പാമ്പാടി: ദേശീയ പാതയുടെ ഇരുവശവും പലയിടങ്ങളിലായി രൂപപ്പെട്ട കട്ടിങ് വാഹന യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു. ഓടയില്ലാത്തതിനാല്‍ വെള്ളം കുത്തിയൊലിച്ച് മണ്ണ് ഒഴുകിപ്പോകുന്നതാണ് ഇത്തരത്തില്‍ കട്ടിങുകള്‍ ഉണ്ടാകുന്നത്.
വലിയ വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കുമ്പോള്‍ ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള ചെറിയ വാഹനങ്ങള്‍ റോഡില്‍ നിന്നും താഴേക്ക് ഇറങ്ങേണ്ടിവരുമ്പോള്‍ വലിയ അപകട സാധ്യതയാണുള്ളത്. ചില ഭാഗങ്ങളില്‍ വലിയ കുഴികള്‍ തന്നെ രൂപപ്പെട്ടിട്ടുണ്ട്. ഈ പ്രദേശങ്ങള്‍ കാട് മൂടിക്കിടക്കുന്നതും അപകട സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നു.
വ്യാപാര സ്ഥാപനങ്ങള്‍ക്കു മുന്‍പിലുള്ള കട്ടിങുകള്‍ അവര്‍തന്നെ നിരത്താറാണ് പതിവ്. ഓരോ തവണ ടാറിങ് കഴിയുമ്പോഴും കട്ടിങിന്റെ ഉയരംകൂടി വരുന്നു. ടൗണില്‍ ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ സിമന്റ് കട്ടകള്‍ പാകിയിരുന്നെങ്കിലും ടാറിങിനു ശേഷം ആഭാഗങ്ങളും കട്ടിങായി. റോഡിന്റെ വശങ്ങള് കാട് മൂടിക്കിടക്കുന്നത് മൂലം കാല്‍നടക്കാര്‍ റോഡിലൂടെ നടക്കേണ്ട ഗതികേടിലാണ്. സമീപ വഴികളില്‍ നിന്ന് വെള്ളം ഒഴുകിയെത്തുന്നത് ഒഴിവാക്കിയാല്‍ ഈ പ്രശ്നത്തിന് പരിഹാരമാകും. ഈ ഭാഗങ്ങളില്‍ ഓടകള്‍ പണിയുന്നതും ഇത്തരത്തില്‍ മണ്ണ് ഒഴുകി കട്ടിങ് രൂപപ്പെടുന്നത് ഒഴിവാക്കാന്‍ സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: