ന്യൂദല്‍ഹി: ‘വൈബ്രന്റ് ഗുജറാത്ത്’ ആഗോള ഉച്ചകോടി മറ്റുസംസ്ഥാനങ്ങളും മാതൃകയാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഹമ്മദാബാദിലെ സയന്‍സ് സിറ്റിയില്‍ വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയുടെ 20-ാം വാര്‍ഷിക ആഘോഷത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭൂകമ്പമുള്‍പ്പെടെയുള്ള സാഹചര്യങ്ങളാല്‍ തകര്‍ന്നടിഞ്ഞ ഗുജറാത്തിനെ കരകയറ്റുമെന്ന പ്രതിജ്ഞയില്‍ നിന്നാണ് വൈബ്രന്റ് ഗുജറാത്തിന് 2003ല്‍ തുടക്കമിട്ടത്. ഗുജറാത്തിന്റെ വികസനത്തിലൂടെ രാജ്യത്തിന്റെ വികസനം എന്ന് താന്‍ നിര്‍ദേശിച്ചെങ്കിലും, രാഷ്ട്രീയ കണ്ണാടിയിലൂടെയാണ് അന്നത്തെ കേന്ദ്രത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ അതിനെ കണ്ടത്. എന്നാല്‍ ഭയപ്പെടുത്തിയിട്ടും വിദേശനിക്ഷേപകര്‍ ഗുജറാത്ത് തിരഞ്ഞെടുത്തുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ 20 വര്‍ഷത്തേക്കാള്‍ പ്രാധാന്യമുള്ളതാണ് അടുത്ത 20 വര്‍ഷം. വൈബ്രന്റ് ഗുജറാത്തിന് 40 വര്‍ഷം തികയുമ്പോള്‍, സ്വാതന്ത്ര്യത്തിന്റെ നൂറാം വാര്‍ഷികത്തില്‍ നിന്ന് ഭാരതത്തെ വികസിതവും സ്വാശ്രയത്വവുമുള്ള രാഷ്ട്രമാക്കി മാറ്റുന്ന ഒരു രൂപരേഖ തയാറാകണം. വൈബ്രന്റ് ഗുജറാത്ത് ഈ ദിശയിലേക്ക് നീങ്ങുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഗുജറാത്ത് ഗവര്‍ണര്‍ ആചാര്യ ദേവവ്രത്, മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍, സി.ആര്. പാട്ടീല്‍ എംപി, വെല്‍സ്പണ്‍ ചെയര്മാന് ബി.കെ. ഗോയങ്ക, ജെട്രോ (ദക്ഷിണേഷ്യ) ചീഫ് ഡയറക്ടര്‍ ജനറല്‍ തകാഷി സുസുക്കി, ആര്‍സലര്‍ മിത്തല്‍ എക്സിക്യൂട്ടീവ് ചെയര്മാന് ലക്ഷ്മി മിത്തല്‍, മന്ത്രിമാര്‍, വ്യവസായ പ്രമുഖര്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. സയന്‍സ് സിറ്റിയുടെ ഭാഗമായ റോബോട്ടിക്സ് ഗാലറി, നേച്ചര്‍ പാര്‍ക്ക്, അക്വാട്ടിക് ഗാലറി, ഷാര്‍ക്ക് ടണല്‍ എന്നിവിടങ്ങളും അദ്ദേഹം സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: