രാജ്യത്തുടനീളം ഗണേശോത്സവം ആഘോഷിക്കുന്ന സന്ദര്‍ഭത്തിലാണ് നമ്മുടെ ചെറുപ്പക്കാര്‍ക്ക് പുതിയ തൊഴില്‍ ലഭിക്കുന്നത്. നിയമനപത്രങ്ങള്‍ ലഭിച്ചവര്‍ക്ക് അഭിനന്ദനങ്ങള്‍. ഈ സുവര്‍ണാവസരത്തില്‍ നിയമിതരായവര്‍ക്ക് ഇതു പുതിയ ജീവിതത്തിന്റെ ‘ശ്രീ ഗണേശ’മാണ്. കഠിനാധ്വാനവും അര്‍പ്പണബോധവുമാണ് അവരെ ഇവിടെ എത്തിച്ചത്. ദശലക്ഷക്കണക്കിന് ഉദ്യോഗാര്‍ഥികളില്‍നിന്നാണ് അവര്‍ തിരഞ്ഞെടുക്കപ്പെട്ടത്. പുതുതായി നിയമിതരാകുന്നവരുടെ സേവനസന്നദ്ധത രാജ്യത്തിന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സഹായിക്കും.
ചരിത്രപരമായ നേട്ടങ്ങള്‍ക്കു രാജ്യം സാക്ഷ്യം വഹിക്കുകയാണ്. ജനസംഖ്യയുടെ പകുതിയോളം പേരെ ശാക്തീകരിച്ച നാരീശക്തി വന്ദന്‍ അധിനിയം അതിലൊന്നാണ്. 30 വര്‍ഷമായി മുടങ്ങിക്കിടന്ന വനിതാ സംവരണവിഷയം ഇരുസഭകളും റെക്കോര്‍ഡ് വോട്ടോടെയാണ് പാസാക്കിയത്. പുതിയ പാര്‍ലമെന്റിന്റെ ആദ്യ സമ്മേളനത്തിലാണ് ഈ തീരുമാനം ഉണ്ടായത്. ഒരു തരത്തില്‍ പറഞ്ഞാല്‍, പുതിയ പാര്‍ലമെന്റില്‍ ഇത് രാജ്യത്തിനു പുതിയ തുടക്കമേകി.
പുതുതായി നിയമിതരായവരില്‍ സ്ത്രീകളുടെ ഗണ്യമായ സാന്നിധ്യമുണ്ട്. രാജ്യത്തിന്റെ പുത്രിമാര്‍ എല്ലാ മേഖലയിലും അവരുടെ പേരു പതിക്കുകയാണ്. നാരീശക്തിയുടെ നേട്ടത്തില്‍ എനിക്ക് വളരെയധികം അഭിമാനമുണ്ട്. അവരുടെ വളര്‍ച്ചയ്ക്ക് പുതിയ വഴികള്‍ തുറക്കുക എന്നതാണു ഗവണ്മെന്റിന്റെ നയം. ഏതു മേഖലയിലും സ്ത്രീകളുടെ സാന്നിധ്യം എല്ലായ്പോഴും നല്ല മാറ്റങ്ങള്‍ക്കു വഴിവച്ചിട്ടുണ്ട്.
പുതിയ ഇന്ത്യയുടെ വളര്‍ന്നുവരുന്ന വികസനസ്വപ്നങ്ങള്‍ ശ്രേഷ്ഠമാണ്. 2047-ഓടെ വികസിത ഭാരതമായി മാറാനുള്ള ദൃഢനിശ്ചയമെടുത്തിരിക്കുകയാണ് ഇന്ത്യ. അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ രാജ്യം ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ സമ്പദ്വ്യവസ്ഥയായി മാറും. അതിനായി വരും കാലങ്ങളില്‍ ഗവണ്മെന്റ് ജീവനക്കാര്‍ക്ക് ഏറെ സംഭാവനകളേകാനാകും. ‘ജനങ്ങള്‍ ആദ്യം’ എന്ന സമീപനം പിന്തുടരണം. ഇന്നു നിയമിതരായവര്‍ സാങ്കേതികവിദ്യയ്ക്കൊപ്പമാണു വളര്‍ന്നത്. അത് അവരുടെ പ്രവര്‍ത്തനമേഖലയില്‍ ഉപയോഗപ്പെടുത്തുന്നതിനും ഭരണത്തിന്റെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും ഊന്നല്‍ നല്‍കണം.
ഭരണനിര്‍വഹണത്തില്‍ സാങ്കേതികവിദ്യയുടെ ഉപയോഗം പ്രധാനപ്പെട്ടതാണ്. ഓണ്‍ലൈന്‍ റെയില്‍വേ റിസര്‍വേഷനുകള്‍, ആധാര്‍ കാര്‍ഡ്, ഡിജിലോക്കര്‍, ഇകെവൈസി, ഗ്യാസ് ബുക്കിങ്, ബില്‍ പേയ്മെന്റുകള്‍, നേരിട്ടുള്ള ആനുകൂല്യക്കൈമാറ്റം, ഡിജിയാത്ര എന്നിവ വഴി രേഖപ്പെടുത്തലുകളുടെ സങ്കീര്‍ണത കുറയുകയാണ്. സാങ്കേതികവിദ്യ അഴിമതിക്ക് പരിസമാപ്തി കുറിക്കുകയും വിശ്വാസ്യത വര്‍ധിപ്പിക്കുകയും സങ്കീര്‍ണത കുറയ്ക്കുകയും സുഖസൗകര്യങ്ങള്‍ വര്‍ധിപ്പിക്കുകയും ചെയ്തു. ഈ ദിശയില്‍ കൂടുതല്‍ പ്രവര്‍ത്തിക്കാന്‍ പുതുതായി നിയമിതരായവര്‍ക്ക് കഴിയണം.
കഴിഞ്ഞ 9 വര്‍ഷമായി, ഗവണ്മെന്റിന്റെ നയങ്ങള്‍ പുതിയ ചിന്താഗതി, നിരന്തരമായ നിരീക്ഷണം, ദൗത്യമെന്ന തരത്തിലുള്ള നിര്‍ഹവണം, ബഹുജന പങ്കാളിത്തം എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ്. അത് മഹത്തായ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് വഴിയൊരുക്കി. ശുചിത്വ ഭാരതം, ജല്‍ ജീവന് ദൗത്യം തുടങ്ങിയ യജ്ഞങ്ങളുടെ ഉദാഹരണങ്ങള്‍ നമുക്കുമുന്നിലുണ്ട്. രാജ്യത്തുടനീളമുള്ള പദ്ധതികള്‍ നിരന്തരം നിരീക്ഷിക്കപ്പെടുകയും അവയുടെ വേഗത്തിലുള്ള നിര്‍വ്വഹണം സര്‍ക്കാര്‍ യാഥാര്‍ത്ഥ്യമാക്കുകയുമാണ്. ഗവണ്മെന്റ് പദ്ധതികള്‍ താഴേത്തട്ടില്‍ നടപ്പാക്കാനുള്ള ഏറ്റവും വലിയ ഉത്തരവാദിത്വം ഗവണ്മെന്റ് ജീവനക്കാരാണ് വഹിക്കുന്നത്. ലക്ഷക്കണക്കിന് യുവാക്കള്‍ ഗവണ്മെന്റ് സേവനങ്ങളില്‍ ചേരുമ്പോള്‍ നയ നിര്‍വഹണത്തിന്റെ വേഗവും തോതും വര്‍ധിക്കും. അതുവഴി ഗവണ്മെന്റ് മേഖലയ്ക്ക് പുറത്തുള്ള തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാനും പുതിയ തൊഴില്‍ ചട്ടക്കൂടുകള്‍ സ്ഥാപിക്കാനുമാകും.
ജിഡിപി വളര്‍ച്ചയെക്കുറിച്ചും ഉല്‍പ്പാദനത്തിലും കയറ്റുമതിയിലും ഉണ്ടായ കുതിച്ചുചാട്ടവും നമ്മെ സംബന്ധിച്ച് പ്രധാനമാണ്. ആധുനിക അടിസ്ഥാനസൗകര്യങ്ങളിലുള്ള അഭൂതപൂര്‍വമായ നിക്ഷേപം നമ്മെ മുന്നോട്ട് നയിക്കുന്നു. പുനരുപയോഗ ഊര്‍ജം, ജൈവകൃഷി, പ്രതിരോധം, വിനോദസഞ്ചാരം തുടങ്ങിയ മേഖലകളില്‍ നമുക്ക് കൂടുതല്‍ കരുത്തരാകണം. മൊബൈല്‍ ഫോണുകള്‍ മുതല്‍ വിമാനവാഹിനിക്കപ്പലുകള്‍ വരെ, കൊറോണ വാക്സിന് മുതല്‍ യുദ്ധവിമാനങ്ങള്‍ വരെയുള്ള മേഖലകളില്‍ ഇന്ത്യയുടെ സ്വയംപര്യാപ്ത നേട്ടമാണ്. ഇതിലൂടെ യുവാക്കള്‍ക്ക് പുതിയ അവസരങ്ങള്‍ ഉയര്‍ന്നുവരികയാണ്.
രാജ്യത്തിന്റെയും പുതുതായി നിയമിതരായവരുടെയും ജീവിതത്തില്‍ വരുന്ന 25 വര്‍ഷത്തെ അമൃതകാലത്തിന്റെ പ്രാധാന്യം മനസിലാക്കണം. കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്കു കൂടുതല്‍ മുന്‍ഗണന നല്‍കണം. ജി20 നമ്മുടെ പാരമ്പര്യത്തിന്റെയും ദൃഢനിശ്ചയത്തിന്റെയും ആതിഥ്യമര്യാദയുടെയും പരിപാടിയായി മാറി. ഈ വിജയം വിവിധ പൊതു-സ്വകാര്യ വകുപ്പുകളുടെ വിജയം കൂടിയാണ്. ജി20ന്റെ വിജയത്തിനായി ഏവരും ഒരു സംഘമായി പ്രവര്‍ത്തിച്ചു. ഇന്ന് നിങ്ങളും ഗവണ്മെന്റ് ജീവനക്കാരുടെ ടീം ഇന്ത്യയുടെ ഭാഗമാകുന്നതില്‍ എനിക്ക് സന്തോഷമുണ്ട്.
നിയമിതരായവര്‍ക്ക് ഗവണ്മെന്റുമായി നേരിട്ട് പ്രവര്‍ത്തിക്കാന്‍ അവസരമുണ്ട്. അവരുടെ പഠന യാത്ര തുടരണം. താല്‍പ്പര്യമുള്ള മേഖലകളിലെ അറിവു വര്‍ധിപ്പിക്കുന്നതിന് കര്‍മയോഗി പോര്‍ട്ടല്‍ ഉപയോഗിക്കണം. പുതുതായി നിയമിതരായവരും അവരുടെ കുടുംബങ്ങളും അടുത്ത 25 വര്‍ഷത്തിനുള്ളില്‍ ഭാരതത്തെ വികസിത രാഷ്ട്രമാക്കുമെന്ന ദൃഢനിശ്ചയം ഏറ്റെടുക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: