വയനാട്: കല്പറ്റയിൽ എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച പതിനാലുകാരൻ പിടിയിൽ. വിദ്യാർത്ഥിനികളുടെ ചിത്രങ്ങൾ ശേഖരിച്ച് നിർമിതബുദ്ധി സാങ്കേതിക വിദ്യ ഉപയോഗിച്ച് നഗ്നദൃശ്യങ്ങളാക്കി മോർഫ് ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നു. ഒരു മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് വിദ്യർത്ഥി പിടിയിലായത്.
സാമൂഹ്യമാദ്ധ്യമങ്ങളിൽ നിന്നും സ്കൂൾ ഗ്രൂപ്പുകളിൽ നിന്നുമാണ് പെൺകുട്ടികളുടെ ചിത്രങ്ങൾ ശേഖരിച്ചത്. നിരവധി വിദ്യാർത്ഥിനികളാണ് സംഭവത്തിന് ഇരയായത്. സമൂഹമാദ്ധ്യമങ്ങളിൽ വ്യാജ അക്കൗണ്ടുകൾ നിർമിച്ച് ചിത്രങ്ങൾ പ്രചരിപ്പിച്ചതിന് പുറമെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇൻസ്റ്റഗ്രാം, ടെലിഗ്രാം അക്കൗണ്ടുകളാണ് ഇതിന് വേണ്ടി ഉപയോഗിച്ചത്.
ഇരയായ പെൺകുട്ടികൾക്കും ഇവരുടെ സുഹൃത്തുക്കൾക്കും ചിത്രങ്ങൾ അയക്കുകയായിരുന്നു. അന്വേഷണ ഏജൻസികളുടെ പിടിയിലാകാതിരിക്കാൻ വിപിഎൻ സാങ്കേതികവിദ്യയും ചാറ്റ്ബോട്ടുകളും ദുരുപയോഗം ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. ആയിരത്തിൽ അധികം ഐപി അഡ്രസുകൾ വിശകലനം ചെയ്തും ഗൂഗിൾ, ഇൻസ്റ്റഗ്രാം, ടെലിഗ്രാം കമ്പനികളിൽ നിന്ന് ലഭിച്ച വ്യാജ അക്കൗണ്ടുകളുടെ വിവരങ്ങൾ ഉപയോഗിച്ചുമായിരുന്നു സൈബർ പോലീസ് വിദ്യാർത്ഥിയ്ക്കരികിലേക്ക് എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: