ഉപരിപഠനത്തിനും ഗവേഷണത്തിനും മറ്റുമായി വിദേശരാജ്യങ്ങളില്‍ എത്തിയെങ്കിലും തന്റെ കര്‍മ്മ മണ്ഡലമായി മാതൃരാജ്യത്തെ തന്നെ തെരഞ്ഞെടുത്ത മഹാമനീഷിയായിരുന്നു ഡോ. എം.എസ്. സ്വാമിനാഥന്. ഗോതമ്പ് അടക്കമുള്ള ഭക്ഷ്യ വസ്തുക്കള്‍ ഇറക്കുമതി ചെയ്യുന്നതിനെ ശക്തമായി എതിര്‍ത്ത അദ്ദേഹത്തിന് ഭക്ഷേ്യാല്പ്പാദന രംഗത്ത് നാം സ്വയംപര്യപ്തത കൈവരിക്കണമെന്ന ഉറച്ച നിലപാടായിരുന്നു. ഭാരതത്തിന് അനുയോജ്യമായ വിത്തുകള്‍ വികസിപ്പിക്കുന്നതിലും കാര്‍ഷിക ഗവേഷണ സ്ഥാപനങ്ങള്‍ കെട്ടിപ്പൊക്കുന്നതിലും കാര്‍ഷിക രംഗത്തെ സ്ത്രീപങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിലും അതീവ ശ്രദ്ധ പുലര്‍ത്തിയ അദ്ദേഹത്തിന്റെ ലക്ഷ്യം ദാരിദ്ര്യ മുക്തമായ ഭാരതമായിരുന്നു. പരിസ്ഥിതിക്ക് ഇണങ്ങുന്ന കൃഷിയുടെ പ്രചാരകനായ അദ്ദേഹത്തെ പരിസ്ഥിതി സമ്പദ് വ്യവസ്ഥയുടെ പിതാവ് എന്നാണ് ഐക്യരാഷ്ട്രസഭ വിശേഷിപ്പിച്ചിരുന്നത്.
87ല്‍ ആദ്യത്തെ ലോകഭക്ഷ്യ സമ്മാനം(വേള്‍ഡ് ഫുഡ് പ്രൈസ്) നേടിയതും അദ്ദേഹമായിരുന്നുവെന്ന് ഓര്‍ക്കുക. കുംഭകോണത്തെ ലിറ്റില്‍ഫഌവര്‍ ഹൈസ്കൂളിലായിരുന്നു പഠനം. പിന്നീട് തിരുവനന്തപുരം മഹാരാജാസ് കോളേജില്‍(പിന്നീട് കേരള സര്‍വ്വകലാശാലയായി) സുവോളജിയില്‍ ബിരുദം. 40 മുതല്‍ 44 വരെ മദ്രാസ് അഗ്രികള്‍ച്ചര്‍ കോളജില്‍(ഇന്ന് തമിഴ്നാട് കാര്‍ഷിക സര്‍വ്വകലാശാല) നിന്ന് കൃഷി ശാസ്ത്രത്തിലും ബിരുദെമടുത്തു. കുട്ടിക്കാലത്ത് തുടങ്ങിയതാണ് കൃഷിയോടുള്ള പ്രണയം.
കൃഷിയോട് പ്രണയം; ഐപിഎസ് ഉപേക്ഷിച്ചു
സസ്യങ്ങളുടെ ജനിതക ശാസ്ത്രം പഠിക്കാന്‍ ദല്‍ഹിയില്‍ എത്തിയ അദ്ദേഹം 1947ല്‍ ഇന്ത്യന്‍ അഗ്രികള്‍ച്ചര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടില്‍ ചേര്‍ന്നു. 49ല്‍ കൈറ്റോ ജനിറ്റിക്സില്‍ ഡിസ്റ്റിങ്ഷനോടെ ബിരുദാനന്തര ബിരുദം നേടി. ഇതേ സമയത്താണ്, വീട്ടില്‍ നിന്നും ബന്ധുക്കളില്‍ നിന്നുമുള്ള സമ്മര്‍ദ്ദം താങ്ങാനാവാതെ സിവില്‍ സര്‍വ്വീസ് പരീക്ഷ എഴുതിയത്. ഐപിഎസ് എടുത്തുവെങ്കിലും പോലീസ് ജീവിതം ഉപേക്ഷിച്ച് ജനിതക ശാസ്ത്രത്തില്‍ യുനസ്കോ ഫെലോഷിപ്പ് നേടി ഗവേഷണത്തിന് നെതര്‍ലാന്‍ഡ്സിലേക്ക് തിരിച്ചു. വാഹനിങ്ങന് സര്‍വ്വകലാശാലയില്‍ എട്ടുമാസം യുനസ്കോ ഫെലോയായി പ്രവര്‍ത്തിച്ചു. ഉരുളക്കിഴങ്ങിനെപ്പറ്റിയായിരുന്നു ഗവേഷണം. 1950ല്‍ കേംബ്രിജ് സര്‍വ്വകലാശാലയിലെ സ്കൂള്‍ ഓഫ് അഗ്രികള്‍ച്ചറില്‍ എത്തി. പിന്നീട് ഡോക്ടറേറ്റ് നേടി. അതിനു ശേഷം, അമേരിക്കയിലെ വിസ്കണ്‍സിന്‍ സര്‍വ്വകലാശാലയില്‍ ഫെലോയായി 15 മാസം.
54ല്‍ ഭാരതത്തില്‍ മടങ്ങിയെത്തി. കട്ടക്കിലെ നെല്‍ ഗവേഷണ കേന്ദ്രത്തില്‍ ബൊട്ടാണിസ്റ്റായി ചേര്‍ന്നു. നെല്ലിനങ്ങളെപ്പറ്റി പഠനവും ഗവേഷണവുമായി അവിടെക്കൂടി. അവിടെ നിന്നാണ് ഇന്ത്യന്‍ അഗ്രികള്‍ച്ചര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടില്‍ എത്തിയത്. ഭാരതം ഭക്ഷ്യ ധാന്യങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിനെ നഖശിഖാന്തം എതിര്‍ത്ത അദ്ദേഹം, നാം സ്വയം കൃഷി ചെയ്ത് സ്വയം പര്യാപ്തതയില്‍ എത്തണമെന്ന് വാദിച്ചു. കൃഷി വ്യാപകവും ശാസ്ത്രീയവുമാക്കിയാല്‍ മുഴുവന്‍ ജനങ്ങള്‍ക്കും വേണ്ട ഭക്ഷ്യ വസ്തുക്കള്‍ ഇവിടെ ഉണ്ടാക്കാന്‍ കഴിയുമെന്ന് അദ്ദേഹം വാദിച്ചു. ഇന്ന് രാജ്യം ഭക്ഷ്യ രംഗത്ത് സ്വയം പര്യാപ്തത നേടുകയും ഇതര രാജ്യങ്ങളിലേക്ക് അരിയും ഗോതമ്പും അടക്കം വലിയ തോതില്‍ കയറ്റുമതി നടത്തുകയും ചെയ്യുമ്പോള്‍, അദ്ദേഹത്തിന്റെ നിസ്തുലമായ സംഭാവനകള്‍ രാജ്യം ആദരവോടെ ഓര്‍ക്കേണ്ടതാണ്.
ഗോതമ്പില്‍ പരീക്ഷണങ്ങള്‍ നടത്തി, മികച്ച വിളവ് ലഭിക്കുന്ന രോഗമുക്തമായ ഗോതമ്പ് ഉല്പ്പാദിപ്പിച്ചെടുത്തത് ഡോ. സ്വാമിനാഥന്റെ നേതൃത്വത്തിലായിരുന്നു. പക്ഷെ ഈ വിത്ത് സ്വീകരിക്കാനും വിതയ്ക്കാനും നമ്മുടെ കര്‍ഷകര്‍ ആദ്യം വിസമ്മതിച്ചുവെങ്കിലും ഇതിന്റെ ഉല്‍പ്പാദന ശേഷിയും രോഗങ്ങളോട് പൊരുതാനുള്ള കഴിവും തെളിയിച്ചു കാണിക്കാന്‍ ഡോ. സ്വാമിനാഥന് മടിച്ചില്ല. ഫണ്ട് ലഭിച്ചതോടെ 150 സ്ഥലങ്ങളില്‍ ഇത് നട്ട് വിളവ് കാണിച്ചുകൊടുത്തു. ഇതോടെ കര്‍ഷകര്‍ ഇരുകൈയും നീട്ടി പുതിയ വിത്തിനെ സ്വീകരിച്ചു. 1968ല്‍ ഭാരതത്തില്‍ 18 മില്ല്യന്‍ ടണ്‍ ഗോതമ്പാണ് ഉല്‍പ്പാദിപ്പിച്ചത്. അദ്ദേഹവും നോര്‍മന്‍ ബോര്‍ലോഗുമായി ചേര്‍ന്നായിരുന്നു ചില ഗവേഷണങ്ങള്‍ നടത്തിയത്. 1970ല്‍ നോര്‍മന്‍ നോേബല് പുരസ്ക്കാരം ലഭിച്ചു.
സേവനങ്ങള്‍ക്ക് മാതൃകയായി മാറിയ അദ്ദേഹത്തെ രാജ്യം, 1972ല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഒാഫ് അഗ്രികള്‍ച്ചര്‍ റിസര്‍ച്ചിന്റെ ഡയറക്ടര്‍ ജനറലായി നിയമിച്ചു. 79ല്‍ കേന്ദ്രത്തിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി. 80ല്‍ ആസൂത്രണ കമ്മീഷനില്‍ എത്തി. ഐസിഎആറിന് രാജ്യത്ത് പലയിടങ്ങളിലും കേന്ദ്രങ്ങളുണ്ടായത് അദ്ദേഹം ഡയറക്ടര്‍ ജനറല്‍ ആയിരുന്ന കാലത്താണ്.
82ല്‍ ഫിലിപ്പൈന്‍സ് കേന്ദ്രമായ ഇന്റര്‍നാഷണല്‍ റൈസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഏഷ്യന്‍ വിഭാഗത്തില്‍ ഡയറക്ടറായി. 88 വരെ ഈ പദവിയില്‍ തുടര്‍ന്നു. നെല്‍കൃഷിയിലെ വനിതകള്‍ എന്ന വിഷയത്തില്‍ ലോകശ്രദ്ധ നേടിയ അന്താരാഷ്ട്ര കോണ്‍ഫറന്‍സ് നടത്തിയത് അദ്ദേഹത്തിന്റെ മറ്റൊരു സുപ്രധാന സംഭാവനയാണ്. ഇതിന്, അമേരിക്ക കേന്ദ്രമായ അസോസിയേഷന് ഫോര്‍വിമന്‍ ഡവലപ്മെന്റ് അവരുടെ പ്രഥമ അവാര്‍ഡ് നല്കി അദ്ദേഹത്തെ ആദരിക്കാനും മടിച്ചില്ല. നെല്ലിന്റെ പ്രാധാന്യത്തെപ്പറ്റി ജനങ്ങളെ, പ്രത്യേകിച്ച് നെല്‍ കര്‍ഷകരെ ബോധവല്‍ക്കരിക്കുന്നതില്‍ മുഖ്യപങ്ക് അദ്ദേഹം വഹിച്ചിട്ടുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ് 1987ല്‍ അദ്ദേഹത്തിന് ലോക ഭക്ഷ്യ സമ്മാനം നല്‍കിയത്. പ്രകൃതി സംരക്ഷണത്തിനുള്ള അന്താരാഷ്ട്ര യൂണിയന്റെയും വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ടിന്റെയും അധ്യക്ഷ, ഉപാധ്യക്ഷ സ്ഥാനങ്ങളും അദ്ദേഹം അലങ്കരിച്ചിട്ടുണ്ട്.
ലോക ഭക്ഷ്യ സമ്മാനമായി ലഭിച്ച പണം കൊണ്ടാണ് അദ്ദേഹം എം.എസ്.സ്വാമിനാഥന് റിസര്‍ച്ച് ഫൗണ്ടേഷന് തുടങ്ങിയത്. ലോക ഭക്ഷ്യ സമ്മാനം സ്വീകരിച്ച് അദ്ദേഹം നടത്തിയ, ഭക്ഷ്യോല്‍പ്പാദനം കൂടിയിട്ടും പട്ടിണിയും കൂടുന്നു എന്നതിനെപ്പറ്റിയുള്ള പ്രഭാഷണം ലോക ശ്രദ്ധയാകര്‍ഷിച്ചു. പല രാജ്യങ്ങള്‍ക്കും വിഭവങ്ങള്‍ പങ്കിടാന്‍ ഭയമാണെന്ന സത്യം അദ്ദേഹം തുറന്നു പറഞ്ഞു. അതു കാരണം പട്ടിണിയില്ലാത്ത ലോകം എന്ന സങ്കല്‍പ്പം സ്വപ്നമായി തന്നെ അവശേഷിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ലോക നേതാക്കള്‍ ഈ സത്യം തിരിച്ചറിഞ്ഞ് അദ്ദേഹത്തിന്റെ ശ്രമങ്ങളെ അംഗീകരിച്ചു.
ഭാരതത്തില്‍ നിരവധി കാര്‍ഷിക സ്ഥാപനങ്ങള്‍ പടുത്തുയര്‍ത്തുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിച്ച അദ്ദേഹം, ചൈന, വിയറ്റ്നാം,മ്യാന്മര്, തായ്ലാന്ഡ്, ശ്രീലങ്ക, പാകിസ്ഥാന്, ഇറാന്, കമ്പോഡിയ എന്നിവിടങ്ങളില്‍ കാര്‍ഷിക ഗവേഷണ സ്ഥാപനങ്ങള്‍ സ്ഥാപിക്കാന്‍ സഹായമേകി. ഭാരതത്തെ പട്ടിണി മുക്തമാക്കുകയായിരുന്നു അദ്ദേഹത്തിന്റെ സ്വപ്നം. 2004ല്‍ രൂപീകരിച്ച നാഷണല്‍ കമ്മീഷന് ഓണ്‍ ഫാര്‍മേഴ്സ് അധ്യക്ഷന്‍ അദ്ദേഹമായിരുന്നു. 2007ല്‍ അദ്ദേഹത്തെ രാജ്യസഭാംഗമാക്കി. നിത്യഹരിത വിപഌവം എന്ന വാക്ക് ഉണ്ടാക്കിയതു തന്നെ സ്വാമിനാഥനാണ്.
രാജ്യാന്തര നെല്ലുഗവേഷണ കേന്ദ്രത്തില്‍ ഡയറക്ടര്‍ ജനറല്‍, ദേശീയ കര്‍ഷക കമ്മിഷന് ചെയര്മാന് തുടങ്ങി ഒട്ടേറെ നിലകളില്‍ അദ്ദേഹം മികവു തെളിയിച്ചിട്ടുണ്ട്. 1943ലെ ബംഗാള്‍ മഹാക്ഷാമകാലത്ത് ലക്ഷക്കണക്കിനു മനുഷ്യര്‍ പട്ടിണിമൂലം മരിക്കുന്നതിനു സാക്ഷിയാകേണ്ടിവന്ന അദ്ദേഹം, ലോകത്തെ വിശപ്പ് നിര്‍മാര്‍ജനം ചെയ്യുന്നതിനായി ജീവിതം സമര്‍പ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. സ്വാമി വിവേകാനന്ദന്റെയും രമണ മഹര്‍ഷിയുടെയും ഗാന്ധിജിയുടെയും കാലടിപ്പാടുകളെ പിന്തുടര്‍ന്ന അദ്ദേഹത്തിന്റെ ജീവിതത്തില്‍ ഇവരുടെ സ്വാധീനവും ദൃശ്യമായിരുന്നു.
അവാര്‍ഡുകളുടെ പെരുമഴ
ദേശീയവും അന്തര്‍ദേശീയവുമായ അനവധി പുരസ്ക്കാരങ്ങളാണ് അദ്ദേഹത്തെ തേടിയെത്തിയത്. മഗ്സസെ അവാര്‍ഡ്, ഐന്സ്റ്റീന് ലോക ശാസ്ത്ര അവാര്‍ഡ്, ലോക ഭക്ഷ്യ സമ്മാനം, ഓര്‍ഡര്‍ ഒാഫ് ദ ഗോള്‍ഡന്‍ ഹാര്‍ട്ട്(ഫിലിപ്പൈന്‍സ്), ഓര്‍ഡര്‍ ഓഫ് അഗ്രികള്‍ച്ചറല്‍ മെറിറ്റ് ഓഫ് ഫ്രാന്‍സ്, ഗോള്‍ഡന്‍ ആര്‍ക് ഓഫ്നെതര്ലാന്ഡ്സ്, റോയല്‍ ഓര്‍ഡര്‍ ഓഫ് സഹമൈത്രി(കമ്പോഡിയ), അവാര്‍ഡ് ഫോര്‍ ഇന്റര്‍നാഷണല്‍ കോഓപ്പറേഷന്‍ ഓണ്‍ എന്‍വയണ്‍മെന്റ് ആന്‍ഡ് ഡവലപ്മെന്റ്(ചൈന) എന്നിവ അദ്ദേഹത്തിന് കാര്‍ഷിക രംഗത്തെ അമൂല്യമായ സംഭാവനകള്‍ പരിഗണിച്ച് ഇതര രാജ്യങ്ങള്‍ നല്കിയ പുരസ്ക്കാരങ്ങളാണ്.
രാജ്യം ആദരിച്ച മഹദ് വ്യക്തി
61ല്‍ ശാന്തി സ്വരൂപ് ഭട്നഗര്‍ അവാര്‍ഡ് നേടിയ അദ്ദേഹത്തെ രാജ്യം പദ്മശ്രീ, പദ്മ ഭൂഷണ്, പദ്മവിഭൂഷണ് എന്നിവ നല്കി ആദരിച്ചിട്ടുണ്ട്. ലാല്‍ ബഹാദൂര്‍ ശാസ്ത്രി നാഷണല്‍ അവാര്‍ഡ്, ഇന്ദിരാഗാന്ധി പ്രൈസ് എന്നിവയടക്കം അനവധി ദേശീയ പുരസ്ക്കാരങ്ങളും ലഭിച്ചു. 84 ഓണററി ഡോക്ടറേറ്റുകളാണ് അദ്ദേഹത്തിന് ലഭിച്ചത്. നിരവധി പുസ്തകങ്ങളും പ്രബന്ധങ്ങളും രചിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: