ഏഷ്യന്‍ ഗെയിംസ് ഉദ്ഘാടന – സമാപന ചടങ്ങുകള്‍ക്ക് പ്രത്യേക ഐഡന്റിറ്റി കാര്‍ഡ്. ഒപ്പം മേഖലയും വരിയും സീറ്റ് നമ്പരുമെല്ലാം രേഖപ്പെടുത്തിയ പാസും.ആദ്യ അനുഭവം. സാധാരണ പ്രസ്സ് അക്രഡിറ്റേഷന് കാര്‍ഡിനൊപ്പം പ്രത്യക എന്‍ട്രി പാസ് മാത്രമാണു നല്‍കുക. ജക്കാര്‍ത്തയില്‍ മൂന്നിലൊന്നു പേര്‍ക്കു മാത്രമാണ് എന്‍ട്രി കിട്ടിയതെങ്കില് ഹാങ് ചോയില് എല്ലാവര്‍ക്കുംതന്നെ കിട്ടി.
സുരക്ഷ മുന്‍നിര്‍ത്തി മെട്രോ ട്രെയ്നുകള്‍ നിര്‍ത്തിയിരുന്നു.വെള്ളിയാഴ്ച ഇങ്ങോട്ടുള്ള ബസ് സര്‍വീസും നിര്‍ത്തിയിരുന്നു. ഇന്നലെ മൂന്നിന് പുന:രാരംഭിച്ചു.ചൈനയിലെ സമയം വൈകുന്നേരം എട്ടിന് തുടങ്ങിയ ഉദ്ഘാടനച്ചടങ്ങുകള്‍ക്ക് പ്രസ്സിനു മാത്രം മൂന്നരയ്ക്ക് പ്രവേശനം അനുവദിച്ചു. പക്ഷേ, പ്രധാന പ്രസ്സ് സെന്ററിനു പുറത്തു തുടങ്ങിയ സുരക്ഷാ പരിശോധന ഒളിംപിക് സ്റ്റേഡിയം വരെ നീണ്ടു. ബാഗില്‍ കരുതിയിരുന്ന ആപ്പിളും ബിസ്ക്കറ്റും വെള്ളവും തുടക്കത്തിലേ പിടിച്ചെടുത്തു. പക്ഷേ, അടുത്ത ഗേറ്റില്‍ പോക്കറ്റില്‍ ഉണ്ടായിരുന്ന രണ്ടു പേനയും എടുത്തു. എന്റെ പിന്നില്‍ വരിനിന്ന ലേഖകനു നാട്ടില്‍ നിന്നു കൊണ്ടുവന്ന കുടയും നഷ്ടമായി. പൊതു വൈഫൈയും അനുവദിച്ചില്ല.
മാധ്യമ പ്രവര്‍ത്തകരുടെ പേന സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തപ്പോള്‍ ഓര്മ വന്നത് ന്യൂഡല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസിലെ അനുഭവമാണ്. ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ പ്രവേശിക്കാനുള്ള സുരക്ഷാ പരിശോധന. നാണയങ്ങള്‍ അകത്തു കടത്തില്ല. അത് നിക്ഷേപിക്കാന്‍ ഒരു ബക്കറ്റ് വച്ചിട്ടുണ്ട്.പോക്കറ്റില്‍ ഉണ്ടായിരുന്ന ചില്ലറ ഞാന്‍ അതില്‍ ഇട്ടു. തൊട്ടപ്പുറത്ത് മറ്റൊരു ബക്കറ്റ്. അതില്‍ മദര്‍ തേരേസയുടെ പടം ഒട്ടിച്ച് ഓഫറിങ്സ് എന്ന് എഴുതിയിട്ടുണ്ട്. ക്യൂവില്‍ എന്റെ പിന്നില്‍ നിന്ന സിക്കുകാരന് ചില്ലറ മദര്‍ തേരേസയുടെ പടം വച്ച ബക്കറ്റില്‍ ഇട്ടിട്ട് പറഞ്ഞു. ‘അല്ലെങ്കില്‍ കല്‍മാഡി ഇതും വീട്ടില്‍ കൊണ്ടു പോകും.’
ഉദ്ഘാടന ചടങ്ങുകള്‍ എന്തൊക്കെയെന്നത് പരസ്യപ്പെടുത്തിയില്ല. സാധാരണ പ്രധാന പരിപാടികള്‍ തലേ ദിവസം അറിയിക്കുന്നതാണ്.
ഓസ്ട്രേലിയയില്‍ നിന്നുള്ള റോയിട്ടേഴ്സ് ലേഖകന്‍ മൂന്ന് ഇന്ത്യന്‍ വുഷു താരങ്ങള്‍ക്ക് പ്രവേശനാനുമതി കിട്ടാതെ വന്നതു സംബന്ധിച്ച് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്റെ പ്രതികരണം വേണം. പക്ഷേ, അതൊക്കെ സര്‍ക്കാര്‍ നോക്കിക്കൊള്ളും തങ്ങള്‍ സ്പോര്‍ട്സ് കാര്യം മാത്രമാണു നോക്കുന്നത് എന്ന ബുദ്ധിപരമായ സമീപനമാണ് ഐ.ഒ.എ.അധികൃതര്‍ എടുത്തത്. പൂര്‍ണമായി തൃപ്തനല്ലാതെ റോയിട്ടേഴ്സ് ലേഖകന്‍ മടങ്ങി.
ഉസ്ബക്കിസ്ഥാനില്‍ നിന്നുള്ള ഫൊട്ടോഗ്രാഫര്‍ അന്‍വറിന് അറിയേണ്ടത് ഇന്ത്യയുടെ ബോക്സിങ്ങ് താരങ്ങളെക്കുറിച്ചാണ്. നിഖാത് സരിനെക്കുറിച്ച് എടുത്തു ചോദിച്ചു. അമിത് പംഗലിനെക്കുറിച്ചും അദ്ദേഹം അന്വേഷിച്ചു.
ഒളിംപിക് കൗണ്‍സില്‍ ഓഫ് ഏഷ്യയുടെ ആക്ടിങ് പ്രസിഡന്റ് ഇന്ത്യയുടെ രാജാ രണ്‍ധീര്‍ സിങ് ചൈനീസ് പ്രസിഡന്റ് ഷിന് ജിയാവോ പിങ്ങിനെ കണ്ടതിന്റെ പടവും വാര്‍ത്തയും ചൈനയിലെ പത്രങ്ങള്‍ വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു.രാജ്യാന്തര ഒളിംപിക് സമിതി അധ്യക്ഷന്‍ തോമസ് ബാക്കും പ്രസിഡന്റിനെ കണ്ടിരുന്നു. രണ്ടു വാര്‍ത്തയ്ക്കും ഒരേ പ്രാധാന്യമാണു പത്രങ്ങള്‍ നല്‍കിയിരിക്കുന്നത്.
ദീപശിഖാ റാലിയില്‍ പങ്കെടുത്ത 2022 പേരില്‍ (732 വനിതകള്‍) 30 പേരെ തിരഞ്ഞെടുത്തത് ഓണ്‍ലൈന്‍ നറുക്കെടുപ്പിലൂടെയാണ്.50 ലക്ഷം പേരാണ് അപേക്ഷിച്ചത്.
ഹാങ്ചോവില്‍ മത്സരിക്കുന്ന അത്ലിറ്റുകള് 12,417 എന്നാണ് സംഘാടക സമിതി ഏറ്റവും ഒടുവില്‍ അറിയിച്ചത്.
481 സ്വര്‍ണം തേടിയുള്ള പോരാട്ടത്തില്‍ 407 നായും ആതിഥേയര്‍ കളത്തിലിറങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: