പയ്യന്നൂര്‍ എന്നുകേട്ടാല്‍ ഓര്‍മ്മവരുന്ന ഒട്ടനവധി കാര്യങ്ങളുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് ‘പയ്യന്നൂര്‍ പവിത്രമോതിരം’. വളരെ വ്രതശുദ്ധിയോടെ നിര്‍മ്മിക്കുന്ന ഈ മോതിരം ഐശ്വര്യത്തിന്റെ പ്രതീകമാണ്. ആറന്മുളക്കണ്ണാടിപോലെ പ്രാധാന്യം. ത്രിമൂര്‍ത്തി സാന്നിധ്യമുള്ള പവിത്രമോതിരം ഭൗമ സൂചികാ പദവി ലഭിച്ച ഒരേ ഒരു മോതിരമാണ്. സ്വാതന്ത്ര്യപ്രസ്ഥാനത്തെക്കുറിച്ചോര്‍ക്കുമ്പോഴും വലിയസ്ഥാനമാണ് പയ്യന്നൂരിന്. പയ്യന്നൂരിലെ സുബ്രഹ്മണ്യക്ഷേത്രവും വളരെ ഐശ്വര്യം തുളുമ്പുന്നതാണ്.
അങ്ങനെ ഒത്തിരി ചരിത്രവും പഴമ്പുരാണങ്ങളും ഉറങ്ങുന്ന പയ്യന്നൂര്‍ തെക്ക് കൊക്കാനിശ്ശേരിയില്‍ പ്രസിദ്ധവും പുരാതനവുമായ ഒരു ക്ഷേത്രമുണ്ട്, നമ്പ്യാത്രക്കൊവ്വല്‍ ശിവക്ഷേത്രം. ഐതിഹ്യങ്ങള്‍ ഏറെയുണ്ട് ഈ ശിവക്ഷേത്രവുമായി ബന്ധപ്പെട്ട്. പ്രാചീനകാലത്ത് ശിവഭക്തനും വേദ പണ്ഡിതനുമായ ഒരു ബ്രാഹ്മണന് പയ്യന്നൂരില്‍ വസിച്ചിരുന്നു. പെരിഞ്ചല്ലൂരപ്പന്റെ പരമഭക്തനായ ഈ ബ്രാഹ്മണന് കാല്‍നടയായിപോയി തളിപ്പറമ്പ് രാജരാജേശ്വരനെ തൊഴുതു വരാറുണ്ടായിരുന്നു. കാലമേറെ കഴിഞ്ഞപ്പോള്‍ വാര്‍ധക്യസഹജമായ കാരണങ്ങളാല്‍ അദ്ദേഹത്തിന് ക്ഷേത്രദര്‍ശനം അതീവ ദുഷ്കരമായി തീര്‍ന്നു.
തന്റെ ആരാധനയ്ക്ക് വിഘ്നം വരാതിരിക്കാനായി ഒരുനാള്‍ തളിപ്പറമ്പത്തപ്പനെ തൊഴുതുമടങ്ങവെ രാജരാജേശ്വരചൈതന്യത്തെ ശംഖ് തീര്‍ത്ഥത്തില്‍ ആവാഹിച്ച് പയ്യന്നൂരിലേക്ക് മടങ്ങി. മടക്കയാത്രയില്‍ നടന്ന് തളര്‍ന്ന വൃദ്ധബ്രാഹ്മണന് വഴിയില്‍ ഒരു ആല്‍മരവും കുളവും കണ്ടു. ശംഖ് ആല്‍മര ചുവട്ടില്‍ വെച്ച് അല്പം വിശ്രമിച്ച്, മൂത്രശങ്ക തീര്‍ത്ത് കുളത്തിലിറങ്ങി ദേഹശുദ്ധി വരുത്തി, അരയാല്‍ തറയില്‍ എത്തിയപ്പോള്‍ ബ്രാഹ്മണന് ഒരു അതിശയ കാഴ്ച കണ്ടു. ശംഖ് വിറകൊള്ളുന്നു. ശംഖിലെ തീര്‍ത്ഥജലം ആ ആല്മരച്ചുവട്ടില് തുളുമ്പി മറിഞ്ഞ് പരന്നിരിക്കുന്നു.
പരമേശ്വര ചൈതന്യ പൂരിതമായ തീര്‍ത്ഥം വീണതു വഴി രാജരാജേശ്വര സാന്നിധ്യം കൊണ്ടു പരമപവിത്രമായ നമ്പിയുടെ യാത്രാവഴി ശിവചൈതന്യം പതിച്ച കൊവ്വല്‍ (സ്ഥലം) നമ്പ്യാത്രകൊവ്വല്‍ എന്നറിയപ്പെട്ടു. തളിപ്പറമ്പ് രാജരാജേശ്വര ചൈതന്യം കൊണ്ട് ധന്യമായ ഈ പുണ്യഭൂമിയില്‍ പില്ക്കാലത്ത് സ്ഥലം ഉടമയായ രയരമംഗലത്ത് മനയിലെ തമ്പുരാന് ക്ഷേത്രം പണിത് തരണനല്ലൂര്‍ തന്ത്രി പ്രതിഷ്ഠ നടത്തി, പൂജാവിധികള്‍ നിശ്ചയിച്ചു.
ഈ ക്ഷേത്രത്തിലെ പ്രധാന ഉത്സവങ്ങളാണ്, ശിവരാത്രിയും ഒമ്പത് ദിവസം നീണ്ടു നില്ക്കുന്ന നവരാത്രി മഹോത്സവും, പ്രതിഷ്ഠാദിനവും. പയ്യാവൂര്‍ക്ഷേത്രത്തിലെ പുരാതനകാലത്തെ പ്രധാന അവകാശികള്‍ ആയിരുന്ന തെക്കടവന്‍ മണിയാണിമാര്‍ ഒന്നാം ഊരാഴ്മ സ്ഥാനം അലങ്കരിക്കുന്ന പയ്യന്നൂര്‍ കാപ്പാട് ഭഗവതി ക്ഷേത്രത്തില്‍ നിന്നും ഈ ക്ഷേത്രത്തിലേക്കുള്ള പൂരംകുളി എഴുന്നള്ളത്ത് സവിശേഷമായ ഒരു ചടങ്ങാണ്. കരിങ്കല്‍ ശില്പതൂണുകളോടെ പുതുതായി പണിത മനോഹരമായ നടപ്പന്തല്‍.
ഉമാമഹേശ്വരന്മാര് കുടികൊള്ളുന്ന ഇവിടുത്തെ തിരുനടയില്‍ വെച്ചുനടക്കുന്ന കല്യാണം ഏറെ ശ്രേയസ്കരം ആണെന്ന് പറയപ്പെടുന്നു. ഇവിടുത്തെ നവരാത്രി സംഗീതോത്സവം പ്രസിദ്ധമാണ്. പ്രസിദ്ധരായ ഒട്ടനവധി സംഗീതജ്ഞര്‍ സംഗീതോത്സവത്തില്‍ പങ്കെടുക്കുന്നു. നെയ്യമൃതും ഉമാമഹേശ്വര പൂജയും ധാരയും ശംഖാഭിഷേകവും ഒക്കെ ഇവിടുത്തെ വിശേഷപ്പെട്ട വഴിപാടുകളാണ്. ശംഖ് തീര്‍ത്ഥം വീണ് പവിത്രമായ ആ അരയാല്‍ കൊമ്പത്ത് നിന്നും ഒരു കുയില്‍ ഇന്നും പാടാറുണ്ട്. ആ ശിവ പഞ്ചാക്ഷരി മന്ത്രം. ഓം നമശിവായ.
ഇതൊന്നുമല്ല ഇന്നത്തെ പയ്യന്നൂര്‍ മാഹാത്മ്യം. ജനുവരിയില്‍ അവിടെ ഒരു നാലമ്പലം സമര്‍പ്പിക്കല്‍ ചടങ്ങ് നടന്നു. ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണനാണ് സമര്‍പ്പിച്ചത്. അതിനുമുന്‍പ് നിലവിളക്ക് തെളിയിച്ചതാണ് പ്രശ്നം. മന്ത്രിക്കവിടെ അയിത്തം നേരിടേണ്ടിവന്നു. എന്ന് എട്ടുമാസത്തിനുശേഷം കോട്ടയത്ത് നടന്ന ഒരു സമ്മേളനത്തില്‍ പ്രസംഗിക്കവേയാണ് പയ്യന്നൂരിലെ ദുരഭിമാനം മന്ത്രി വെളിപ്പെടുത്തിയത്. ദീപം കൊളുത്താനുള്ള വിളക്കുമായി മുഖ്യപൂജാരി വന്നപ്പോള്‍ വിളക്ക് മന്ത്രിക്ക് നല്‍കാനാണെന്നാണ് കരുതിയത്. എന്നാല്‍ പൂജാരി തന്നെ വിളക്ക് കത്തിച്ചു. അതിനുശേഷം സഹപൂജാരിക്ക് നല്കി. സഹപൂജാരിയും കത്തിച്ചശേഷം തന്റെ കയ്യില്‍ തരാതെ നിലത്തുവച്ചു. നിലത്തുനിന്നെടുത്ത് കത്തിക്കട്ടെ എന്ന് കരുതിക്കാണുമെന്നാണ് മന്ത്രി പറഞ്ഞത്. ഇത് അയിത്തമാണ്. മന്ത്രി ചടങ്ങില്‍ പ്രസംഗിക്കവെ പറഞ്ഞതായി വെളിപ്പെടുത്തി. ‘താന്‍ തരുന്ന കാശിന് അയിത്തമില്ല അല്ലെ’ എന്ന്. മന്ത്രി കമ്യൂണിസ്റ്റുകാരനാണ്. അവിടെ കാശ് കൊടുത്തിരിക്കുമോ? കൊടുക്കാറുണ്ടോ? എന്തോ? അതെന്തായാലും അത് അയിത്തത്തിന്റെ ഭാഗമാണെങ്കില്‍ അങ്ങേയറ്റം അപലപനീയമാണ്. അതല്ല തന്ത്രിമാരുടെ സംഘടന പറയുന്നതും കൂടി നോക്കാം.
”കേരളാചാരപ്രകാരം ക്ഷേത്രങ്ങളില്‍ പാലിക്കുന്ന ശുദ്ധമെന്നത് തീര്‍ത്തും ആത്മീയമായ ഒന്നാണ്. അതൊരിക്കലും ജാതി തിരിച്ചുള്ള വിവേചനമല്ല. ക്ഷേത്ര പൂജാരിമാര്‍ ക്ഷേത്രത്തിലെത്തുന്ന ഭക്തരെ ജാതി നോക്കിയല്ല സ്വീകരിക്കാറുള്ളത്. പൂജയ്ക്കായി ക്ഷേത്രത്തിലെത്തുന്ന പൂജാരി, ദേവ പൂജ കഴിയുന്നതു വരെ ആരെയും സ്പര്‍ശിക്കാറില്ല. അത് ബ്രാഹ്മണനെന്നോ അബ്രാഹ്മണനെന്നോ ഭേദമില്ല.”
ഇപ്പോള്‍ വിവാദമായ ഈ ക്ഷേത്രത്തിലും സംഭവിച്ചിട്ടുള്ളത് ഇത് തന്നെയാണ്. പ്രസ്തുത ദിവസം ക്ഷേത്രം തന്ത്രിയുടെ അഭാവത്തില്‍ അപ്പോള്‍ മാത്രം വിളക്കു കൊളുത്താന്‍ നിയുക്തനായ മേല്‍ശാന്തി പൂജയ്ക്കിടയിലാണു വിളക്കു കൊളുത്തുവാനായി ക്ഷേത്രമുറ്റത്തേക്ക് വരേണ്ടി വന്നത്. വിളക്ക് കൊളുത്തിയ ഉടന്‍ അദ്ദേഹം പൂജയ്ക്കായി മടങ്ങിപ്പോവുകയും ചെയ്തു. അദ്ദേഹത്തിന്റെ പ്രവൃത്തി ഒരിക്കലും അയിത്തം ആചരണത്തിന്റെ ഭാഗമായിട്ടല്ല. പൂജ മുഴുവനാക്കുക എന്ന അദ്ദേഹത്തിന്റെ കര്‍മം പൂര്‍ത്തീകരിക്കുവാനാണ്. പക്ഷേ അദ്ദേഹത്തിന്റെ പ്രവൃത്തിയെ മന്ത്രി അയിത്തമായി തെറ്റിദ്ധരിക്കുകയും അവിടെ വച്ചു തന്നെ അക്കാര്യത്തില്‍ അതൃപ്തി അറിയിക്കുകയും ചെയ്തിരുന്നു.
സാങ്കേതികമായി അന്ന് അവിടെ അവസാനിച്ച അതേ വിഷയം എട്ടു മാസങ്ങള്‍ക്കിപ്പുറത്ത് കേരളമാകെ ചര്‍ച്ചയാകുന്ന വിധത്തില്‍ വിവാദമാക്കുന്നതിനു പിന്നില്‍ ദുഷ്ടലാക്കുണ്ടോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു ക്ഷേത്രത്തില്‍ കഴിഞ്ഞ ദിവസം വരെ പ്രവൃത്തി ചെയ്തിരുന്ന പൂജാരിമാര്‍ക്കെതിരെ, അവര്‍ ജനിച്ച ജാതിയെ മാത്രം അടിസ്ഥാനപ്പെടുത്തി, ഇപ്പോള്‍ ഗുരുതരമായ കേസ് ചാര്‍ജ് ചെയ്തിരിക്കുന്നു.
യാഥാര്‍ഥ്യം ഇതാണെന്നിരിക്കെ, മന്ത്രിയുടെ പ്രസ്താവനയെ മുന്‍നിര്‍ത്തി ജാതി, വര്‍ണ്ണദ്വേഷം ആരോപിക്കുകയും ക്ഷേത്ര മേല്‍ശാന്തിയെയും അദ്ദേഹം ഉള്‍പ്പെടുന്ന സമുദായത്തേയും നിരന്തരം അപമാനിക്കുകയുമാണ് ഇന്നു ചിലര്‍ ചെയ്യുന്നത്. തികച്ചും നിര്‍ദോഷമായ ഒരു പ്രവൃത്തിയെ ദുര്‍വ്യാഖ്യാനം ചെയ്യുകയും സമൂഹത്തില്‍ സാമുദായിക സ്പര്‍ദ്ധ ഉണ്ടാക്കുവാനുമാണ് ഇവിടെ അത്തരക്കാര്‍ ശ്രമിക്കുന്നത്.
പോരെപൂരം. മുപ്പത്തിമുക്കോടി ദേവഗണങ്ങളെ ആരാധിക്കുന്ന ഒരു സമൂഹമാണ് നമ്മുടേത്. ഓരോ ദേവനും ഓരോ ആചാരങ്ങളും അനുഷ്ഠാനങ്ങളുമാണ്. ദൈവങ്ങളുമുണ്ട്. ഒരിടത്തുള്ളതല്ല മറ്റൊരിടത്ത്. ഈ വൈവിധ്യം അറിയാതെത്തുന്ന ആര്‍ക്കും ഈ വേവലാതി അനുഭവപ്പെടാം. ഭക്തന് മാത്രമേ അതിന്റെ വകതിരിവറിയൂ. വകതിരിവറിയാത്തവന് നട്ടംതിരിവാണ് ഫലം. മന്ത്രിയാണെങ്കിലും വകതിരിവ് വേണ്ടെ? സഖാക്കള്‍ മാത്രമുള്ള കാവിലെ ജാതിയും അയിത്തവും അറിയാതെ പ്രസ്താവനയുമായി ഇറങ്ങിയ പാര്‍ട്ടിക്കെങ്കിലും വകതിരിവില്ലാതെപോയല്ലോ എന്നോര്‍ത്ത് ദുഃഖിക്കുകയേ നിര്‍വാഹമുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: