ന്യൂദല്‍ഹി: കടുത്ത ഖലിസ്ഥാന്‍വാദിയും ഖലിസ്ഥാന്‍ സംഘടനകളെ അകമഴിഞ്ഞ് പിന്തുണയ്ക്കുകയും ചെയ്യുന്ന ജഗ്മീത് സിങ്ങ് ആണ് കാനഡയിലെ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയുടെ വാക്കുകളെ നിയന്ത്രിക്കുന്നത്. അവിടെ നിന്നുള്ള നിര്‍ബന്ധമാണ് ഒരു ഖലിസ്ഥാന്‍ തീവ്രവാദി വെടിയേറ്റ് കൊല്ലപ്പെട്ടതിന് ഇന്ത്യാ സര്‍ക്കാരിനെ കാനഡയിലെ പാര്‍ലമെന്റില്‍ രപരസ്യമായി കുറ്റപ്പെടുത്താന്‍ ട്രൂഡോയെ പ്രേരിപ്പിച്ചത്.
കാരണം 2025 വരെ കാനഡ ഭരിയ്ക്കണമെങ്കില്‍ ജഗ്മീത് സിങ്ങ് പറഞ്ഞത് അക്ഷരം പ്രതി ജസ്റ്റിന് ട്രൂഡോയ്ക്ക് അനുസരിച്ചേ മതിയാവൂ. 2021ലെ കാനഡ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വെറും 152 സീറ്റുകള്‍ മാത്രമാണ് ജസ്റ്റിന് ട്രൂഡോയുടെ പാര്‍ട്ടിക്ക് നേടാനായത്. 338 അംഗങ്ങളുള്ള കാനഡ പാര്‍ലമെന്റില്‍ കേവല ഭൂരിപക്ഷം കിട്ടാന്‍ 170 എംപിമാര്‍ വേണം. വീണ്ടും പ്രധാനമന്ത്രിയാകാന്‍ ജസ്റ്റിന് ട്രൂഡോയെ സഹായിച്ചത് ജഗ് മീത് സിങ്ങ് എന്ന സിഖ് നേതാവിന്റെ എന്‍ഡിപി എന്ന പാര്‍ട്ടിയാണ്. എന്‍ഡിപിയുടെ 25 എംപിമാരും ട്രൂഡോയെ പിന്തുണച്ചു. അതുകൊണ്ട് ജഗ് മീത് സിങ്ങ് പറഞ്ഞതെന്തും ട്രൂഡോ അനുസരിച്ചേ മതിയാവൂ. ആകെ 4 കോടി ജനസംഖ്യയുള്ള കാനഡയില്‍ സിഖുകാര്‍ മാത്രം 7.7 ലക്ഷമുണ്ട്. ഇത് കാനഡയിലെ ആകെ ജനസംഖയുടെ രണ്ട് ശതമാനം വരും. ഈ സിഖ് ജനത മുഴുവന്‍ പിന്തുണയ്ക്കുന്നത് ജസ് മീത് സിങ്ങിന്റെ എന്‍ഡിപിയെയാണ്. അങ്ങിനെയാണ് ജസ്മീത് സിങ്ങ് കാനഡയില്‍ കരുത്തനായത്.
ഇന്ത്യാ സര്‍ക്കാര്‍ സിഖുകാര്‍ക്കെതിരെ ഒരു പാട് ക്രൂരതകള്‍ ചെയ്തുവെന്ന് ജഗ് മീത് സിങ്ങ് വിശ്വസിക്കുന്നു. അദ്ദേഹത്തിന്റെ തണലിലാണ് സിഖ് ഫോര്‍ ജസ്റ്റിസ്, ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ് സ് തുടങ്ങിയ ഖലിസ്ഥാന്‍ തീവ്രവാദ പാര്‍ട്ടികള്‍ തഴച്ചു വളരുന്നത്. ട്രൂഡോ ജി20 സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യയില്‍ എത്തിയപ്പോള്‍ സിഖ് ഫോര്‍ ജസ്റ്റിസ് നേതാവ് ഗുര്‍പത് വന്ത് സിങ്ങ് പന്നു നരേന്ദ്രമോദി, അമിത് ഷാ എന്നിവര്‍ക്കെതിരെ വധഭീഷണി വരെ മുഴക്കിയിരുന്നു. ജി20യില്‍ ഖലിസ്ഥാന്‍ വാദികള്‍ക്കെതിരെ മോദി സംസാരിച്ചപ്പോള്‍ എല്ലാവര്ക്കും ആത്മപ്രകാശനത്തിനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് ജസ്റ്റിന് ട്രൂഡോയെക്കൊണ്ട് പറയിച്ചതും ജഗ്മീത് സിങ്ങ് ആണ്. 2015ല്‍ സന്‍ഫ്രാന്‍സിസ്കോയില്‍ നടന്ന ഖലിസ്ഥാന്‍ റാലിയില്‍ പങ്കെടുത്ത് സ്റ്റേജില്‍ പ്രസംഗിച്ച വ്യക്തിയാണ് ജഗ്മീത് സിങ്ങ്. അന്ന് സ്റ്റേജില്‍ ഖലിസ്ഥാന്‍ നേതാവ് കൊല്ലപ്പെട്ട ഭിന്ദ്രന്‍ വാലയുടെ ചിത്രവും ഉണ്ടായിരുന്നു. ഇന്ത്യാ ഗവണ്മെന്റ് ബ്ലു സ്റ്റാര്‍ ഓപ്പറേഷന് വഴി സിഖുകാരെ വംശഹത്യ ചെയ്തുവെന്നായിരുന്നു ജഗ് മിത് സിങ്ങിന്റെ അന്നത്തെ പ്രസംഗം.
ഖലിസ്ഥാന്‍ തീവ്രവാദിയായ ഹര്‍പ്രീത് സിങ്ങ് നിജ്ജര്‍ എന്ന ഖലിസ്ഥാന്‍ ഭീകരന്റെ തലയ്ക്ക് ഇന്ത്യ വിലയിട്ടത് 10 ലക്ഷം രൂപയാണ്. ഇന്ത്യ വേട്ടയാടിക്കൊണ്ടിരുന്ന ഈ ഭീകരന് അഭയമായത് ജഗ്മീത് സിങ്ങും കാനഡയും തന്നെ. കാനഡയിലെ സറിയിലെ ഗുരുനാനാക്ക് സിഖ് ഗുരുദ്വാരയിലെ മാനേജ് മെന്റിന് ഉള്ളിലുണ്ടായ ഗ്രൂപ്പ് തര്‍ക്കമാണ് ഖലിസ്ഥാന്‍ തീവ്രവാദിയായ ഹര്‍ദീപ് സിങ്ങ് നിജ്ജറിന്റെ കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് ഇന്ത്യയിലുള്ള എല്ലാവരും വിശ്വസിക്കുന്നത്. ആ കൊലപാതകമാണ് ഇന്ത്യാ സര്‍ക്കാരിന് മേല്‍ കെട്ടിവെയ്ക്കാന്‍ ജസ്റ്റിന് ട്രൂഡോ ശ്രമിക്കുന്നത്. അത് തെളിയിക്കാനുള്ള ഒരു തെളിവും കയ്യിലില്ലാതിരിക്കെയാണ് കാനഡയിലെ പാര്‍ലമെന്റില്‍ ജസ്റ്റിന് ട്രൂഡോ ഇന്ത്യ സര്‍ക്കാരിനെ കുറ്റപ്പെടുത്തിയത്. രഹസ്യമായി സംസാരിച്ച് തീര്‍ക്കേണ്ടതിന് പകരം പരസ്യവേദിയില്‍ ഇത്തരമൊരു ഗുരുതരമായ ആരോപണം ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രി ഒരിയ്ക്കലും ഉന്നയിക്കാന്‍ പാടുള്ളതല്ല. എന്തായാലും അതിന് പിന്നില്‍ ജഗ് മീത് സിങ്ങിന്റെ സമ്മര്‍ദ്ദം തന്നെയാണെന്നാണ് വിശ്വസിക്കേണ്ടത്.
ട്രൂഡോയുടെ ലിബറല്‍ പാര്‍ട്ടിയിലെ അംഗമായ ഹര്‍ജിത് സിങ്ങ് സജ്ജനാണ് 2021 വരെ കാനഡയുടെ പ്രതിരോധമന്ത്രിയായിരുന്നത്. ഇദ്ദേഹം ജഗ് മീത് സിങ്ങിന്റെ അടുത്ത കൂട്ടുകാരനും ഖലിസ്ഥാന്‍ വാദികളെ പിന്തുണയ്ക്കുന്നയാളുമാണ്. ഹര്‍പ്രീത് സിങ്ങ് നിജ്ജര്‍ എന്ന ഖലിസ്ഥാന്‍ തീവ്രവാദി ഭരിച്ച ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയില്‍ നിന്നുള്ള എംപി കൂടിയാണ് ഹര്‍ജിത് സിങ്ങ് സജ്ജന്‍. രഹസ്യാന്വേഷണ വിഭാഗത്തില്‍ ഏറെക്കാലം ജോലി ചെയ്തിരുന്ന വ്യക്തികൂടിയാണ് ഹര്‍ജിത് സിങ്ങ് സജ്ജന്‍. ഇന്ത്യയില്‍ നരേന്ദ്രമോദി സര്‍ക്കാരിനെതിരായി നടന്ന കര്‍ഷകസമരത്തിന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ച ആള് കൂടിയാണ് ഹര്‍ജിത് സിങ്ങ് സജ്ജന്‍. ഇവരെല്ലാം ട്രൂഡോയ്ക്ക് മേല്‍ ഇന്ത്യയ്ക്കെതിരായി പ്രസംഗിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയിരിക്കുമെന്ന് കരുതുന്നു.
നരേന്ദ്രമോദിയെ തീവ്രവാദിയായ ഹര്‍പ്രീത് സിങ്ങ് നിജ്ജറിന്റെ കൊലപാതകത്തിന് ഉത്തരവാദിയാക്കുമെന്നും കഴിഞ്ഞ ദിവസം ജഗ് മീത് സിങ്ങ് പ്രസംഗിച്ചിരുന്നു. ഇതിനര്‍ത്ഥം വ്യക്തമാണ്. ഒരു തീവ്രവാദിയുടെ കൊലപാതകത്തിന് ഇന്ത്യാ സര്‍ക്കാരിനെ മറ്റൊരു രാഷ്ട്രത്തലവനക്കൊണ്ട് കുറ്റപ്പെടുത്തി മോദിയുടെ പ്രതിച്ഛായ കളങ്കപ്പെടുത്താനുള്ള ശ്രമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: