തിരുവനന്തപുരം: സംസ്ഥാനത്തെ ലഹരിവിൽപ്പനക്കാരെ കണ്ടെത്താൻ സംസ്ഥാന വ്യാപകമായി പോലീസിന്റെ പരിശോധന. സംസ്ഥാനത്തെ 1300 കേന്ദ്രങ്ങളിൽ ഓപ്പറേഷൻ ഡി ഹണ്ട് എന്ന പേരിലാണ് പരിശോധന. പോലീസും നാർക്കോട്ടിക് സെൽ ടീമംഗങ്ങളും സംയുക്തമായാണ് പരിശോധന നടത്തുന്നത്.
പരിശോധനയുടെ ഭാഗമായി കോഴിക്കോട് സിറ്റി പരിധിയിൽ 21 വീടുകളിലും വിവിധ സ്ഥാപനങ്ങളിലും പോലീസ് പരിശോധന നടത്തി. 11 പേർക്കെതിരെ നടപടിയെടുത്തു. അർഷാദ് (24), വെള്ളിപറമ്പ് സ്വദേശി അബ്ദുൽ സമദ് (38), വെള്ളയിൽ സ്വദേശി റിസ്വാൻ, പുതിയങ്ങാടി സ്വദേശി നൈജിൽ, ഉള്ളിയേരി പാലോറ അരീപ്പുറത്ത് മുഷ്താഖ് അൻവർ (23) എന്നിവരെ അറസ്റ്റ് ചെയ്തു. വിവിധ സ്ഥലങ്ങളിൽ നിന്നായി എംഡിഎംഎ, കഞ്ചാവ് എന്നിവയും ലഹരി വസ്തുക്കൾ അളക്കാനുള്ള ഉപകരണം, അനുബന്ധ വസ്തുക്കളും പോലീസ് കണ്ടെത്തി.
മയക്കുമരുന്ന് വിതരണ സംഘത്തിലെ കണ്ണിയാണ് മുഷ്താഖ് അൻ വറെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. കൊയിലാണ്ടി സ്റ്റേഷനിൽ ഇയാളുടെ പേരിൽ മറ്റൊരു എംഡിഎംഎ കേസും നിലവിലുണ്ട്. സംസ്ഥാനത്ത് 230 കേസുകൾ രജിസ്റ്റർ ചെയ്തു. തിരുവനന്തപുരം റേഞ്ചിൽ 49 കേസുകൾ രജിസ്റ്റർ ചെയ്തു. 48 പേർ അറസ്റ്റിലായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: