ഡോ. കെ. മുരളീധരന് നായര്‍
ജീവിതവിജയം കൈവരിക്കാന്‍ വീട്ടില്‍ വാസ്തുപരമായി എന്തൊക്കെ അനുഷ്ഠിക്കണം?
വീട്ടില്‍ താമസിക്കുന്നവര്‍ വീട് ശുചിയോടെ പരിപാലിക്കണം. മുറ്റമുള്ള വീടുകളാണെങ്കില്‍ എല്ലാ ദിവസവും തൂത്തു വൃത്തിയാക്കണം. വീടിനകത്ത് ചിലന്തിവല കെട്ടാന്‍ അനുവദിക്കരുത്. വീട്ടിനകം എല്ലാ ദിവസവും തൂത്തു വൃത്തിയാക്കണം. രാവിലെയും വൈകീട്ടും വിളക്ക് കത്തിക്കണം. വീടിന്റെ മുന്‍വശത്തെ വാതിലിനു മുമ്പില്‍ ചെരിപ്പുകള്‍ കൂട്ടി ഇടരുത്. വിഴുപ്പു തുണികള്‍ മുറികളില്‍ കൂട്ടി ഇടരുത്. അടുക്കള വളരെ ശുചിത്വത്തോടെ സൂക്ഷിക്കണം. പഴകിയ ആഹാരസാധനങ്ങള്‍ ഒരു കാരണവശാലും അടുക്കളയില്‍ സൂക്ഷിക്കുന്നതില്‍ നന്നല്ല. ഡൈനിങ് ടേബിളില്‍ ആഹാരം കഴിക്കുന്നത് കിഴക്കോട്ടു നോക്കിയും പടിഞ്ഞാറോട്ടു നോക്കിയും തെക്കോട്ടു നോക്കിയും ആയിരിക്കണം. മാസത്തില്‍ ഒരു ദിവസം വാതില്‍ കര്ട്ടന് എല്ലാം കഴുകി ഇടുന്നത് ഊര്‍ജപ്രവാഹം വര്‍ധിപ്പിക്കും.
ഭൂമിപൂജ ചെയ്ത് തറരക്ഷ സ്ഥാപിക്കുന്നത് എന്തിനു വേണ്ടിയാണ്?
വീടുവയ്ക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലം വൃത്തിയാക്കി ശ്രേഷ്ഠനായ പൂജാരിയെക്കൊണ്ട് സൂരേ്യാദയസമയത്ത് ഭൂമിപൂജ, വിധിപ്രകാരമുള്ള രത്നങ്ങളും സ്ഥാപിച്ചു ചെയ്യുന്നതുകൊണ്ട് പ്രസ്തുത ഭൂമിയില്‍ എന്ത് അപാകതയുണ്ടായിരുന്നാലും അത് ഒഴിഞ്ഞുമാറി ശുദ്ധമായി കിട്ടുന്നതാണ്. വളരെ വര്‍ഷങ്ങള്‍ക്കു മുമ്പ് മൃഗങ്ങളെയോ മനുഷ്യരെയോ അടക്കിയിട്ടുണ്ടെങ്കിലും ഇതൊരു പരിഹാരമാണ്.
പ്രധാനവാതിലിനോട് ചേര്‍ന്ന് വൃക്ഷങ്ങള്‍ വയ്ക്കുന്നത് നല്ലതാണോ?
പ്രധാനവാതിലിന്റെ പത്തടി അകലത്തില്‍ മാത്രമേ വൃക്ഷം നില്ക്കാന് അനുവദിക്കാവൂ. ഇല്ലെങ്കില്‍ അത് വീടിനുള്ളിലേയ്ക്ക് കടന്നുവരുന്ന ഊര്ജപ്രവാഹത്തെ ചെറുക്കും. അത് വീടിന് നല്ലതല്ല.
ക്ഷേത്രത്തേക്കാള്‍ ഉയരത്തില്‍ വീടുപണിയാന്‍ പാടില്ലെന്നു പറയുന്നത് എന്തുകൊണ്ട്?
സൂര്യനില്‍ നിന്നു കിട്ടുന്ന ഊര്‍ജം സ്വീകരിക്കാനുള്ള ശേഷി ഒരു ദേവാലയത്തിനുണ്ടാകും. അവിടെ നിന്ന് നാടിന്റെ നന്മയ്ക്കായി കൊടുക്കാനും സാധിക്കും. കൊടിമരം, ക്ഷേത്രത്താഴികക്കുടം ഇവയ്ക്ക് ഇതിനുള്ള കഴിവുണ്ട്. എന്നാല്‍ ക്ഷേത്രത്തിനടുത്ത് ക്ഷേത്രത്തേക്കാള്‍ ഉയരത്തില്‍ ഒരു വീടു നിന്നാല്‍ ക്ഷേത്രത്തിനു ലഭിക്കേണ്ട ഊര്‍ജത്തിന് അത് തടസ്സമാകും. ഇതു സംഭവിക്കാതിരിക്കാനാണ് ക്ഷേത്രത്തിന്റെ അടുത്തു നിന്ന് നിശ്ചിത അകലത്തില്‍ വീടു നിര്‍മ്മിക്കാന്‍ പറയുന്നത്.
ക്ഷേത്രത്തിലെ ദേവന്റെ സ്വഭാവം അനുസരിച്ച് വീട് എവിടെ പണിയാന്‍ സാധിക്കും? ഇങ്ങനെയുള്ള ദേവന്മാരുടെ പേരുകള്‍ എന്തൊക്കെയാണ്?
പ്രധാനമായി സാത്വികദേവന്മാരും രൗദ്രദേവന്മാരുമുണ്ട്. ഇതില്‍ ശിവന്, ഭദ്രകാളി, യക്ഷിയമ്മ തുടങ്ങിയവര്‍ രൗദ്രഗണത്തില്‍ പെടും. സാത്വികദേവന്മാര് മഹാവിഷ്ണു, മഹാവിഷ്ണുവിന്റെ മറ്റ് അവതാരഗണങ്ങള്, കൂടാതെ ലക്ഷ്മി, സരസ്വതി തുടങ്ങിയവരാണ്. സാത്വികദേവന്മാരുടെ ക്ഷേത്രത്തിനു മുന്‍ഭാഗത്തും വലതുഭാഗത്തും വീടുവരുന്നതില് തെറ്റില്ല. എന്നാല്‍, രൗദ്രഗണത്തില്പ്പെടുന്ന ദേവന്മാരുടെ ക്ഷേത്രത്തിന്റെ ഇടതുഭാഗത്തും പിറകിലൂം മാത്രമേ വീടുകള്‍ വരാന്‍ പാടുള്ളൂ എന്ന് പ്രത്യേകം ഗ്രന്ഥങ്ങളില്‍ പറഞ്ഞിട്ടുണ്ട്. എങ്കിലും ദേവാലയങ്ങള്‍ ഒരു നിശ്ചിത അകലം പാലിച്ച് വീടു പണിയുന്നതാണ് ഉത്തമം.
അനുഭവം… സാക്ഷ്യം…
ഒരു കോമ്പൗണ്ടിനകത്ത് മൂന്നു വീടുകള്‍ പണികഴിപ്പിച്ചു. മൂന്നും അടുത്ത ബന്ധുക്കളുടേതാണ്. മൂന്നു വീടിനും കൂടി ഒറ്റ കോമ്പൗണ്ടാണ്. മൂന്നു വീടിന്റെയും മധ്യഭാഗത്തായി ഒരു കിണര്‍ എടുത്തു. ഒരു പമ്പുസെറ്റ് സ്ഥാപിച്ചാണ് വെള്ളം എടുത്തുകൊണ്ടിരുന്നത്. കൂടാതെ പ്രതികൂല ഊര്‍ജം വമിക്കുന്ന ശീമപ്ലാവ് ഈ കോമ്പൗണ്ടിനകത്ത് പടര്‍ന്നുപന്തലിച്ച് നില്‍ക്കുകയായിരുന്നു. യഥേഷ്ടം നാരകവര്‍ഗങ്ങള്‍ നട്ടു വളര്‍ത്തി. ഒരു വീടിന്റെ കോമ്പൗണ്ടിനകത്ത് നട്ടു വളര്‍ത്താന്‍
പാടില്ലാത്ത പല ചെടികളും അവിടെയുണ്ടായിരുന്നു.
പ്രസ്തുത വീടുകള്‍ ഞാന്‍ പരിശോധിച്ചു. മൂന്നു വീടിനും കൂടി കിണറുള്ളത് ബ്രഹ്മസ്ഥാനത്തായി. കൂടാതെ ഒരു വീടു പണിതാല്‍ അതിനു ചുറ്റും കോമ്പൗണ്ട് വേണം. എങ്കില്‍ മാത്രമേ അത് ഒരു വാസ്തു മണ്ഡലമായി കണക്കാക്കാന്‍ സാധിക്കൂ. വീടിന്റെ ചൈതന്യം അനുഭവിക്കണമെങ്കില്‍ ചുറ്റുമതില്‍ അനിവാര്യമാണ്. കൂടാതെ മൂന്നു വീടിന്റെയും മുന്‍വശത്തായി നില്ക്കുന്ന ശീമപ്ലാവ് ഏറെ ദോഷം വരുത്തിക്കൊണ്ടിരിക്കുകയാണ്. എന്റെ നിര്‍ദേശപ്രകാരം ശീമപ്ലാവും നാരകവര്ഗങ്ങളും മുറിച്ചു മാററുകയും പ്രത്യേകമായി ചുറ്റുമതില്‍ കെട്ടുകയും അവരവുടെ കോമ്പൗണ്ടിനകത്തു തന്നെ പ്രത്യേകം കിണര്‍ എടുക്കുകയും ചെയ്തു. അതോടെ അവരുടെ കഷ്ടപ്പാടുകളും ദുരിതങ്ങളും മാറി.
ഒരു വീടു പണികഴിപ്പിച്ചാല്‍ തീര്‍ച്ചയായും ചുററുമതില് സ്ഥാപിക്കണം. പ്രകൃതിക്ക് അനുകൂലമായ വൃക്ഷങ്ങള്‍ മാത്രമേ വളര്‍ത്താവൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: