കൊച്ചി: സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തികരമായ പോസ്റ്റുകളും പോസ്റ്ററുകളും ഇടുന്നവര്‍ക്ക് മതിയായ ശിക്ഷ ലഭിക്കുന്നില്ലെന്നും ഇതു നിയമനിര്‍മ്മാതാക്കള്‍ ഗൗരവത്തോടെ കാണണമെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.
ഓര്‍ത്തഡോക്സ് വിഭാഗത്തിലെ വൈദികര്‍ കോട്ടയത്തു നടത്തിയ നിരാഹാരസമരത്തിന്റെ ചിത്രം അപകീര്‍ത്തിപ്പെടുത്തുന്ന വിധം എഡിറ്റു ചെയ്തു ഫെയ്സ്ബുക്കില്‍ പ്രചരിപ്പിച്ചെന്നാരോപിച്ച് ഫാ. ഗീവര്‍ഗീസ് ജോണിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കിയാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന് ഇക്കാര്യം വ്യക്തമാക്കിയത്. നിരാഹാര സമരത്തില്‍ പങ്കെടുത്ത വൈദികര്‍ പിടിച്ചിരുന്ന ബാനറില്‍ ഫാ. ഗീവര്‍ഗീസ് എഡിറ്റിങ് നടത്തി സോഷ്യല്‍ മീഡിയില്‍ പോസ്റ്റ് ചെയ്തെന്ന മറ്റൊരു പുരോഹിതന്റെ പരാതിയില്‍ കേരള പോലീസ് ആക്ട് പ്രകാരമാണ് കേസെടുത്തത്.
പോലീസ് ആക്ടിലെ ആശയവിനിമയ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് ശല്യമുണ്ടാക്കല്‍ എന്ന കുറ്റം ഈ കേസില്‍ നിലനില്‍ക്കില്ലെന്നു സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി. കേസും നിലമ്പൂര്‍ കോടതിയിലെ തുടര്‍നടപടികളും റദ്ദാക്കി. ഹര്ജിക്കാരന് ഫെസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രം സോഷ്യല്‍ മീഡിയയില്‍ കറങ്ങി നടക്കുന്നുണ്ടെന്നു വിലയിരുത്തിയ സിംഗിള്‍ ബെഞ്ച് ഇത്തരം പോസ്റ്റുകള്‍ക്ക് മതിയായ ശിക്ഷ ഉറപ്പാക്കണമെന്നു ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: