ഹ്യൂസ്റ്റണ്‍: നവംബര്‍ 23, 24, 25 തീയതികളില്‍ ഹ്യൂസ്റ്റനില്‍ ഹില്‍ട്ടണ്‍ അമേരിക്കാസില്‍ നടക്കുന്ന കെഎച്എന്‍എ കണ്‍വെന്‍ഷന്‍ താരനിബിഡമായിരിക്കും. കേരളത്തില്‍ വേരുകളുള്ള അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി വിവേക് രാമസ്വാമി കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും.സനാതന ധര്‍മത്തില്‍ അടിയുറച്ചു വിശ്വസിക്കുന്ന ഒരു ഹിന്ദുവാണ് താന്‍ എന്നാല്‍ മറ്റു മതങ്ങളോട് ബഹുമാനം മാത്രമേയുള്ളു എന്ന് സധൈര്യം പ്രഖ്യാപിച്ച വിവേക് രാമസ്വാമി തന്നെയാണ് എന്തുകൊണ്ടും അമേരിക്കയില്‍ നടക്കുന്ന ഈ കണ്‍വെന്‍ഷന്‍ ഉത്ഘാടനം ചെയ്യാന്‍ യോഗ്യന്‍ എന്ന് കെ എച് എന്‍ എ പ്രസിഡന്റ് ജി കെ പിള്ള പത്രസമ്മേളനത്തില്‍ പറഞ്ഞു. ‘സത്യം വദ ധര്‍മ്മം ചര’ (സത്യം പറയുക ധര്‍മ്മം പ്രവര്‍ത്തിക്കുക) എന്നതായിരിക്കും തന്റെ രാഷ്‌ട്രീയ വാക്യം എന്നും വിവേക് പ്രഖ്യാപിച്ചിട്ടുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെ എച് എന്‍ എ യുടെ ചരിത്രത്തിലെ ഏറ്റവും വലിയതും പൊലിമയാര്‍ന്നതുമായ കണ്‍വെന്‍ഷന്‍ ആയിരിക്കും നവംബറില്‍ നടക്കുന്നത് എന്ന് കണ്‍വെന്‍ഷന്‍ ചെയര്‍ ഡോ. രഞ്ജിത് പിള്ള പറഞ്ഞു.
കണ്‍വെന്‍ഷന്‍ കണ്‍വീനര്‍ അശോകന്‍ കേശവന്‍ , മീഡിയ ചെയര്‍ അനില്‍ ആറന്മുള, ട്രസ്റ്റി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ സോമരാജന്‍ നായര്‍, ഡയറക്ടര്‍ ബോര്‍ഡ് അംഗം ഡോ. ബിജു പിള്ള എന്നിവരുംപത്രസമ്മേളനത്തില്‍ സന്നിഹിതരായിരുന്നു.
ആദ്ധ്യാത്മിക ഗുരുക്കന്മാരായ സ്വാമി ചിദാനന്ദപുരി(കൊളത്തൂര്‍ ആശ്രമം)
, ശിവഗിരി മഠം പ്രസിഡണ്ട് സച്ചിദാന്ദ സ്വാമി(ശിവഗിരി മഠം), ചേങ്കോട്ടുകോണം ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി( ചേങ്കോട്ടുകോണം ആശ്രമം)എന്നിവര്‍ സമ്മേളത്തിന് നേതൃത്വംനല്കും. ചന്ദ്രയാനിലൂടെ ഭാരതത്തിന്റെ അഭിമാനം സൗരയൂഥങ്ങള്‍ക്കുമപ്പുറം എത്തിച്ച ഡോ. സോമനാഥ് പ്രത്യേക അതിഥിയായിരിക്കും.
കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍, മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍, ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍, ചലച്ചിത്ര തരാം സുരേഷ് ഗോപി, മലയാള ഗാന സാമ്രാട്ട് ശ്രീകുമാരന്‍ തമ്പി, തിരുവിതാംകൂര്‍ രാജകുടുംബാംഗം ഗൗരി പാര്‍വതിഭായി, ചലച്ചിത്ര താരം ആര്‍ മാധവന്‍, പ്രജ്ഞ പ്രവാഹ് ദേശീയ കണ്‍വീനര്‍ ജെ നന്ദകുമാര്‍, സൂര്യ കൃഷ്ണമൂര്‍ത്തി സിനിമ താരങ്ങളായ നരേന്‍, ആശാ ശരത്, പദ്മപ്രിയ, ലക്ഷ്മി ഗോപാലസ്വാമി, രചന നാരായണന്‍കുട്ടി, പ്രിയങ്ക നായര്‍, ദേവനന്ദ (മാളികപ്പുറം) മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ പി ശ്രീകുമാര്‍ (ജന്മഭൂമി), മേളവിദഗ്ധന്‍ കലാമണ്ഡലം ശിവദാസ്, തിരക്കഥാകൃത്ത് സുനീഷ് വരനാട് എന്നിവരായിരിക്കും അതിഥികളായി എത്തുക.
കെ എച് എന്‍ എ യുടെ കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ ഭരണ സമിതി ചെയ്ത വിപ്ലവകരമായ കാര്യങ്ങളിലെക്കും രഞ്ജിത്ത് പത്രപ്രവര്‍ത്തകരുടെ ശ്രദ്ധ ക്ഷണിച്ചു. ഇരുന്നൂറ്റി തൊണ്ണൂറ്റി രണ്ട് നിര്‍ധനരായ അമ്മമാര്‍ക്ക് മാസം ആയിരം രൂപവീതം കേരളത്തില്‍ നല്‍കിക്കൊണ്ടിരിക്കുന്ന അമ്മക്കൈനീട്ടം പദ്ധതി. അതുപോലെ കേരളത്തിലെ നൂറിലധികം കുട്ടികള്‍ക്ക് ഈവര്‍ഷം വിദ്യാഭ്യാസ സഹായ സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തു. ഇത് കെ എച് എന്‍ എ വര്ഷങ്ങളായി ചെയ്തുവരുന്നതാണ്.
പുതുതായി രൂപീകരിച്ച എച് കോര്‍ (ഹിന്ദു കോര്‍) പദ്ധതിപ്രകാരം അമേരിക്കയിലുള്ള യുവാക്കള്‍ക്ക് വിദ്യാഭ്യാസത്തിനും തുടര്‍വിദ്യാഭ്യാസത്തിനും നല്ല ജോലികള്‍ ലഭിക്കുന്നതിന് അവരെ പ്രാപ്തരാക്കും വിധം പരിശീലനം നല്‍കാനും ജോലികള്‍ കണ്ടെത്തിക്കൊടുക്കാനും സ്വന്തം സംരംഭങ്ങള്‍ തുടങ്ങുന്നതിനും സഹായിക്കുന്നുണ്ട് എന്ന് എച് കോര്‍ ചെയര്‍ പേഴ്‌സണ്‍ ഡോ. ബിജു പിള്ള വിശദീകരിച്ചു.
കുടുംബങ്ങളില്‍ പ്രശ്‌നങ്ങള്‍ നേരിടുന്ന വ്യക്തികള്‍ക്കായി സഹായത്തിനു സ്വസ്തി സമിതി രൂപീകരിച്ചിട്ടുള്ളതായി സോമരാജന്‍ നായര്‍ അറിയിച്ചു. ചാരിറ്റിക്കുവേണ്ടി രൂപീകരിച്ചിട്ടുള്ള സേവാ സമിതിയെക്കുറിച്ചു അശോകന്‍ കേശവന്‍ വിശദീകരിച്ചു.
നവംബര്‍ ഇരുപത്തിമൂന്നിനു പുലര്‍ച്ചെ മീനാക്ഷി ക്ഷേത്രത്തില്‍ ആറ്റുകാല്‍ തന്ത്രി തെക്കേടത് കുഴിക്കാട്ടില്‍ ഇല്ലത്തു പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട് പണ്ടാര അടുപ്പില്‍ തീ പകര്‍ന്ന് ആരംഭിക്കുന്നമുന്നൂറോളം സ്ത്രീകള്‍ പങ്കെടുക്കുന്ന പൊങ്കാല ഉത്സവത്തോടെയായിരിക്കും കണ്‍വെന്‍ഷന്‍ തുടക്കം.
ഒപ്പം രണ്ടുവര്‍ഷമായി നടന്നുവരുന്ന ‘മൈഥിലി മാ’ എന്ന തൊണ്ണൂറോളം അമ്മമാരുടെ സഹശ്ര നാമജപ യജ്ഞം ഒരുകോടി തികക്കുന്ന ചടങ്ങും മീനാക്ഷി ക്ഷേത്രത്തില്‍ നടക്കും. വൈകുന്നേരം ഡൗണ്‍ ടൗണില്‍ നടക്കുന്ന വര്‍ണശബളമായ ക്ഷേത്ര വിളംബര ഘോഷയാത്രയോടെ ഉത്ഘാടന ചടങ്ങുകള്‍ ആരംഭിക്കും. ശോഭായാത്രയെ അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള ദൃശ്യങ്ങള്‍ ഘോഷയാത്രയിലുണ്ടാവും.
കണ്‍വെന്‍ഷനില്‍ അരങ്ങേറുന്ന പരിപാടികളില്‍ പ്രമുഖമായതു ബാങ്കെറ്റ് നൈറ്റില്‍ നടക്കുന്ന സൂര്യാ ഫെസ്റ്റിവല്‍, ആര്‍ മാധവന്‍ നയിക്കുന്ന നൂറ്റി ഇരുപതോളം വനിതകള്‍ പങ്കെടുക്കുന്ന ജാനകി എന്ന പരിപാടിയും ആയിരിക്കും. ഭാരത ചരിത്രത്തിലെ സ്ത്രീരത്‌നങ്ങളെ അവരുടെ വേഷവിധാനമായിരുന്ന സാരിയില്‍ അവതരിപ്പിക്കുന്ന നൂതന പരിപാടിയായിരിക്കും ജാനകി. ഇതിനായി കൈതപ്രം എഴുതി ഈണം നല്‍കിയ ഒന്‍പതു ഗാനങ്ങളാണ് മുഖ്യ ആകര്‍ഷണം. ആര്‍ മാധവനാണ് ഷോ സംവിധാനം ചെയ്യുന്നത്.
തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികള്‍ക്കായി ഡോ. സോമനാഥ് ഡോ. നമ്പി നാരായണന്‍ എന്നിവരുമായി ശാസ്ത്രലോകം ഇന്ന് എന്ന പരിപാടിയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. യൂത്ത് യുവ എന്നീവയിലൂടെ ചെറുപ്പക്കാര്‍ക്കായി അവര്‍തന്നെ ബാസ്‌കറ്റ് ബോള്‍, ഡീജെ ഉള്‍പ്പടെയുള്ള പരിപാടികള്‍ ഒരുക്കുന്നുണ്ട്. പ്രായമായ കുട്ടികള്‍ക്കായി പരസ്പരം കാണാനും അറിയാനുമുള്ള അവസരങ്ങളും ഒരുക്കുന്നുണ്ട് യുവയിലും മംഗല്യ സൂത്ര എന്ന പരിപാടിയിലൂടെയും.
കുട്ടികള്‍ക്കായി കലാമത്സരങ്ങള്‍ സംഘടിപ്പിക്കുന്ന കലോത്സവം നടക്കുന്നുണ്ട്. കൂടാതെ പകല്‍പ്പൂരം ഉള്‍പ്പടെയുള്ള പരിപാടികളെക്കുറിച്ചു അനില്‍ ആറന്മുള വിശദീകരിച്ചു. കണ്‍വെന്‍ഷനുള്ള രേജിസ്ട്രറേഷന്‍ ധൃതഗതിയില്‍ പുരോഗമിക്കുന്നതായും ഒക്ടോബര്‍ മധ്യത്തോടെ അവസാനിക്കുമെന്നും ജി കെ പിള്ള പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ വെബ്‌സൈറ്റിലോ രഞ്ജിത് പിള്ളയുമായി നേരിട്ടോ ബന്ധപ്പെടാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: