കാഞ്ഞാണി: അരിമ്പൂര്‍-അന്തിക്കാട് മേഖലയിലെ പാടശേഖരത്തില്‍ ഇറിഗേഷന്‍ ചാലുകള്‍ സമയ ബന്ധിതമായി വൃത്തിയാക്കാതെ വന്നതോടെ നീരൊഴുക്ക് തടസപ്പെട്ട് ആയിരക്കണക്കിന് ഏക്കര്‍ കോള്‍നിലങ്ങളില്‍ വെള്ളം വറ്റിക്കാന്‍ കഴിയാത്തതിനാല്‍ കൃഷിയിറക്കാനാകാതെ കര്‍ഷകര്‍ പ്രതിസന്ധിയില്‍. ഇറിഗേഷന്‍ കനാല്‍ നിറഞ്ഞു കവിഞ്ഞ് കൃഷിയിറക്കിയ പാടശേഖരങ്ങളിലേക്ക് വെള്ളം ഒഴുകി തുടങ്ങിയതും വന്‍തോതിലുള്ള കൃഷിനാശത്തിന് വഴിവയ്ക്കുമെന്നാണ് കര്‍ഷകര്‍ ഭയപ്പെടുന്നത്.
പുള്ള് – മനക്കൊടി പാടത്തിന് നടുവിലൂടെ കടന്നു പോകുന്ന റോഡിന് ഇരുവശത്തുമായി അരിമ്പൂര്‍, ചാഴുര്‍, അന്തിക്കാട് പഞ്ചായത്തുകളില്‍ ഉള്‍പ്പെടുന്ന പാടശേഖരത്തെ ഇറിഗേഷന്‍ കനാലില്‍ ആകെ ചണ്ടിയും, കുളവാഴയും, കരിവാരിയും നിറഞ്ഞു കിടക്കുകയാണ്. ഇത് നീക്കം ചെയ്യാന്‍ ഉത്തരവാദിത്വപ്പെട്ടവര്‍ ഇനിയും തയ്യാറായിട്ടില്ല. വെള്ളം വറ്റിക്കാന്‍ കഴിയാതെ വന്നതിനാല്‍ ഇവിടുത്തെ പാടശേഖരങ്ങളില്‍ ഇത്തവണ കൃഷി ഇറക്കാന്‍ താമസിക്കും. ഇതിനിടെ കനാലില്‍ നിന്ന് റോഡിലൂടെ വെള്ളം കവിഞ്ഞൊഴുകി മനക്കൊടി-പുള്ള് റോഡില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു.
വെള്ളം റോഡിലൂടെ കവിഞ്ഞൊഴുകി തുടങ്ങിയതോടെ യാത്രക്കാര്‍ക്കും അപകട ഭീഷണിയുണ്ട്. ഇറിഗേഷന്‍ വകുപ്പ് കനാല്‍ സമയബന്ധിതമായി വൃത്തിയാക്കാത്തതാണ് നീരൊഴുക്ക് തടസപ്പെടാന്‍ കാരണമായി പറയുന്നത്. മെയിന്‍ ചാലില്‍ നിന്ന് വെള്ളം കവിഞ്ഞ് ഒഴുകുന്നതിനെ തുടര്‍ന്ന് സമീപത്തെ മനക്കൊടി വാരിയം പടവ് പാടശേഖരം നിറഞ്ഞു. റോഡിന് കുറുകെയുള്ള വെള്ളമൊഴുക്കും റോഡിലെ വെള്ളക്കെട്ടും തുടര്‍ന്നാല്‍ ചാല്ബണ്ടും റോഡും തള്ളിപ്പോകാന്‍ ഇടയുണ്ടെന്നാണ് ആശങ്ക.
ഏനാമ്മാവ് റെഗുലേറ്റര്‍ വഴി വെള്ളം സുഗമമായി ഒഴുകി പോകാത്തതാണ് പുത്തന്‍തോട്, മെയിന്‍ ചാല് എന്നിവിടങ്ങളിലെ വെള്ളം നിറഞ്ഞു കവിഞ്ഞ് കോള്‍ കര്‍ഷകര്‍ക്കും യാത്രക്കാര്‍ക്കും ഒരുപോലെ ഭീഷണിയായിരിക്കുന്നത്. ഇറിഗേഷന്‍ വകുപ്പിന്റെ നിരുത്തരവാദപരമായ നടപടികളാണ് പ്രശ്നത്തിന് കാരണമെന്നാണ് കര്‍ഷകര്‍ ആരോപിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: