ന്യൂദല്‍ഹി: പഴയ പാര്‍ലമെന്റ് മന്ദിരത്തിന് പകരം പുതിയത് പണിയണമെന്ന് ഏറെ പറഞ്ഞുനടന്നവരാണ് കോണ്‍ഗ്രസുകാര്‍. പക്ഷെ പതിറ്റാണ്ടുകളോളം ഭരിച്ചിട്ടും അവര്‍ക്കതിന് സാധിച്ചില്ല. ഇപ്പോള്‍ കോവിഡ് പ്രതിസന്ധിയെ വരെ മറികടന്ന് പുതിയ പാര്‍ലമെന്റ് മന്ദിരം റെക്കോഡ് സമയത്തിനുള്ളില്‍ പണി തീര്‍ത്തപ്പോഴോ മോദി സര്‍ക്കാരിനെയും പുതിയ പാര്‍ലമെന്റ് മന്ദിരത്തേയും കുറ്റപ്പെടുത്തി സന്തോഷം കണ്ടെത്തുകയാണ് കോണ്‍ഗ്രസുകാര്‍. കിട്ടാത്ത മുന്തിരി പുളിക്കുന്നതുപോലെയാണ് സ്ഥിതി.
ഏറ്റവും ഒടുവില്‍ ശനിയാഴ്ച ഒരു പിടി കുറ്റപ്പെടുത്തലുകളുമായി രംഗത്തെത്തിയിരിക്കുകയാണ് ജയറാം രമേശ്. പുതിയ പാര്‍ലമെന്റ് മന്ദിരം ഇടുങ്ങിയതും ഉള്ളിലിരിക്കുമ്പോള്‍ ഏതോ അടഞ്ഞ സ്ഥലത്ത് ഇരിക്കുന്നതുപോലെ ശ്വാസം മുട്ടല്‍ തോന്നിയ്ക്കുന്നുവെന്നും ജയറാം രമേശ് കുറ്റപ്പെടുത്തുന്നു. പാര്‍ലമെന്റ് ഉദ്ഘാടനവും കഴിഞ്ഞ് പുതിയ പ്രത്യേകസമ്മേളനം നടക്കുകയും വനിതാ സംവരണബില്‍ പാസാക്കുകയും ചെയ്ത് കഴിഞ്ഞാണ് ഈ വൈകിയുള്ള കുറ്റപ്പെടുത്തല്‍.
നാല് വര്‍ഷത്തിന് ശേഷം ആശയവിനിമയത്തിന്റെയും സല്ലാപത്തിന്റെയും മരണമാണ് നടന്നതായി ഞാന്‍ കണ്ടു. പാര്‍ലമെന്റ് മന്ദിരത്തിന്റെ ഇരുസഭകളിലും ഇടനാഴിയിലും ഇതാണ് സംഭവിച്ചത്. പാര്‍ലമെന്റ് മന്ദിരത്തിന്റെ വാസ്തുശില്പകല ജനാധിപത്യത്തെ കൊന്നു എന്നും പ്രധാനമന്ത്രി ഭരണഘടനയെ തിരുത്തിയെഴുതാതെ തന്നെ കൊല്ലന്നതില് വിജയിച്ചെന്നും പ്രധാനമന്ത്രി.
ബൈനോക്കൂലര് (ദൂരദര്‍ശിനി) ഇല്ലാതെ ഭരണ-പ്രതിപക്ഷങ്ങളിലിരിക്കുന്നവര്ക്ക് പരസ്പരം കാണാനാവില്ലെന്നതാണ് മറ്റൊരു കുറ്റപ്പെടുത്തല്‍. സമൂഹമാധ്യമമായ എക്സിലാണ് ജയറാം രമേശ് ഇത്തരം കുറ്റപ്പെടുത്തലുകള്‍ പങ്കുവെച്ചത്.
ലോകത്തുള്ള പല പ്രമുഖരും പുതിയ പാര്‍ലമെന്റ് മന്ദിരത്തെ പ്രശംസിക്കുന്നതിനിടയിലാണ് ഇല്ലാത്ത കുറ്റങ്ങള്‍ ഏച്ചുകെട്ടി പുതിയ മന്ദിരത്തിന്റെ ശോഭകെടുത്താന്‍ ഈ കോണ്‍ഗ്രസ് നേതാവ് ശ്രമിക്കുന്നത്.
മോദി സര്‍ക്കാരിന്റെ നേട്ടങ്ങളെ ഇകഴ്ത്തിക്കാട്ടാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഒന്നടങ്കം പുതിയ വിമര്‍ശനങ്ങളുമായി പുതിയ പാര്‍ലമെന്റ് മന്ദിരത്തിനെതിരെ ഇറങ്ങിയിരിക്കുകയാണ്. ഇത് കോണ്‍ഗ്രസുകാരുടെ പുതിയ അജണ്ടയുടെ ഭാഗമാണെന്ന് വേണം കരുതാന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: