ശനിയാഴ്ച ആരംഭിക്കുന്ന ഏഷ്യന്‍ ഗെയിംസ് വിശേഷങ്ങള്‍ ജന്മഭൂമിക്കു വേണ്ടി റിപ്പോര്‍ട്ട് ചെയ്യാന്‍, പ്രമുഖ സ്പോര്‍ട്സ് ലേഖകന്‍ സനില്‍ പി. തോമസ് ചൈനയിലെ ഹാങ്ചൊവിലെത്തി. 1996ലെ അറ്റ്ലാന്റ ഒളിംപിക്സും മൂന്ന് ഏഷ്യന്‍ ഗെയിംസുകളും (ഹിരോഷിമ-1994, ബാങ്കോക്ക്-1998, ജക്കാര്‍ത്ത-2018) റിപ്പോര്‍ട്ട് ചെയ്ത സനില്‍, ന്യൂദല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസ്, ന്യൂദല്‍ഹിയിലും പൂനെയിലും ഭുവനേശ്വറിലും ദോഹയിലും നടന്ന ഏഷ്യന്‍ അത്ലറ്റിക്സ് ചാംപ്യന്‍ഷിപ്, ഹൈദരാബാദ് പ്രീ ഒളിംപിക് ഫുട്ബോള്‍ തുടങ്ങിയ രാജ്യാന്തര കായികമേളകളും ഒട്ടേറെ ദേശീയ കായിക മത്സരങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കായിക കേരള ചരിത്രം ഉള്‍പ്പെടെ നാല്പതിലേറെ സ്പോര്‍ട്സ് ഗ്രന്ഥങ്ങള്‍ രചിച്ചു. സ്പോര്‍ട്സ് റിപ്പോര്‍ട്ടിങ്ങിനും സ്പോര്‍ട്സ് ഗ്രന്ഥരചനയ്ക്കുമായി പത്തോളം അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. കോട്ടയം കുടമാളൂര്‍ സ്വദേശി. സനിലിന്റെ റിപ്പോര്‍ട്ടുകള്‍ ഇന്നു മുതല്‍ സ്പോര്‍ട്സ് പേജില്‍.
സൗഹാര്‍ദത്തിന്റെ ഹാങ്ചോ
‘അതിരുകളില്ലാത്ത സൗഹൃദം’ ആയിരുന്നു 1998 ല്‍ ബാങ്കോക്ക് ഏഷ്യന്‍ ഗെയിംസിലെ ആപ്ത വാക്യം. കാല് നൂറ്റാണ്ടു കഴിയുമ്പോള്‍ ചൈനയിലെ ഹാങ്ചോവില്‍ ‘ഹൃദയത്തോടു ഹൃദയം, ഭാവിയിലേക്ക് ‘ എന്ന് ആപ്തവാക്യം മാറിയപ്പോള്‍ സൗഹൃദം അതിരുകളില്ലാതെയായി എന്നു മാത്രമല്ല, അതു ഹൃദയത്തില്‍ നിന്നുമായി. മൂന്നാം തവണ ഏഷ്യന്‍ ഗെയിംസിന് അരങ്ങൊരുക്കിയ ചൈന ഓരോ മിനിറ്റിലും ഓരോ വേദിയിലും ഓരോ ഇടപെടലിലും അത് അടിവരയിടുന്നു.
ആ അനുഭവ കഥ വിമാനത്താവളത്തില്‍ നിന്നു തുടങ്ങട്ടെ. 600ല്‍ അധികം യാത്രക്കാര്‍ കയറിയ വിമാനത്തില്‍ നിന്ന് എന്റേതൊഴികെ എല്ലാവരുടെയും ബാഗേജുകള്‍ എത്തി. കണ്‍വെയര്‍ ബെല്‍റ്റിന്റെ കറക്കം തീരുമ്പോള്‍ എന്റെ കാത്തുനില്പ് ഒരു മണിക്കൂര്‍ പിന്നിട്ടു. ഇനിയെന്തു ചെയ്യും? വിദേശയാത്രകളില്‍ ആദ്യ അനുഭവം. അതുവരെ എന്നെ ആശ്വസിപ്പിച്ച എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥയും അമ്പരന്നു. അപ്പുറത്തെ ബെല്‍റ്റില്‍ എങ്ങാനും മാറിക്കയറ്റിയോ എന്നു നോക്കാന്‍ തിരിഞ്ഞപ്പോള്‍ അല്പം അകലെ എന്റെ ബാഗേജ്. ആരോ അല്പ ദൂരം വലിച്ചു നീക്കിയതിന്റെ സൂചനയായി ഹാന്‍ഡില്‍ ഉയര്‍ന്നു നില്ക്കുന്നു. ബാഗ് മാറിയെടുത്തയാള്‍ അത് ബെല്‍റ്റില്‍ തിരിച്ചു വയ്ക്കേണ്ടതിനു പകരം അവിടെത്തന്നെ ഇട്ടിട്ടു പോയതാണ്.
എന്റെ ബാഗേജ് എന്നു ടിക്കറ്റ് നോക്കി ഉറപ്പു വരുത്തിയ ഉദ്യോഗസ്ഥ ‘ഹായ്’ എന്നുറക്കെ പറഞ്ഞ് മേലോട്ടൊരു ചാട്ടം. എന്നെക്കാള്‍ സന്തോഷം അവര്ക്കായിരുന്നെന്നു തോന്നി. അല്പദൂരം എന്റെ തോളില്‍ പിടിച്ചവര്‍ കൂടെ നടന്ന് ആശംസകള്‍ നേര്‍ന്നു യാത്രയാക്കി.
ഹൃദയംതൊട്ട അനുഭവങ്ങള്‍ തുടര്‍ക്കഥയാകുന്നു. ഭാഷയുടെ പരിമിതികള്‍ സ്നേഹവും സൗഹൃദവും പകര്‍ന്ന് അവര്‍ പരിഹരിക്കുന്നു. വോളന്റിയര്‍മാരായ സ്കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ മുതല്‍ യുവത്വം പിന്നിട്ടവര്‍ വരെ ഒരു പോലെ.മീഡിയ വില്ലേജിലെ മുറിയില്‍ നിന്ന് മെയ്ന്‍ പ്രസ്സ് സെന്ററിലേക്കുള്ള ബസ് തേടിയിറങ്ങിയപ്പോള്‍ ഒരു കുടയുമായി റിസപ്ഷനിലെ കൗമാരക്കാരന് എത്തി. ചാറ്റല്‍ മഴയേയുള്ളൂ തൊപ്പിയുണ്ടെന്നു പറഞ്ഞ് മുന്നോട്ടു നടന്നപ്പോള്‍ മഴ അല്പം കനത്തു. കുടയുമായി ഒരു പെണ്‍കുട്ടി ഓടിവന്നു. അടുത്ത പോയിന്റ് വരെ കൂടെ നടന്നു. മഴ നനയാത്തിടത്ത് എത്തിയപ്പോള്‍ കുട എനിക്കു തന്നു വിട്ട് അവള് അടുത്തയാളെ സഹായിക്കാന്‍ നീങ്ങി.
ഹിരോഷിമയ്ക്കുശേഷം ഇത്രയും സൗഹൃദമായ ഏഷ്യന്‍ ഗെയിംസ് അന്തരീക്ഷം ആദ്യ അനുഭവം. ഹാങ് ചോ വില്‍ സ്ഥലപരിമിതിയല്ല, സ്ഥലത്തിന്റെ അധിക്യമാണ് പ്രശ്നമായി തോന്നുന്നത്. അതു കൊണ്ട്എല്ലായിടത്തും കൂടുതല്‍ നടക്കേണ്ടി വരുന്നു.
സിംഗപ്പൂര്‍ ചാംഗി വിമാനത്താവളത്തില്‍ നിന്ന് ചൈനയിലേക്കുള്ള വിമാനം കാത്തിരിക്കുമ്പോള്‍ തന്നെ ഏഷ്യന്‍ ഗെയിംസിനു പോകുന്നവരെ തിരിച്ചറിയാം. ഒപ്പം ഏഷ്യന്‍ ഗെയിംസിനോയെന്നു തിരക്കി യാത്രികരുടെ ആരോഗ്യ വിവരങ്ങള്‍ രേഖപ്പെടുത്താനുള്ള ക്യൂ ആര്.കോഡ് കിട്ടിയോയെന്ന അന്വേഷണം.
എനിക്കൊപ്പം ഇന്ത്യയില്‍ നിന്നുളള സ്പോര്‍ട് ക്ളൈമ്പിങ് ടീം ഉണ്ടായിരുന്നു.
ഈ ഇനത്തില്‍ ജക്കാര്‍ത്തയില്‍ അരങ്ങേറിയ ഇന്ത്യന്‍ സംഘത്തിലെ മൂന്നുപേരില്‍ ഭരത് പെരേര മാത്രമാണ് ഇക്കുറി ടീമില്‍. പക്ഷേ, അദ്ദേഹം പിന്നീടാണ് എത്തുകയെന്ന് കോച്ച് ബി ബോസ് റോയ് പറഞ്ഞു. മൂന്നു പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ നവാഗതര്‍ ആണ് നേരത്തെ യാത്ര തിരിച്ചത്.
പുനെക്കാരി സാനിയ ഷെയ്ക്ക് എന്ന കൗമാരക്കാരി ‘സൈലന്റ് പേഷ്യന്‍സ്’ എന്ന പുസ്തകം വായിക്കുന്നു.
സ്പോട്ട് ക്ളൈമ്പിങ് ശാന്തമായ ഇനമാണ്. പക്ഷേ, ക്ഷമയ്ക്ക് സ്ഥാനമില്ല. കൃത്രിമ മതിലില്‍ 15 മീറ്റര്‍ അഞ്ചു സെക്കന്‍ഡിനുള്ളില്‍ കയറിയാലേ മെഡല്‍ ഉറപ്പിക്കാന്‍ കഴിയൂ.
വിമാനത്തില്‍ പരിചയപ്പെട്ട, ഇന്തൊനീഷ്യയില്‍ ബിസിനസ് ചെയ്യുന്ന ജുവാന്‍ എന്ന ചൈനക്കാരി പറയുന്നു ഹാങ്ചോ എന്നാണ് സ്ഥലപ്പേരെന്ന്. എന്നാല്‍ ഗെയിംസില്‍ വോളന്റിയര്‍ ആയ മലേഷ്യക്കാരി പറയുന്നത് ഹാങ് ജൗ എന്നാണ്. മലേഷ്യക്കാരി ബര്‍ണിസ് ഊര് ചൈന അക്കാദമി ഓഫ് ആര്‍ട്ടില്‍ വിദ്യാര്‍ഥിനിയാണ്. ഈ അക്കാദമിയില്‍ നിന്ന് അഞ്ചു പേര് കൂടിയുണ്ട് വോളന്റിയര്മാരായിട്ട്.
സിംഗപ്പൂര്‍ അത്ലറ്റിക് സംഘത്തില്‍ റഗ്ബി ടീമംഗങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ കരുത്തരുടെ സംഘമായി തോന്നും. 400ല്‍ അധികം പേര് സിംഗപ്പൂരിനെ പ്രതിനിധാനം ചെയ്യുമെന്ന് അവര്‍ പറഞ്ഞു.
ഹാങ്ചോ വിമാനത്താവളം മുതല്‍ ഏഷ്യന്‍ ഗെയിംസിന് എത്തിയവര്‍ക്ക് പ്രത്യേക ചാനലുണ്ടെങ്കിലും ആള്‍ത്തിരക്ക് കൂടുതലായതിന്റെ താമസം നേരിടുന്നു. പക്ഷേ, വോളന്റിയര്‍മാര്‍ ഭാഷയുടെ പരിമിതികള്‍ മറന്ന് തന്നെ സഹായിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: