ഇന്ത്യന്‍ സര്‍ക്കാര്‍ തലയ്‌ക്ക് 10 ലക്ഷം വിലയിട്ട ഖലിസ്ഥാന്‍ തീവ്രവാദി ഹര്‍ദീപ് സിങ്ങ് നിജ്ജറിന് പാശ്ചാത്യ മാധ്യമങ്ങളില്‍ രക്തസാക്ഷിയുടെ പരിവേഷം. ഖലിസ്ഥാന്‍ പ്രസ്ഥാനത്തിന് വേണ്ടി ശക്തമായി വാദിക്കുന്ന നേതാവാണ് ഹര്‍ദീപ് സിങ്ങ് നിജ്ജാറെന്നും 1990കളില്‍ അദ്ദേഹം കാനഡയിലേക്ക് കുടിയേറിയെന്നും ടൈം മാസിക എഴുതുന്നു.
സിഖ് സമുദായമെന്ന സവിശേഷ വംശീയ-മത സമുദായത്തിന് പ്രത്യേക ജന്മഭൂമി നല്‍കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമാണ് ഖലിസ്ഥാന്‍ പ്രസ്ഥാനമെന്നും പറയപ്പെടുന്നു. ഖലിസ്ഥാന്‍ വാദികളും ഇന്ത്യന്‍ സേനയും തമ്മില്‍ 1980കളിലും 90കളിലും ഏറ്റുമുട്ടിയപ്പോള്‍ പതിനായിരക്കണക്കിന് ഖലിസ്ഥാന്‍ വാദികള്‍ കൊല്ലപ്പെട്ടുവെന്നും ടൈം മാസിക എഴുതുന്നു.
എന്നാല്‍ ഇത് വിഘടനവാദമാണെന്നും ഖലിസ്ഥാനികള്‍ തീവ്രവാദികളാണെന്നും ഇന്ത്യയുടെ അഖണ്ഡതയ്‌ക്ക് എതിരായതിനാല്‍ ഇന്ത്യയുടെ ഭരണഘടനയ്‌ക്കെതിരാണ് ഖലിസ്ഥാന്‍ വാദമെന്നും മനസ്സിലാക്കാന്‍ ടൈം മാസികയോ റോയിട്ടേഴ്സോ തയ്യാറല്ല. നിജ്ജാര്‍ വെടിയേറ്റ് കൊല്ലപ്പെട്ടത് ഏതോ വലിയ ത്യാഗത്തിനന്റെ പേരിലാണെന്ന പരിവേഷമാണ് പാശ്ചാദ്യമാധ്യമങ്ങള്‍ സൃഷ്ടിക്കുന്നത്. അല്‍ജസീറയിലും ഖലിസ്ഥാന്‍ പ്രസ്ഥാനത്തെക്കുറിച്ച് വലിയ മതിപ്പോടെയാണ് എഴുതിയിരിക്കുന്നത്. സുവര്‍ണ്ണക്ഷേത്രത്തില്‍ ഇന്ത്യന്‍ പട്ടാളം നടത്തിയ ബ്ലൂസ്റ്റാര്‍ ഓപ്പറേഷനെ വിമര്‍ശിക്കാനും പാശ്ചാദ്യ മാധ്യമങ്ങള്‍ ധൈര്യം കാട്ടുന്നു. ഭിന്ദ്രന്‍ വാലയെന്ന സിഖ് ഭീകരനെ ഉന്മൂലനം ചെയ്ത സൈനിക നീക്കമായിരുന്നു ബ്ലൂസ്റ്റാര്‍ ഓപ്പറേഷന്‍.
ഖാലിസ്ഥാനികള്‍ മുഴുവന്‍ സിഖ് സമുദായത്തിന്റെയും പ്രതിനിധികളല്ലെന്ന കാര്യവും റോയിട്ടേഴ്സും ടൈം മാഗസിനും മറച്ചുപിടിക്കുന്നു. ഖാലിസ്ഥാന്‍ വാദികള്‍ ഇന്ത്യയില്‍ ചെറിയൊരു ന്യൂനപക്ഷം മാത്രമാണ്. ഇന്ത്യയില്‍ ഭരണത്തിലിരിക്കുന്ന ബിജെപി മാത്രമല്ല, കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി, തൃണമൂല്‍ കോണ്‍ഗ്രസ്, എന്‍സിപി, ഡിഎംകെ, എ ഐഎ ഡിഎംകെ തുടങ്ങി ഒരു പ്രതിപക്ഷപാര്‍ട്ടികളും ഖാലിസ്ഥാന്‍ വാദത്തെയോ ഖലിസ്ഥാന്‍ നേതാക്കളെയോ പിന്തുണയ്‌ക്കുന്നില്ലെന്ന കാര്യം പാശ്ചാത്യ മാധ്യമങ്ങളും കാനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും മറച്ചുപിടിക്കുന്നു.
ദേശീയ അന്വേഷണ ഏജന്‍സി 10 ലക്ഷം രൂപ വിലയിട്ട തീവ്രവാദിയായ ഹര്‍ദീപ് സിങ്ങ് നിജ്ജര്‍ ഖാലിസ്ഥാന്‍ ടൈഗര്‍ ഫോഴ്സ് എന്ന ഖലിസ്ഥാന്‍ സംഘടനയുടെ നേതാവായിരുന്നു. അദ്ദേഹം ഇന്ത്യയില്‍ ഖലിസ്ഥാന് അനുകൂലമായ ഹിതപരിശോധന നടത്താന്‍ ശ്രമിക്കുന്നതിനിടയിലായിരുന്നു കൊല്ലപ്പെട്ടത്. ഒരു ഹിന്ദു പുരോഹിതനെ വധിക്കാന്‍ ശ്രമം നടത്തിയതിന് പിന്നിലും നിജ്ജറിന്റെ കരങ്ങളുണ്ട്.
നിജ്ജറിന്റെ വധത്തിന് ട്രൂഡോ ഇന്ത്യന്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തുമ്പോള്‍ അതിന്റെ മറവില്‍ ഖലിസ്ഥാന്‍ വാദികള്‍ കാനഡയെ മറയാക്കി വളരും. ഇക്കാര്യമാണ് ഇന്ത്യയുടെ വിദേശകാര്യമന്ത്രാലയം ട്രൂഡോയുടെ മുന്‍പില്‍ ഉയര്‍ത്തിക്കാട്ടുന്നത്. .
പ്രതികരിക്കാൻ ഇവിടെ എഴുതുക: