ദില്ലി:ഒരു വലിയ ചതുരംഗക്കളത്തിന് അപ്പുറമിപ്പുറം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്ത്യയുടെ കൗമാര ചെസ് അത്ഭുതം പ്രജ്ഞാനന്ദയും. ഓര്‍മ്മയുണ്ടോ ഈ ഫോട്ടോ. ഫിഡെ ചെസ് ലോകകപ്പില്‍ വെള്ളി മെഡല്‍ സ്വന്തമാക്കി പ്രജ്ഞാനന്ദ ചരിത്രമെഴുതിയതിന് പിന്നാലെ പ്രധാനമന്ത്രി മോദിയുടെ ഔദ്യോഗിക വസതിയില്‍ കൂടിക്കാഴ്ച നടത്തിയപ്പോഴാണ് ഈ ഫോട്ടെ എടുത്തത്.
മോദിയുടെ ഔദ്യോഗിക വസതിയില്‍ ഒരുക്കിയതായിരുന്നു ഈ ചെസ് ബോര്‍ഡ്. ഈ പടുകൂറ്റന്‍ ചെസ് ബോര്‍ഡിന് അപ്പുറമിപ്പുറം നരേന്ദ്ര മോദിയും പ്രജ്ഞാനന്ദയും ഇരിയ്ക്കുന്ന ഈ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത് മോദിയാണ്. പ്രഗ്നാനന്ദയുടെ മാതാപിതാക്കളുമായി പ്രധാനമന്ത്രി സംസാരിക്കുന്ന ചിത്രങ്ങളും മെഡല്‍ നോക്കിക്കാണുന്ന ചിത്രങ്ങളും ഇതിനൊപ്പമുണ്ടായിരുന്നു.
‘പ്രജ്ഞാനന്ദയ്ക്കും അദേഹത്തിന്റെ കുടുംബത്തിനുമൊപ്പം, എപ്പോഴും ആവേശം നല്കുന്ന ചിത്രം’ എന്ന തലക്കെട്ടോടെയായിരുന്നു മോദി ഇത് ഇന്‍സ്റ്റയില്‍ പോസ്റ്റ് ചെയ്തത്. പ്രജ്ഞാനന്ദയെ അനുമോദിച്ചും അദേഹത്തെ തുണയ്ക്കുന്ന പ്രധാനമന്ത്രിയെ പ്രശംസിച്ചും ആയിരക്കണക്കിന് പേരാണ് ചിത്രത്തിന് താഴെ കമന്റുകള്‍ രേഖപ്പെടുത്തിയത്. 43 ലക്ഷത്തിലധികം പേർ ഈ ചിത്രം ലൈക്ക് ചെയ്തു.
നരേന്ദ്ര മോദിയുടേതായി അടുത്തിടെ ഇന്‍സ്റ്റയില്‍ ഏറ്റവും കൂടുതല്‍ പേർ ലൈക്ക് ചെയ്ത ചിത്രം ഇതാണ്. ചന്ദ്രയാന്‍- 3 ചന്ദ്രനില്‍ ഇറങ്ങിയപ്പോള്‍ ‘ഇന്ത്യ ഈസ് ഓണ്‍ ദി മൂണ്‍’ എന്ന തലക്കെട്ടോടെ മോദി പങ്കുവെച്ച വൈറല്‍ ചിത്രത്തിന് 42 ലക്ഷം പേരുടെ ലൈക്കേ ലഭിച്ചിരുന്നുള്ളൂ. ചന്ദ്രയാന്‍ സോഫ്റ്റ് ലാന്‍ഡിംഗിന്റെ ഗ്രാഫിക്സ് ചിത്രത്തിന് കിട്ടിയത് 40 ലക്ഷം പേരുടെ ലൈക്ക് മാത്രം. ലൈക്കിന്റെ കാര്യത്തില്‍ അങ്ങിനെ പ്രജ്ഞാനന്ദ-മോദി ചിത്രം റെക്കോഡിട്ടു.
രാജ്യത്തിന് വലിയ അഭിമാന നേട്ടങ്ങളാണ് ചെസില്‍ 18കാരന് ആർ പ്രജ്ഞാനന്ദ സമ്മാനിച്ചത്. ചെ സ് ലോകകപ്പില്‍ തലമുറകളുടെ ഫൈനല്‍ പോരാട്ടത്തില്‍ നോർവേ ഇതിഹാസം മാഗ്നസ് കാള്‍സണെ വിറപ്പിച്ച ശേഷമാണ് പ്രജ്ഞാനന്ദ ഫിഡെ ലോക ചെസ് മത്സരത്തില്‍ പൊരുതി കീഴടങ്ങിയത്. ആദ്യ രണ്ട് ക്ലാസിക് ഗെയിമുകളിലും ലോക ഒന്നാം നമ്പർ താരമായ കാള്‍സണെ സമനിലയില്‍ നിർത്തി വിറപ്പിച്ച പ്രഗ്നാനന്ദ ടൈബ്രേക്കറില്‍ പരാജയം സമ്മതിക്കുകയായിരുന്നു. ടൈബ്രേക്കറിലെ ആദ്യ ഗെയിം അവസാന മിനുറ്റുകളിലെ അതിവേഗ നീക്കങ്ങളില്‍ മാഗ്നസ് കാള്സണ് സ്വന്തമാക്കി. രണ്ടാം ഗെയിമില്‍ പ്രജ്ഞാനന്ദ സമനില വഴങ്ങിയതോടെ കാള്സണ് കിരീടം സ്വന്തമാക്കുകയായിരുന്നു. ഈ വെള്ളി നേട്ടത്തിന് പിന്നാലെയാണ് പ്രജ്ഞാനന്ദയും കുടുംബത്തേയും മോദി കണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: