നു. ആര്‍ഷമായ ഉള്‍ക്കരുത്തിന്റെ പിന്‍ബലത്തില്‍ ആന്തരിക സ്വാതന്ത്യത്തിന്റെ അമൃതപഥങ്ങള്‍ തുറന്നിട്ട ആ യാത്ര ഭാരതീയര്‍ക്ക് ദിശാബോധം നല്‍കുന്നതായിരുന്നു.
വേദകാലത്തു നിന്നും ആരംഭിച്ച്, തന്റെ പ്രോജ്വല കാലങ്ങളിലൂടെ സഞ്ചരിച്ച്, കാലത്തിന്റെ കെടുതികളെ അതിജീവിച്ച്, സനാതന മൂല്യങ്ങളില്‍ നിന്ന് ജീവരസം നുകര്‍ന്നാണ് ഭാരതം ആധുനിക കാലത്തിന്റെ സാധ്യതകളെ അഭിമുഖീകരിക്കുന്നത്. കാലത്തിന്റെ വെല്ലുവിളികളെ അതിജീവിക്കാന്‍ ഭാരതം കരുത്തു നേടുന്നത് അതിന്റ ആത്മീയമായ തായ്വേരിന്റെ കരുത്തുകൊണ്ടാണ്. അതിന്റെ സിരാപടലങ്ങളിലൂടെ ജീവധാരയായി പ്രവഹിക്കുന്ന ദാര്‍ശനിക അവബോധം കൊണ്ടാണ്. ഇന്ന് ലോക സംസ്കാരങ്ങള്ക്കുമുന്നില് ഭാരതം ആത്മാഭിമാനത്തേടെ ശിരസ്സുയര്‍ത്തി നില്‍ക്കുന്നത് ഭാരതത്തിന്റെ ജീവനാഡിയായി അതിന്റെ പ്രവാഹഗതിയെ നിയന്ത്രിച്ചുകൊണ്ട് ഒരു കരുത്തുറ്റ ജീവിത ദര്ശനമിവിടെ നിലനില്‍ക്കുന്നതിനാലാണ്. മനുഷ്യന്റെ സൈ്വരജീവിതത്തെ അസ്വസ്ഥമാക്കുന്ന – നിരവധി പ്രതികൂല സാഹചര്യങ്ങള്‍ നിലനില്‍ക്കുമ്പോഴും ശക്തമായ ഒരാശയധാര ഭാരതത്തിന്റ ആത്മനാദമായി പ്രവഹിക്കുന്നതിനാലാണ് ഈ നാട് ഇന്നും സാംസ്കാരികമായി ശിഥിലമാകാത്തത്.
ശ്രീശങ്കരാചാര്യരുടെ ദിഗ് വിജയയാത്രയെ – അഥവാ ഭാരതയാത്രയെ വ്യത്യസ്തമാക്കുന്നത് അതിന്റെ അന്തര്‍ധാരയായി പ്രവഹിച്ച ഭാരതത്തിന്റെ ആത്മീയസ്വത്വാന്വേഷണം തന്നെയാണ്. സനാതനമായ വൈദിക മതം അതിന്റെ മൂല്യങ്ങളില്‍ നിന്നകന്ന് ക്ഷയോന്മുഖമായിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് വിവിധ ആശയധാരകളേയും ജീവിത ധാരകളേയും വേദാന്തദര്‍ശനം കൊണ്ട് ശങ്കരാചാര്യര്‍ സമന്വയിപ്പിച്ചത്. ഭാരതത്തെ ചിന്താപരമായും സാംസ്കാരികമായും അതിന്റെ ഗതകാല പ്രൗഢിയോടെ വീണ്ടെടുക്കുക എന്ന ലക്ഷ്യത്തിലാണ് ആചാര്യന് തന്റെ ഭാരതയാത്ര നടത്തിയത്.
അമൃതകാലത്തിലേക്കും പരമവൈഭവത്തിലേക്കുമുള്ള രാഷ്ട്രത്തിന്റ പ്രയാണപാതയില്‍ ശങ്കരദര്‍ശനത്തിന്റെ വീണ്ടെടുപ്പ് രാജ്യം ആവശ്യപ്പെടുന്നു. അക്ഷരാര്‍ത്ഥത്തില്‍ ഭാരതം ലോകത്തിന്റെ വിളക്കായി ഉയരുന്നത് ഇതേ പാത പിന്തുടര്ന്നാണ്. പൂര്‍ണയും ഗംഗയും രണ്ടല്ലെന്ന തിരിച്ചറിവില്‍, ആദിശങ്കരന് പിറന്ന കാലടിയും സാക്ഷാല്‍ ശങ്കരന് വിരാജിക്കുന്ന കേദാരനാഥവും ഒരേ രാഷ്ട്രത്തിന്റെ സിരകളിലെ നിണകണങ്ങളാണെന്ന ബോധത്തില്‍ ഏകതയുടെയും അഖണ്ഡതയുടെയും മഹാദര്‍ശനം ഓരോ ജീവിതത്തിലേക്കും പകരുകയാണ് രാജ്യം അമൃതകാലത്തിലൂടെ. അതുകൊണ്ടാണ് ധീരചരിത്രസ്മൃതികള്ക്ക് മേല്‍ സ്വാര്‍ത്ഥലോകം മൂടിയ ചപ്പിലകള്‍ ഇപ്പോള്‍ ആളിക്കത്തി ചാരമാകുന്നത്. കനല് അഗ്നിയായി ആളുകയും ബോധപൂര്‍വം സൃഷ്ടിച്ച ഇരുട്ടിന്റെ മൂടുപടങ്ങളെ വകഞ്ഞ് സൂര്യനായി ജ്വലിക്കുകയും ചെയ്യുന്നത്. ഉണരുന്നത് ആത്മീയ ഭാരതത്തിന്റെ കരുത്താണ്. അത് കൊളുത്തിയത് അഖണ്ഡതയുടെ, അദൈ്വതത്തിന്റെ അനശ്വരമായ ആദര്‍ശത്തെ സര്‍വജ്ഞപീഠം കയറ്റിയ ആദിശങ്കരനാണ് താനും.
തുറന്നമനസ്സോടെ സ്വതന്ത്രമായ ബുദ്ധിയോടെ ഈ നാടിന്റെ ആത്മസ്പന്ദങ്ങള്‍ തേടി സമൂഹത്തെ മുന്നോട്ട് നയിക്കാന്‍ ഉത്തരവാദത്തപ്പെട്ടവര്‍ സധൈര്യം സഞ്ചരിക്കുമ്പോള്‍ കാലടിയും കേദാര്‍നാഥും ഒന്നുചേരും. രാഷ്ട്രത്തിന്റെ ഏത് കോണുകളില്‍ ജ്വലിച്ച് അസ്തമിച്ച ആത്മീയതേജസ്സുകളും പുനര്‍ജനിക്കും. ദക്ഷിണാപഥത്തില്‍ തിരുവള്ളുവരും മധ്വാചാര്യരും രാമാനുജാചാര്യരും വടക്കുകിഴക്കന്‍ നാടുകളില്‍ ശ്രീശങ്കരദേവനുമൊക്കെ അമൃതകാലത്തിലെ ആദര്‍ശമായി ജ്വലിക്കുന്നത് ഇതേ ലക്ഷ്യത്തോടെയാണ്. ഭാരതത്തിന്റെ അമൃതുമായി ലോകമാകെ സഞ്ചരിച്ച സ്വാമിവിവേകാനന്ദന്റെ വിശ്വവിജയവും ആദിശങ്കരപ്രയാണത്തിന്റെ തുടര്‍ച്ചയല്ലാതെ മറ്റൊന്നല്ല.
സ്വാര്‍ത്ഥ ലക്ഷ്യങ്ങളില്ലാത്ത യാത്രകള്‍…. ആ യാത്രയില്‍ നമുക്ക് ഈ ജനതതിയുടെ ഹൃദയം മന്ത്രിക്കുന്നത് കേള്‍ക്കാനാ കും. അത് ഒരിക്കലും വിഭാഗീയതയുടെ സ്വരങ്ങളാകില്ല… പരസ്പരവിദ്വേഷത്തിന്റെ കാലുഷ്യങ്ങളാകില്ല… മനസുകളെ അസ്വസ്ഥമാക്കുന്ന ചിന്താ സങ്കുചിതത്വങ്ങളാകില്ല….. രാഷ്ട്ര ഏകതയുടെ മഹിതമായ ആശയധാരകളാകും.
അങ്ങ് വടക്ക് കൃഷ്ണഗംഗയുടെ(കിഷന്‍ഗംഗ) തീരത്ത് ശ്രീശാരദാമന്ദിരത്തില് മണി മുഴങ്ങുന്നുണ്ട്. ശാരദേ ശാരദേ എന്ന് കീര്‍ത്തനം കേള്‍ക്കുന്നുണ്ട്. ഏഴരപ്പതിറ്റാണ്ട് മുമ്പ് അധിനിവേശവും കടന്നാക്രമണവും മൂലം നിലച്ചുപോയ മന്ത്രധ്വനികള്‍ ഈ അമൃതോത്സവകാലത്ത് വീണ്ടും ഉയരുകയാണ്. അതിനപ്പുറം, അതിര്‍ത്തിക്കപ്പുറം ഇക്കാലമത്രയും ഒരു ജനത അന്തര്ദാഹമായി കൊണ്ടുനടന്ന സംയോജനത്തിന്റെ വിചാരവീചികള്ക്ക് ഇപ്പോള്‍ ശബ്ദമുണ്ടായിരിക്കുന്നു. ശ്രീശാരദാമന്ദിരത്തില് നിന്ന് ശ്രീശാരദാപീഠത്തിലേക്ക് ഒരു തീര്‍ത്ഥാടനപാത വേണമെന്ന് ആവശ്യമുയരുന്നു. രാഷ്ട്രം ഒത്തുചേരുകയാണ്. രക്തം രക്തത്തെ തിരിച്ചറിയുമെന്ന നാടന്മൊഴികള്ക്കുമൊക്കെയപ്പുറമാണ് അഖണ്ഡഭാരതം എന്ന പദം നല്കുന്ന ആവേശമെന്ന് അന്നൊരിക്കല്‍ അകന്നുപോയവര്‍ ഇന്ന് തിരിച്ചറിയുന്നുണ്ട്.
അദൈ്വതഭാരതം പുനര്‍ജനിക്കുകയാണ്. ശ്രീശങ്കരാചാര്യരുടെ ദിഗ്വിജയ വിജയയാത്രയാണ് വഴികാട്ടി. രാഷ്ട്ര ഏകതയുടെ ആദര്‍ശമായി ശങ്കരന് വീണ്ടും ഭാരതത്തിന്റെ നാല് ദിശകളിലേക്കും സഞ്ചരിക്കുന്നു. കാവി ചുറ്റി, കമണ്ഡലുവും ധര്മ്മദണ്ഡുമായി, വാദിച്ച് വാദിച്ച് തത്വബോധത്തിലേക്ക് ഒരു നാടിനെ ഉയര്‍ത്തി ഏകാത്മഭാരതത്തിന്റെ ദിഗ്വിജയയാത്ര. ലോകം കണ്ണിമ ചിമ്മാതെ ഈ യാത്രയെ പ്രതീക്ഷയോടെ കാണുന്നു. ആക്രമണങ്ങളും പോരും പഞ്ഞവും തീക്കനലുകള്‍ തീര്‍ത്ത നെഞ്ചകവുമായി ലോകമാകെ ആത്മീയഭാരതത്തിന്റെ ഉയിര്ത്തെഴുന്നേല്പിനായി കാത്തുനില്ക്കുന്നു. പുതിയ ഭാരതം അമൃത കാലത്തിലേക്കുള്ള വഴിയായി ശ്രീശങ്കരന്റെ യാത്രയെ വീണ്ടെടുക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: