ഇംഫാല്‍ : മണിപ്പൂരില്‍ രണ്ട് വിദ്യാര്‍ത്ഥികളുടെ കൊലപാതകം അപലപനീയമെന്ന് മുഖ്യമന്ത്രി ബിരേന്‍ സിംഗ്. കുറ്റവാളികള്‍ക്ക് പരമാവധി ശിക്ഷ നല്‍കും. സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമം തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
മെയ്തെയ് വിഭാഗത്തിലെ രണ്ട് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. മണിപ്പൂരില്‍ വംശീയ കലാപത്തിന്റെ പശ്ചാത്തലത്തില്‍ അഫ്സ്പ ആറുമാസത്തേക്ക് കൂടി നീട്ടി. ഇത് അടുത്തമാസം ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. 19 പ്രശ്നബാധിത മേഖലകളിലാണ് അഫ്സപ നീട്ടിയത്.
വിദ്യാര്‍ത്ഥികളുടെ കൊലപാതകത്തില്‍ പ്രതിഷേധം ശക്തമാകവെ കേസ് അന്വേഷിക്കാന്‍ സിബിഐ സംഘം മണിപ്പൂരിലെത്തി.പൊലീസ് വിവിധ ജില്ലകളില്‍ നടത്തിയ പരിശോധനയില്‍ ആയുധങ്ങള്‍ പിടിച്ചെടുത്തു. ഇരു വിഭാഗവും ഉപയോഗിച്ചിരുന്ന ബങ്കറുകള്‍ പൊലീസ് തകര്‍ത്തു. ചുരാചന്ദ്പൂര്‍, ബിഷ്ണുപൂര്‍ ജില്ലാ അതിര്‍ത്തികളില്‍ സുരക്ഷ ശക്തമാക്കി.
വിദ്യാര്‍ത്ഥികളെ കാണാതായ സംഭവത്തില്‍ സിബിഐ അന്വേഷണം പുരോഗമിക്കവെയാണ് കൊല്ലപ്പെട്ട നിലയിലുള്ള ഫോട്ടോകള്‍ പ്രചരിച്ചത്. അവസാനമായി വിദ്യാര്‍ത്ഥികളുടെ ടവര്‍ ലൊക്കേഷന്‍ കുക്കി വിഭാഗക്കാര്‍ക്ക് സ്വാധീനമുള്ള ചുരാചന്ദ്പൂര്‍-ലംധാന്‍ മേഖലയില്‍ ആണെന്ന് അന്വേഷണസംഘം കണ്ടെത്തി.
വിദ്യര്‍ത്ഥികള്‍ കൊല്ലപ്പെട്ടതിനു പിന്നാലെ കുക്കി വിഭാഗക്കാര്‍ക്കെതിരെ മെയ്തെയ്കളുടെ പ്രതിഷേധം ശക്തമായി. കഴിഞ്ഞ രാത്രി വൈകിയും ഇംഫാലില്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയ മെയ്തെയ് വിഭാഗക്കാരും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടിയതില്‍ 50 ഓളം മെയ്തെയ് വിഭാഗക്കാര്‍ക്ക് പരിക്കേറ്റു. സംസ്ഥാനത്ത് അഞ്ച് ദിവസത്തേക്ക് ഇന്റര്‍നെറ്റ് നിരോധനം വീണ്ടും ഏര്‍പ്പെടുത്തി. രണ്ട് ദിവസം സ്കൂളുകള്‍ക്ക് അവധി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: