ന്യൂദല്‍ഹി: ഉത്തര്‍പ്രദേശ്, ദല്‍ഹി, മണിപ്പൂര്‍ സംസ്ഥാനങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന അന്തര്‍സംസ്ഥാന നിയമവിരുദ്ധ മയക്കുമരുന്ന് സംഘത്തിലെ കണ്ണിയെ പിടികൂടി ദല്‍ഹി പൊലീസ് ക്രൈംബ്രാഞ്ചിന്റെ ആന്റി നാര്‍ക്കോട്ടിക് ടാസ്‌ക് ഫോഴ്‌സ് (എഎന്‍ടിഎഫ്).
ഉത്തര്‍പ്രദേശിലെ ബിലാസ്പൂരിലെ ബൈറാം നഗര്‍ സ്വദേശിയായ ജുബേര്‍ എന്നറിയപ്പെടുന്ന ജുനേദ് ഖാന്‍ എന്ന 31 കാരനാണ് അറസ്റ്റിലായത്. ഇയ്യാളുടെ കൈവശം 1.5 കോടിയിലധികം വിലമതിക്കുന്ന 1.541 കിലോഗ്രാം ഹെറോയിന്‍ പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു. ഗാസിപൂര്‍ ഷംഷാന്‍ ഘട്ടില്‍ നിന്നാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. കുറ്റകൃത്യം നടത്താന്‍ ഉപയോഗിച്ച വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഉത്തര്‍പ്രദേശിലെ ബറേലിയില്‍ നിന്നുള്ള മയക്കുമരുന്ന് വിതരണക്കാരനായ ജുബേര്‍ ദല്‍ഹിയിലേക്ക് വലിയ തോതിലുള്ള ഹെറോയിന്‍ എത്തിക്കുന്നുവെന്ന് സബ് ഇന്‍സ്‌പെക്ടര്‍ സുഖ്‌രാജിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് നടന്നത്.
ദ്രുതഗതിയില്‍ പ്രവര്‍ത്തിച്ച പോലീസ് നിര്‍ദ്ദിഷ്ട സ്ഥലത്ത് ഒരു കെണി ഒരുക്കുകയും ജുനേദ് ഖാനെ പിടികൂടുകയും ചെയ്തു. നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റാന്‍സസ് (എന്‍ഡിപിഎസ്) നിയമത്തിലെ സെക്ഷന്‍ 21/25 പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
ഉത്തര്‍പ്രദേശിലെ അലിഗഞ്ചില്‍ താമസിക്കുന്ന ഇസ്രത്ത് എന്ന വ്യക്തിയുമായുള്ള ബന്ധത്തെ തുടര്‍ന്നാണ് മയക്കുമരുന്ന് കടത്തിലേക്ക് തന്നെ എത്തിച്ചതെന്ന് പ്രതി പറഞ്ഞു. 2016 സമാനമായ രീതിയില്‍ ലഹരികടത്തുന്നുണ്ടെന്നും ഇയ്യാള്‍ പോലീസിനോട് പറഞ്ഞു.
ബറേലിയില്‍ ഹെറോയിന്‍ വിതരണത്തില്‍ ഏര്‍പ്പെട്ടിരുന്ന മണിപ്പൂരില്‍ നിന്നുള്ള മറ്റ് രണ്ട് വ്യക്തികളുമായി ഖാന്‍ ബന്ധം സ്ഥാപിച്ചുവെന്നും അവര്‍ മണിപ്പൂരിലേക്കും കള്ളക്കടത്ത് ആരംഭിച്ചുവെന്നും പ്രതി വ്യക്തമാക്കി.
ഇസ്രത്തിന്റെ നിര്‍ദേശപ്രകാരമാണ് ഖാന്‍ തന്റെ വാഹനത്തില്‍ ഹെറോയിന്‍ എത്തിക്കാന്‍ ദല്‍ഹിയിലേക്ക് എത്തിയത്. 12ാം ക്ലാസ് വരെ പഠിച്ച പ്രതി മുമ്പ് നിര്‍മ്മാണ തൊഴിലാളിയായി ജോലി ചെയ്തിരുന്നതായും, പെട്ടെന്നുള്ള സാമ്പത്തിക നേട്ടങ്ങളുടെ മോഹത്താലാണ് മയക്കുമരുന്ന് കടത്തിലേക്ക് തിരിഞ്ഞതെന്നും പോലീസ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: