ഗുവാഹത്തി: വരുന്നത് തന്റെ കരിയറിലെ അവസാന ലോകകപ്പ് ക്രിക്കറ്റെന്ന് ഭാരത സ്പിന്‍ ബോളര്‍ രവിചന്ദ്രന്‍ അശ്വിന്. ലോകകപ്പ് സന്നാഹ മത്സരത്തിന് മുന്നോടിയായി നടന്ന പ്രീമാച്ച് വാര്‍ത്താ സമ്മേളനത്തിലാണ് താരം ഇക്കാര്യം അറിയിച്ചത്.
37കാരനായ അശ്വിന് ലോകകപ്പിനോടടുക്കുന്ന അവസാന ദിവസങ്ങളിലാണ് ഭാരത ടീമില്‍ അവസരം കിട്ടിയത്. ഏഷ്യാകപ്പിനിടെ പരിക്കേറ്റ അക്ഷര്‍ പട്ടേലിന് പകരമായാണ് അശ്വിനെ കഴിഞ്ഞ ദിവസം ടീമിലെടുത്തത്. കഴിഞ്ഞയാഴ്ച ഓസ്ട്രേലിയയ്ക്കെതിരെ നടന്ന ഏകദിന പരമ്പരയില്‍ ഭാരതം ജയിച്ച രണ്ട് മത്സരങ്ങളിലും അശ്വിന് അവസരം നല്‍കിയിരുന്നു. രണ്ടിലും മികച്ച പ്രകടനം കാഴ്ചവച്ചതാണ് സിലക്ടര്‍മാരെ അക്ഷറിന് പകരം അശ്വിനെ തിരികെയെത്തിക്കാന്‍ പ്രേരിപ്പിച്ചത്.
മികച്ചൊരു അവസരമാണിത്, ഏറ്റവുമധികം പ്രാധാന്യത്തോടുകൂടി ലോകകപ്പ് മത്സരങ്ങള്‍ ആസ്വദിച്ച് കളിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്- അശ്വിന് പറഞ്ഞു.
ഭാരതത്തിനായി പത്ത് ലോകകപ്പ് മത്സരങ്ങളിലാണ് അശ്വിന് കളിച്ചിട്ടുള്ളത്. 17 വിക്കറ്റുകളും നേടി. 4.36 ശരാശരിയില്‍ 24.88 ശരാശരി റണ്‍സ് വഴങ്ങിയിട്ടുണ്ട്. 4/25 ആണ് മികച്ച പ്രകടനം. 2011, 2015 ലോകകപ്പുകളിലാണ് അശ്വിന് ഭാരതത്തിനായി കളിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: